Volodymyr Zelenskyy 
WORLD

'യുക്രെയ്ൻ ഭൂമി ആർക്കും വിട്ടുകൊടുക്കില്ല'; ട്രംപ്-പുടിൻ കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി സെലൻസ്‌കിയുടെ മുന്നറിയിപ്പ്

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിന് ഇരുരാജ്യങ്ങളും തമ്മിൽ ഒരു ഒരു അന്തിമ കരാറുണ്ടാക്കുമന്നും, ഇതിൽ പ്രവിശ്യകൈമാറ്റം ഉൾപ്പെട്ടേക്കാമെന്നും ട്രംപ് സൂചിപ്പിച്ചിരുന്നു

Author : ന്യൂസ് ഡെസ്ക്

കീവ്: അധിനിവേശക്കാർക്ക് യുക്രെയ്ൻ ഭൂമി വിട്ടുകൊടുക്കില്ലെന്ന് പ്രസിഡന്റ് വൊളോഡിമർ സെലൻസ്‌കി. യുക്രെയ്ൻ യുദ്ധത്തിൽ സമാധാന ചർച്ചകൾക്കായി റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമർ പുടിനുമായി ഡൊണാൾഡ് ട്രംപ് കൂടിക്കാഴ്ച നടത്താനിരിക്കെയാണ് യുക്രെയ്ൻ പ്രസിഡൻ്റിൻ്റെ പ്രതികരണം. ഓഗസ്റ്റ് 15ന് അലാസ്കയിൽ വെച്ചാണ് പുടിനുമായി ട്രംപ് കൂടിക്കാഴ്ച നടത്തുന്നത്. 2019-ന് ശേഷം ആദ്യമായാണ് ഇരു നേതാക്കളും മുഖാമുഖം ചർച്ചയ്ക്കൊരുങ്ങുന്നത്.

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിന് ഇരുരാജ്യങ്ങളും തമ്മിൽ ഒരു അന്തിമ കരാറുണ്ടാക്കുമെന്നും, ഇതിൽ പ്രവിശ്യകൈമാറ്റം ഉൾപ്പെട്ടേക്കാമെന്നും ട്രംപ് സൂചിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പ്രവിശ്യകൾ കൈമാറില്ലെന്ന് വ്യക്തമാക്കി വൊളോഡിമർ സെലൻസ്‌കി രം​ഗത്തെത്തിയത്.

സമാധാനം കൊണ്ടുവരാൻ കഴിയുന്ന യഥാർഥ പരിഹാരങ്ങൾക്ക് കീവ് തയ്യാറാണ്. എന്നാൽ യുക്രെയ്ൻ ഇല്ലാത്ത ഏതൊരു പരിഹാരവും സമാധാനത്തിന് എതിരായിരിക്കും. അതുകൊണ്ട് അവർക്ക് ഒന്നും നേടാനാവില്ല. യുക്രെയ്ൻ ഇല്ലാതെ യുദ്ധം അവസാനിപ്പിക്കാൻ കഴിയില്ലെന്നും യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമർ സെലൻസ്‌കി പറഞ്ഞു.

നാല് യുക്രെയ്ൻ പ്രവിശ്യകളാണ് പുടിൻ ആവശ്യപ്പെട്ടതെന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തത്. ലുഹാൻസ്ക്, ഡോണെറ്റ്സ്ക്, സപോറീഷ്യ, ഖേഴ്സൻ എന്നിവയ്ക്ക് പുറമേ 2014ൽ പിടിച്ചെടുത്ത ക്രിമിയയും ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.

സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യൽ വഴിയായിരുന്നു ഡൊണാൾഡ് ട്രംപിൻ്റെ പ്രഖ്യാപനം. "യുഎസ് പ്രസിഡന്റ് എന്ന നിലയിൽ ഞാനും, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിലുള്ള ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൂടിക്കാഴ്ച, അടുത്ത വെള്ളിയാഴ്ച, 2025 ഓഗസ്റ്റ് 15 ന്, ഗ്രേറ്റ് സ്റ്റേറ്റായ അലാസ്കയിൽ നടക്കും," ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചിരുന്നു.

SCROLL FOR NEXT