റഷ്യയിൽ നിന്ന് എണ്ണയും ആയുധങ്ങളും വാങ്ങുന്നതിന് ഇന്ത്യക്ക് പിഴച്ചുങ്കം ഏർപ്പെടുത്തിയ യുഎസ് നടപടിയെ പിന്തുണച്ച് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി. റഷ്യയുടെ ഇന്ധന വിൽപ്പന യുക്രെയ്നെതിരായ റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിന്‍റെ ആയുധമാണെന്ന് സെലെൻസ്കി അമേരിക്കൻ ടെലിവിഷൻ എബിസിയോട് പറഞ്ഞു. റഷ്യയുമായി വ്യാപാരം നടത്തുന്നവർക്കെതിരെ താരിഫ് ചുമത്തുന്നത് ശരിയായ ആശയമാണെന്നും സെലെൻസ്കി പറഞ്ഞു. ചൈനയിൽ നരേന്ദ്രമോദി റഷ്യൻ പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്തിയ കാര്യം ചൂണ്ടിക്കാട്ടിപ്പോഴായിരുന്നു സെലൻസ്കിയുടെ പ്രതികരണം.
റഷ്യയുമായി ഇടപാടുകൾ തുടരുന്ന രാജ്യങ്ങൾക്ക് മേൽ തീരുവ ചുമത്താനുള്ള ആശയം ശരിയാണ്. ട്രംപ് ഈ യുദ്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് കരുതുന്നതായും സെലെൻസ്കി പറഞ്ഞു. താരിഫുകളെക്കുറിച്ചും റഷ്യയുമായുള്ള ഇന്ത്യയുടെ എണ്ണ വ്യാപാരത്തെക്കുറിച്ചും ഇന്ത്യയും യുഎസും തമ്മിലുള്ള സംഘർഷങ്ങൾ തുടരുന്നതിനിടയിലാണ് സെലൻസ്കിയുടെ പ്രതികരണം.
റഷ്യയുടെ എണ്ണ വിൽപ്പനയിൽ നിന്നുള്ള വരുമാനം യുക്രെയ്നിലെ യുദ്ധത്തിന് ധനസഹായം നൽകുന്നുണ്ടെന്ന് യുഎസ് ആവർത്തിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. റഷ്യയ്ക്ക് മേല്‍ അധിക സാമ്പത്തിക സമ്മര്‍ദ്ദം ചെലുത്താന്‍ നേരത്തെ യൂറോപ്പിനോടും യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സന്റ് ആവശ്യപ്പെട്ടിരുന്നു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് മേല്‍ അധിക തീരുവ ചുമത്തിയാല്‍ അത് റഷ്യന്‍ സമ്പദ് വ്യവസ്തയെ ഒരു സമ്പൂര്‍ണ തകര്‍ച്ചയിലേക്ക് നയിക്കുമെന്നും അത് പുടിനെ സമാധാന ചര്‍ച്ചകള്‍ക്കായി എത്തിക്കുമെന്നുമാണ് ബെസ്സന്റ് പറയുന്നത്.
റഷ്യന്‍ എണ്ണ വാങ്ങുന്നതിനാല്‍ ഇന്ത്യക്കെതിരെ 50 ശതമാനമാണ് നികുതി ചുമത്തിയത്. എന്നാൽ സാമ്പത്തികവും വാണിജ്യപരവുമായ കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഇന്ത്യയുടെ എണ്ണ വാങ്ങൽ നടക്കുന്നതെന്നും അതിനാൽ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കിയിരുന്നു.