ലണ്ടൻ നഗരത്തിൽ നടന്ന കുടിയേറ്റ വിരുദ്ധരുടെ പ്രതിഷേധത്തിൽ പങ്കെടുത്തത് ലക്ഷക്കണക്കിന് പേർ. തീവ്ര വലതുപക്ഷ ആക്ടിവിസ്റ്റ് ടോമി റോബിൻസൺ നയിച്ച റാലിയിൽ സെൻട്രൽ ലണ്ടനിൽ 1,10,000 മുതൽ 1,50,000 വരെ ആളുകളാണ് ഒത്തുകൂടിയത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ ഉദ്യോഗസ്ഥർക്കെതിരെ ആക്രമണം നടത്തിയ 25ഓളം പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. യുകെയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വലതുപക്ഷ പ്രകടനത്തിലൊന്നായി സെൻട്രൽ ലണ്ടനിൽ നടന്ന കുടിയേറ്റവിരുദ്ധരുടെ പ്രതിഷേധം.
മെട്രോപൊളിറ്റൻ പൊലീസിൻ്റെ കണക്കനുസരിച്ച് 1,10,000 പേർ റാലിയിൽ പങ്കെടുത്തു. പ്രതിഷേധക്കാർ കുപ്പികളും, ജ്വാലകളും, മറ്റ് പ്രൊജക്‌ടൈലുകളും എറിഞ്ഞു. പ്രതിഷേധക്കാരെ നിരീക്ഷിക്കുന്നതിനും സ്ഥലത്ത് സുരക്ഷ ഉറപ്പാക്കുന്നതിനുമായി 1000 ഉദ്യോഗസ്ഥരെ വരെ സ്ഥലത്ത് നിയോഗിച്ചിരുന്നു. പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ പൊലീസ് നല്ല രീതിയിൽ പാടുപെട്ടു.
'യുണൈറ്റ് ദി കിംഗ്ഡം' എന്ന് പേരിട്ട കുടിയേറ്റ വിരുദ്ധ പ്രതിഷേധത്തിന് നേതൃത്വം നൽകിയത് 42കാരൻ ടോമി റോബിൻസണാണ്. അദ്ദേഹത്തിനെതിരെ നിരവധി കേസുകൾ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിന് ധാരാളം ഓൺലൈൻ അനുയായികളുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെ ആഘോഷമായിട്ടാണ് റോബിൻസൺ യുനൈറ്റഡ് കിങ്ഡം മാർച്ചിനെ വിശേഷിപ്പിച്ചത്.
അതേസമയം സ്റ്റാൻഡ് അപ്പ് ടു റേസിസം സംഘടിപ്പിച്ച മാർച്ച എഗെയിൻസ്റ്റ് ഫാസിസം എന്ന പ്രതിഷേധ പ്രകടനത്തിനും ലണ്ടൻ സാക്ഷിയായി. ഏകദേശം 5,000 പേരാണ് ഇതിൽ പങ്കെടുത്തത്.