WORLD

കലിയടങ്ങാതെ യുഎസ്; ഹോർമുസ് ലക്ഷ്യമിട്ട് ആക്രമണം, പ്രത്യാക്രമണവുമായി ഇറാൻ

ജോർദാനിലേക്കും, ഇറാഖിലേക്കും കുവൈറ്റിലേക്കും ബഹ്റൈനിലേക്കും ഇറാൻ പ്രത്യാക്രമണം നടത്തി

Author : ന്യൂസ് ഡെസ്ക്

ടെഹ്റാൻ: ഇറാനും യുഎസും തമ്മിൽ സംഘർഷം രൂക്ഷമായി തുടരുന്നു. ഹോർമൂസ് പരിസരവും തെക്കൻ ഇറാനും ലക്ഷ്യമിട്ട് യുഎസ് വ്യാപക ആക്രമണം നടത്തി. ഹോർമോസ്ഗാൻ പ്രവിശ്യയിലെ കുഹെസ്തക്കിൽ വിവാഹച്ചടങ്ങിലുണ്ടായ ആക്രമണത്തിൽ ഒരു കുട്ടിയടക്കം നാല് പേർ കൊല്ലപ്പെട്ടു. ജോർദാനിലേക്കും, ഇറാഖിലേക്കും കുവൈറ്റിലേക്കും ബഹ്റൈനിലേക്കും ഇറാൻ പ്രത്യാക്രമണം നടത്തി. ഇറാൻ ചർച്ചയ്ക്ക് തയ്യാറാകണമെന്ന് ഒരു നിർബന്ധവും ഇല്ലെന്ന് യുഎസ് പ്രസിഡന്‍റ് ട്രംപ് പറഞ്ഞു.

ഒരുമാസത്തെ ഇടവേളയ്ക്ക് ശേഷം സെപ്റ്റംബർ 1 പുലർച്ചെയോടെയാണ് യുഎസ് ഇറാനിലെ ഐആർജിസി സംവിധാനങ്ങൾ ലക്ഷ്യമിട്ട് വ്യാപക ആക്രമണം നടത്തിയത്. ഹോർമുസിന് സമീപമുള്ള റഡാർ സംവിധാനങ്ങൾ, നാവിക സേനാ സംവിധാനങ്ങൾ, മൈൻ സ്ഥാപിക്കുന്നതിനുള്ള സംവിധാനങ്ങൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു അമേരിക്കൻ ആക്രമണം. യുഎസ് ആക്രമണങ്ങൾക്ക് മറുപടിയായി ഇറാൻ ജോർദാനിലേക്ക് അടക്കം ആക്രമണം നടത്തി. ഇതിന് പ്രതികരണമായാണ് യുഎസ് ഹോർമൂസ് മേഖല ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. ഹോർമൂസ് കപ്പൽപ്പാതയിൽ മൈനുകൾ സ്ഥാപിക്കാനുള്ള ഇറാന്‍റെ ശ്രമങ്ങൾക്കുള്ല തിരിച്ചടിയെന്നാണ് ട്രംപ് യുഎസ് ആക്രമണത്തെ വിശേഷിപ്പിച്ചത്.

ബന്ദർ അബ്ബാസിലും ചബഹാറിലും കൊനാരക്കിലും ഖെഷം ദ്വീപിലും സിരിക്കിലും അടക്കം യുഎസ് ആക്രമണമുണ്ടായി. അസലൂയെ അടക്കമുള്ള സ്ഥലങ്ങളിലും സ്ഫോടനശബ്ദങ്ങൾ കേട്ടു. ഹോർമോസ്ഗൻ പ്രവിശ്യയിൽ സിരിക്കിനടുത്ത് കഹെസ്തക്കിൽ ഒരു വിവാഹച്ചടങ്ങിലേക്ക് മിസൈൽ ഷാർപ്നെൽ പതിച്ച് നാല് വയസുള്ള കുട്ടിയടക്കം നാല് പേർ കൊല്ലപ്പെട്ടതായി ഇറാനിയൻ റെഡ്ക്രെസെന്‍റിനെ ഉദ്ധരിച്ച് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയതു. സ്ത്രീകളും കുട്ടികളും അടക്കം 68 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വിവാഹച്ചടങ്ങിലെ ആക്രമണത്തെ ഇറാനിയൻ സ്പീക്കർ ഗാലിബാഫ് രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ഫെബ്രുവരിയിൽ മിനാബ് സ്കൂളിൽ നിരവധി കുട്ടികളുടെ ജീവനെടുത്ത യുഎസ് ആക്രമണത്തോടാണ് ഗാലീബാഫ് വിവാഹച്ചടങ്ങിലെ ആക്രമണത്തെ വിശേഷിപ്പിച്ചത്.

അഹ്വാസിനും അഗാജരിക്കും സമീപം ഖുസെസ്താൻ പ്രവിശ്യയിൽ യുഎസ് മിസൈലാക്രമണത്തിൽ 7 ഇറാനിയൻ സൈനികോദ്യോഗസ്ഥർ കൊല്ലപ്പെട്ടു. അതേസമയം ഇന്ന് ഇറാന്‍റെ ഐആർജിസി, ജോർദാനും ബഹ്റൈനും കുവൈറ്റും ഇറാഖും യുഎഇയും അടക്കമുള്ള രാജ്യങ്ങളിലെ യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തി. കുവൈറ്റിൽ ജനവാസമേഖലയിലെ അപ്പാർട്ട്മെന്‍റ് സമുച്ചയത്തിന് തീപിടിച്ചതായി റിപ്പോർട്ടുകളുണ്ട്. ജോർദാനിലെ ക്യാംപ് റ്റൈറ്റിൻ, ബഹ്റൈനിലെ ഷെയ്ഖ് ഈസ എയർബെയ്സ് , വടക്കൻ ഇറാഖിലെ എർബിലിലെ യുഎസ് സംവിധാനങ്ങൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു ഇറാനിയൻ ആക്രമണം. ഹോർമൂസ് കടക്കാൻ ശ്രമിച്ച രണ്ട് എണ്ണ ടാങ്കറുകൾ മൈനിൽ തട്ടി പൊട്ടിച്ചെറിച്ചതായി ഐആർജിസി അവകാശപ്പെട്ടു. ഇതിനിടെ മിഡിൽ ഈസ്റ്റിലെ യുഎസ് പൗരൻമാർക്ക് ദുബായിലെ കോൺസുലേറ്റ് ജെനറലും അബു ധാബിയിലെ യുഎസ് എംബസിയും സംഘർസാധ്യതാ മുന്നറിയിപ്പ് നൽകി.

SCROLL FOR NEXT