ഇറാനില്‍ സൈനിക നീക്കം ആരംഭിച്ച് യുഎസ്. മൂന്ന് ആണവ കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. സൈനിക നീക്കം വിജയകരമെന്ന് ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ട്രംപ് ഉച്ചയോടെ യുഎസ് ജനതയെ അഭിസംബോധന ചെയ്യും.
ഫോർദോ, നതാൻസ്, എസ്ഫഹാൻ എന്നിവിടങ്ങളിലെ ആണവ കേന്ദ്രങ്ങൾക്ക് നേരെയാണ് യുഎസ് ആക്രമണം നടന്നത്. ബി - 2 ബോംബർ വിമാനങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം. പസഫിക്കിലെ ഗുവാം ദ്വീപിൽ നിന്നായിരുന്നു യുഎസിന്റെ സൈനിക നീക്കം. ആക്രമണം പൂർത്തിയാക്കിയ യുദ്ധവിമാനങ്ങൾ ഇറാന്‍ വ്യോമാതിർത്തിവിട്ട് മടങ്ങിയെന്നും ഇനി സമാധാനത്തിനുള്ള സമയമെന്നും യുഎസ് പ്രസിഡന്റ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
"ഇറാനിലെ ഫോർദോ, നതാൻസ്, ഇസ്ഫഹാൻ എന്നിവയുൾപ്പെടെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ ഞങ്ങൾ വളരെ വിജയകരമായി ആക്രമണം പൂർത്തിയാക്കി. ഇപ്പോൾ എല്ലാ വിമാനങ്ങളും ഇറാന്റെ വ്യോമാതിർത്തിക്ക് പുറത്താണ്. പ്രൈമറി സൈറ്റായ ഫോർദോയിൽ ബോംബുകളുടെ ഒരു പൂർണ പേലോഡ് തന്നെ വർഷിച്ചു. എല്ലാ വിമാനങ്ങളും സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങുകയാണ്," ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
അതേസമയം, യുഎസ് കോണ്‍ഗ്രസിന്റെ അനുമതി തേടാതെയാണ് ട്രംപിന്റെ നീക്കം. യുഎസ് ഭരണഘടന പ്രകാരം യുദ്ധം പ്രഖ്യാപിക്കാനും സൈനിക പ്രവർത്തനങ്ങൾക്ക് അംഗീകാരം നൽകാനുമുള്ള അധികാരം കോണ്‍ഗ്രസിനാണ്. ഇത് മറികടന്നാണ് ഇറാനിലെ ട്രംപിന്റെ സൈനിക നീക്കം. ചെലവേറിയ വിദേശ സംഘർഷങ്ങളിൽ നിന്ന് യുഎസിനെ അകറ്റി നിർത്തുമെന്ന സ്വന്തം നയത്തില്‍ നിന്ന് തന്നെയുള്ള ട്രംപിന്റെ വ്യതിയാനമാണിത്. ഡൊണാള്‍ഡ് ട്രംപിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ഡെമോക്രാറ്റിക് പാർട്ടി ആരോപിച്ചു.