Source: X
WORLD

ഇറാൻ ടാങ്കറുകൾക്ക് നേരെ വീണ്ടും യുഎസ് ആക്രമണം; സ്നേഹ സ്പർശമെന്ന് ട്രംപ്

ഇറാൻ ഉടൻ കരാറിൽ ഒപ്പുവെച്ചില്ലെങ്കിൽ അവർക്ക് നേരെ കൂടുതൽ ശക്തമായ ആക്രമണമുണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി

Author : ന്യൂസ് ഡെസ്ക്

ടെഹ്‌റാൻ: വെടിനിർത്തൽ കരാർ വീണ്ടും ലംഘിച്ച് യുഎസും ഇറാനും. ഹോർമുസ് കടലിടുക്കിൽ രണ്ട് ഇറാനിയൻ കപ്പലുകൾക്ക് നേരെ യുഎസ് സൈന്യം ആക്രമണം ആരംഭിച്ചതായി ഇറാൻ ആരോപിച്ചു. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുമ്പോൾ മൂന്ന് യുഎസ് നാവിക കപ്പലുകളെ ലക്ഷ്യമാക്കിയ ഇറാനിയൻ ആക്രമണകാരികളെ അമേരിക്കൻ സൈന്യം തകർത്തുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഇറാൻ ഉടൻ കരാറിൽ ഒപ്പുവെച്ചില്ലെങ്കിൽ അവർക്ക് നേരെ കൂടുതൽ ശക്തമായ ആക്രമണമുണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

അതേസമയം, ജാസ്കിന് സമീപം ഇറാൻ തീരത്ത് നിന്നും ഹോർമുസിലേക്ക് പോകുകയായിരുന്ന ഒരു ഇറാനിയൻ എണ്ണ ടാങ്കറിനെയും എമിറാത്തി തുറമുഖമായ ഫുജൈറയ്ക്ക് സമീപം കടലിടുക്കിലേക്ക് പ്രവേശിച്ച മറ്റൊരു കപ്പലിനെയും യുഎസ് ലക്ഷ്യമിട്ടതായി ഇറാൻ ആരോപിച്ചു. രണ്ടു യുഎസ് ഡ്രോണുകൾ വെടിവെച്ചിട്ടതായും ഇറാൻ അവകാശവാദം ഉന്നയിച്ചു. കോപാകുലനായ സിംഹത്തെ കണ്ട് ചിരിക്കുകയാണെന്ന് തെറ്റിദ്ധരിക്കരുതെന്നും ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായീൽ ബഖായ് മുന്നറിയിപ്പ് നൽകി.

ഇറാന് നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിച്ചതായി യുഎസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ നടപടി. ആറ് ചെറിയ ഇറാനിയൻ കപ്പലുകൾ കൂടി യുഎസ് സേനയുടെ ആക്രമണത്തിൽ മുങ്ങിപ്പോയതായി യുഎസ് അവകാശ വാദം ഉന്നയിച്ചുവെങ്കിലും ഒരു കപ്പലും മുങ്ങിയിട്ടില്ലെന്ന് ഇറാൻ പ്രതികരിച്ചു.

SCROLL FOR NEXT