ക്രിമിനൽ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി കുടിയേറ്റം തടയുന്നതിനുള്ള വ്യാപകമായ ശ്രമങ്ങളുടെ ഭാഗമായി 2025-ൽ ഏകദേശം 8,000 വിദ്യാർഥികളുടേതുൾപ്പെടെ ഒരു ലക്ഷത്തിലധികം വിസകൾ യുഎസ് റദ്ദാക്കി.
അമേരിക്കയെ സുരക്ഷിതമായി നിലനിർത്താൻ ഈ കൊള്ളക്കാരെ നാടുകടത്തുന്നത് തുടരുമെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കി. ആക്രമണം, മോഷണം, മദ്യപിച്ച് വാഹനമോടിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ കുറ്റാരോപിതരായതോ ശിക്ഷിക്കപ്പെട്ടതോ ആയ ആയിരക്കണക്കിന് വിദേശ പൗരന്മാരുടെ വിസ ഇങ്ങനെ റദ്ദാക്കിയതായും പോസ്റ്റിൽ അറിയിച്ചിട്ടുണ്ട്. മുൻ പ്രസിഡൻ്റ് ജോ ബൈഡൻ ഭരണകൂടത്തിൻ്റെ അവസാന വർഷമായ 2024 ൽ റദ്ദാക്കിയ 40,000 വിസകളുടെ ഇരട്ടിയിലധികമാണ് ഇതെന്നും ഫോക്സ് ന്യൂസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
2025-ൽ വിസ റദ്ദാക്കിയവരിൽ ഭൂരിഭാഗവും കാലാവധി കഴിഞ്ഞും താമസിച്ച ബിസിനസ്, ടൂറിസ്റ്റ് യാത്രക്കാരുടേതായിരുന്നുവെങ്കിലും ക്രിമിനൽ കുറ്റങ്ങളുടെ പേരിൽ 8,000 വിദ്യാർഥികളുടെയും പ്രത്യേക വിസയിലുള്ള 2,500 വ്യക്തികളുടെയും വിസ റദ്ദാക്കിയിട്ടുള്ളതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. മയക്കുമരുന്ന് കൈവശം വച്ചതിനും വിതരണം ചെയ്തതിനും ഏകദേശം 500 വിദ്യാർഥികളുടെ വിസ റദ്ദാക്കിയതായും നൂറുകണക്കിന് വിദേശ തൊഴിലാളികൾ കുട്ടികളെ ദുരുപയോഗം ചെയ്തതു മൂലം വിസ നഷ്ടപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.
നിയമവിരുദ്ധവും നിയമപരവുമായ കുടിയേറ്റത്തിനെതിരെയുള്ള നടപടികളും ട്രംപ് ഭരണകൂടം ശക്തമാക്കിയിട്ടുണ്ട്. കൂടാതെ ജോലിക്കോ പഠനത്തിനോ വേണ്ടി യുഎസിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്കുള്ള നിയമങ്ങളും കർശനമാക്കിയിട്ടുണ്ട്.
യുഎസ് വിസ ഒരു അവകാശമല്ല, മറിച്ച് ഒരു പ്രത്യേക ആനുകൂല്യമാണെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമേ, ദേശീയ സുരക്ഷയ്‌ക്കോ പൊതു സുരക്ഷയ്‌ക്കോ ഭീഷണിയായേക്കാവുന്ന അപേക്ഷകരെ തിരിച്ചറിയാൻ സ്‌ക്രീനിങ്ങിലും പരിശോധനയിലും ലഭ്യമായ എല്ലാ വിവരങ്ങളും ഉപയോഗിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.