മാർക്കോ റുബിയോയും ഡൊണാൾഡ് ട്രംപും  Source: AP
WORLD

യുഎന്‍ അസംബ്ലിയില്‍ പങ്കെടുക്കുന്ന പലസ്തീന്‍ പ്രതിനിധി സംഘത്തിന് വിസ നിഷേധിച്ച് യുഎസ്

യുഎൻ അസംബ്ലിയിൽ പലസ്തീന്‍ നേതാക്കള്‍ സംസാരിക്കുന്നത് തടയുന്നതിന്റെ ഭാഗമാണ് വിസ നിഷേധിച്ചുകൊണ്ടുള്ള യുഎസിന്റെ നീക്കം.

Author : ന്യൂസ് ഡെസ്ക്

വൈറ്റ് ഹൗസ്: സെപ്തംബറില്‍ ന്യൂയോര്‍ക്കില്‍ വച്ച് നടക്കാനിരിക്കുന്ന യുഎന്‍ അസംബ്ലിയില്‍ പങ്കെടുക്കുന്ന പലസ്തീന്‍ അധികൃതര്‍ക്ക് വിസ നല്‍കില്ലെന്ന് ട്രംപ് ഭരണകൂടം. പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ അംഗങ്ങള്‍ക്കും, പലസ്തീനിയന്‍ അതോറിറ്റിക്കുമാണ് വിസ നിഷേധിക്കുമെന്നും നിലവിലുള്ള വിസ റദ്ദാക്കുമെന്നും യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ടമെന്റ് പ്രസ്താവനയിലൂടെ അറിയിച്ചത്.

ചുമതലകള്‍ നിര്‍വഹിക്കാതിരിക്കുന്നതിനാലും സമാധാനത്തിനായുള്ള ശ്രമങ്ങള്‍ ഇല്ലാതാക്കുന്നതിനാലും പിഎല്‍ഒ, പിഎ അംഗങ്ങളെ തടയേണ്ടത് തങ്ങളുടെ ദേശീയ സുരക്ഷയുടെ ഭാഗമാണ് എന്നും സ്റ്റേറ്റ് ഡിപാർട്ട്മെന്‍റ് പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു.

ഈ അംഗങ്ങള്‍ നിര്‍ബന്ധമായും ഭീകരവാദത്തെ നിരന്തരം എതിര്‍ക്കണമെന്നും ഒക്ടോബര്‍ ഏഴിലെ ഇസ്രയേല്‍ ആക്രമണത്തെ ചൂണ്ടിക്കാട്ടി പ്രസ്താവനയില്‍ പറയുന്നു. പലസ്തീനിനെ രാജ്യമായി പരിഗണിക്കുമെന്ന് ഫ്രാന്‍സ് പറഞ്ഞതിന് പിന്നാലെയാണ് യുഎസിന്റെ നടപടി. ഫ്രാന്‍സിന്റെ പ്രഖ്യാപനത്തിന് പിന്നാലെ യുഎസ് ഈ നീക്കത്തെ എതിര്‍ത്ത് ഇസ്രയേലിന് പൂര്‍ണ പിന്തുണ നല്‍കുകയും ചെയ്തിരുന്നു.

യുഎൻ അസംബ്ലിയിൽ പലസ്തീന്‍ നേതാക്കള്‍ സംസാരിക്കുന്നത് തടയുന്നതിന്റെ ഭാഗമാണ് വിസ നിഷേധിച്ചുകൊണ്ടുള്ള യുഎസിന്റെ നീക്കം. യുഎന്‍ അസംബ്ലിയിൽ പലസ്തീന്‍ എന്ന പൊതുരാഷ്ട്രത്തിനായി നേതാക്കള്‍ നിരന്തരം ആവശ്യമുന്നയിക്കാറുണ്ട്. യുദ്ധ പശ്ചാത്തലത്തിലും ഈ ആവശ്യം പലസ്തീന്‍ നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടാവുന്നത് തടയുക എന്നതാണ് യുഎസിന്റെ ലക്ഷ്യം.

നേരത്തെ യുഎസ് ഇറാനില്‍ നിന്ന് അടക്കമുള്ള ചില പ്രതിനിധികള്‍ക്ക് വിസ നിഷേധിച്ച സംഭവമുണ്ടായിരുന്നെങ്കിലും പലസ്തീനെ പ്രതിനിധീകിരച്ചെത്തുന്ന മുഴുവന്‍ സംഘത്തിനും ഒരുമിച്ച് വിസ നല്‍കാതിരിക്കുന്ന നടപടി ആദ്യമായാണ്.

SCROLL FOR NEXT