വാഷിങ്ടൺ: വിസയ്ക്ക് വേണ്ടി അപേക്ഷിക്കുന്ന വിദേശ പൗരന്മാർക്ക് പുതിയ നിയമങ്ങളുമായി യുഎസ്. പ്രമേഹം, പൊണ്ണത്തടി പോലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ വിദേശ പൗരന്മാർക്ക് യുഎസ് വിസ നിരസിക്കപ്പെട്ടേക്കാം. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റാണ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വിവിധ രാജ്യങ്ങളിലെ എംബസികള്‍ക്കും കോണ്‍സുലാര്‍ ഓഫീസുകള്‍ക്കും അയച്ചു.
ഇത്തരം പ്രശ്നങ്ങളുള്ള ആളുകൾ രാജ്യത്തിന് ഒരു ബുദ്ധിമുട്ടായി മാറുകയും യുഎസ് വിഭവങ്ങൾ നഷ്ടമാകുകയും ചെയ്തേക്കാമെന്ന കാരണങ്ങൾ മുൻനിർത്തിയാണ് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്. ഹൃദയ സംബന്ധമായ അസുഖങ്ങൾ, ശ്വസന സംബന്ധമായ അസുഖങ്ങൾ, കാൻസർ, പ്രമേഹം, ഉപാപചയ രോഗങ്ങൾ, നാഡീസംബന്ധമായ അസുഖങ്ങൾ, മാനസികാരോഗ്യ അവസ്ഥകൾ തുടങ്ങിയവ പരിശോധിക്കപ്പെടുമെന്നാണ് പുതിയ മാർഗനിർദേശങ്ങൾ പറയുന്നത്. അപേക്ഷകർക്ക് വൈദ്യ ചികിത്സയ്ക്കുള്ള പണം നൽകാൻ കഴിയുമോ എന്ന് വിലയിരുത്താൻ വിസ ഓഫീസർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
വിസ അനുവദിക്കുന്നതിന് മുമ്പുള്ള ആരോഗ്യ പരിശോധന വളരെക്കാലമായി നിലനില്‍ക്കുന്ന ഒരു മാനദണ്ഡമാണ്. വാക്സിനേഷൻ ചരിത്രം, പകർച്ചവ്യാധികൾ, മാനസികാരോഗ്യ അവസ്ഥകൾ എന്നിവ നേരത്തെയും മാനദണ്ഡമായിരുന്നു. അപേക്ഷന്റെ ആരോഗ്യ സംബന്ധമായ അപകട സാധ്യതകള്‍ അടിസ്ഥാനമാക്കി അപേക്ഷ നിരസിക്കാന്‍ കോണ്‍സുലര്‍ ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നതാണ് പുതിയ നിയമം.
വിദേശത്തു നിന്ന് യുഎസിലേക്കുള്ള കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ ഉത്തരവ്. വിദേശത്തു നിന്നുള്ള കുടിയേറ്റം പരമാവധി കുറയ്ക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കങ്ങള്‍.