Source: X
WORLD

"അവർക്ക് ഗുണകരം, ഞങ്ങൾക്ക് ഗുണമുണ്ടോ എന്നറിയില്ല"; വെനസ്വേല ഒപെകിൽ തുടരുന്നതിനെ പിന്തുണച്ച് ട്രംപ്

വെനസ്വേല എണ്ണ ഉത്പാദക രാജ്യങ്ങളുടെ സംഘടനയിൽ തുടരുന്നതിനെ യുഎസ് ഭരണകൂടം പിന്തുണയ്ക്കുന്നുണ്ടോ എന്ന ചോദ്യത്തിനായിരുന്നു ട്രംപിന്റെ മറുപടി

Author : ശാലിനി രഘുനന്ദനൻ

വാഷിങ്ടൺ: വെനസ്വേല എണ്ണ ഉത്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെകിൽ തുടരുന്നതിനെ പിന്തുണച്ച് അമേരിക്ക. ഒപെകിൽ തുടരുന്നത് വെനസ്വേലയ്ക്ക് ഗുണകരമാകുമെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. എന്നാൽ അത് അമേരിക്കയ്ക്ക് ഗുണം ചെയ്യുമോ എന്നതിൽ ഉറപ്പില്ലെന്നും ട്രംപ് പറഞ്ഞു. റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം.

"അവർ അത് ചെയ്യുന്നതാണ് അവർക്ക് നല്ലതെന്ന് ഞാൻ കരുതുന്നു, അത് ഞങ്ങൾക്ക് നല്ലതാണോയെന്ന് എനിക്കറിയില്ല. പക്ഷേ അവർ ഒപെക് അംഗമാണ്, അതുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയിട്ടില്ല," ട്രംപ് പറഞ്ഞു. വെനസ്വേല എണ്ണ ഉത്പാദക രാജ്യങ്ങളുടെ സംഘടനയിൽ തുടരുന്നതിനെ യുഎസ് ഭരണകൂടം പിന്തുണയ്ക്കുന്നുണ്ടോ എന്ന ചോദ്യത്തിനായിരുന്നു ട്രംപിന്റെ മറുപടി.

ഒപെകിന്റെ സ്ഥാപക അംഗമായിരുന്ന വെനസ്വേല ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ ശേഖര രാജ്യങ്ങളിൽ ഒന്നാണ്. എന്നാൽ സാമ്പത്തിക പ്രതിസന്ധിയും ഉപരോധങ്ങളും കാരണം സമീപ വർഷങ്ങളിൽ ഉത്പാദനം ഇടിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മയക്കുമരുന്ന് കടത്ത് ആരോപിച്ച് യുഎസ് വെനസ്വേലക്കെതിരെ സൈനിക നടപടി ആരംഭിച്ചതും പ്രസിഡന്റിന്റെ വസതി ആക്രമിച്ച് നിക്കോളാസ് മഡൂറോയെ തട്ടിക്കൊണ്ടുപോയതും.

SCROLL FOR NEXT