ഡൊണാൾഡ് ട്രംപ്, തുൾസി ഗബ്ബാഡ് Source; X / AP
WORLD

ഇറാന്‍ ആണവ പദ്ധതി ഉപേക്ഷിച്ചെന്ന പ്രസ്താവന; തുൾസി ഗബ്ബാഡിന് തെറ്റുപറ്റിയെന്ന് ട്രംപ്; മാധ്യമങ്ങളെ പഴിചാരി ഇന്റലിജൻസ് മേധാവി

ഇസ്രയേല്‍ ഇറാനെ ആക്രമിക്കുമ്പോള്‍, ഇറാന്‍ ആണവായുധം വികസിപ്പിക്കുന്നതില്‍ നിന്ന് ആഴ്ചകള്‍ മാത്രം അകലെയായിരുന്നു എന്നാണ് യുഎസ് പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ് പറഞ്ഞത്.

Author : ന്യൂസ് ഡെസ്ക്

ഇറാന്റെ ആണവായുധ പദ്ധതികളുമായി ബന്ധപ്പെട്ട നിലപാടിൽ ഇന്റലിജൻസ് മേധാവി തുൾസി ഗബ്ബാർഡിന് തെറ്റുപറ്റിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. 22 വർഷം മുന്‍പേ ഇറാന്‍ ആണവ പദ്ധതി ഉപേക്ഷിച്ചെന്ന തുൾസി ഗബ്ബാർഡിന്റെ മുൻ പ്രസ്താവനയെ തള്ളിയാണ് ട്രംപ് രംഗത്തെത്തിയത്. ഇക്കാര്യത്തിൽ ആശയക്കുഴപ്പമുണ്ടാക്കിയത് മാധ്യമങ്ങളാണെന്നാണ് തുൾസി ഗബ്ബാർഡിന്റെ വിശദീകരണം. ഇറാൻ ആണവായുധം വികസിപ്പിക്കുമെന്ന ഇന്റലിജൻസ് വിവരങ്ങൾ യുഎസിന്റെ പക്കലുണ്ടെന്നും ട്രംപിനെ അനുകൂലിച്ച് തുൾസി ഗബ്ബാർഡ് വ്യക്തമാക്കി.

ഇറാന് ആണവായുധം നിർമ്മിക്കാനുള്ള പദ്ധതിയില്ലെന്നും 22 വർഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഖമേനി ആണവപദ്ധതി ഉപേക്ഷിച്ചെന്നുമാണ് മാർച്ചില്‍ യുഎസ് നാഷണല്‍ ഇന്റലിജൻസ് ഡയറക്ടർ തുള്‍സി ഗബ്ബാഡ് യുഎസ് സെനറ്റ് ഇന്റലിജൻസ് കമ്മിറ്റി ഹിയറിംഗിൽ പറഞ്ഞത്. എന്നാല്‍ ഇസ്രയേല്‍ ഇറാനെ ആക്രമിക്കുമ്പോള്‍, ഇറാന്‍ ആണവായുധം വികസിപ്പിക്കുന്നതില്‍ നിന്ന് ആഴ്ചകള്‍ മാത്രം അകലെയായിരുന്നു എന്നാണ് യുഎസ് പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ് പറഞ്ഞത്. ട്രംപ് പലതവണ ഇത് ആവർത്തിക്കുകയും ചെയ്തു.

വെള്ളിയാഴ്ച, ഈ ഇന്റലിജൻസ് വെളിപ്പെടുത്തലിനെക്കുറിച്ച് ട്രംപിനോട് മാധ്യമങ്ങള്‍ ചോദിച്ചു. ആ റിപ്പോർട്ട് തെറ്റാണെന്നായിരുന്നു ട്രംപിന്റെ മറുപടി. ഗബ്ബാഡാണ് അങ്ങനെയൊരു വെളിപ്പെടുത്തല്‍ നടത്തിയതെന്ന് ഓർമ്മിപ്പിച്ച മാധ്യമങ്ങളോട് 'അവർക്ക് തെറ്റുപറ്റി' എന്നും ട്രംപ് പറഞ്ഞു. ഇതിനുമുന്‍പ് മാധ്യമങ്ങള്‍ ഇതേ ചോദ്യം ഉന്നയിച്ച മറ്റൊരു മാധ്യമസംഘത്തോട് 'ഗബ്ബാഡ് പറയുന്നത് കാര്യമാക്കുന്നില്ല' എന്നും ഇറാന്‍ ആണവായുധം വികസിപ്പിക്കുന്നതിനോട് അടുത്തുവെന്നാണ് വിശ്വസിക്കുന്നതെന്നുമാണ് ട്രംപ് പറഞ്ഞത്.

ട്രംപിന്റെ ഈ തള്ളിപ്പറച്ചലിന് മണിക്കൂറുകള്‍ക്ക് പിന്നാലെ, മാർച്ചിലെ ഹിയറിംഗിന്‍റെ വീഡിയോ ഗബാഡ് പങ്കുവെച്ചു. ഇറാൻ നിലവിൽ ആണവായുധം നിർമ്മിക്കുന്നില്ലെങ്കിലും, ആണവായുധമില്ലാത്ത ഒരു രാജ്യം കെെവശം വെയ്ക്കുന്നതിലും അഭൂതപൂർവ്വമായ അളവില്‍ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം ഇറാന്റെ പക്കലുണ്ടെന്ന് വീഡിയോയില്‍ പറയുന്നു.

ചില ഭാഗങ്ങള്‍ ഒഴിവാക്കിക്കൊണ്ട് തന്‍റെ വാക്കുകള്‍ വളച്ചൊടിച്ചെന്നാണ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് ആരോപിക്കുന്ന പോസ്റ്റില്‍, ഖമേനി അന്തിമ അംഗീകാരം നല്‍കിയാല്‍ ആഴ്ചകൾക്കോ ​​മാസങ്ങൾക്കോ ​​ഉള്ളിൽ ആണവായുധം വികസിപ്പിക്കാന്‍ ഇറാന് കഴിയുമെന്ന് തെളിക്കുന്ന ഇന്റലിജൻസ് വിവരങ്ങള്‍ യുഎസിന്റെ പക്കലുണ്ടെന്നും വിശദീകരിക്കുന്നു. ഇറാന്‍ വിഷയത്തില്‍ വൈറ്റ് ഹൗസിനകത്ത് ആശയക്കുഴപ്പങ്ങളുണ്ടെന്ന പ്രചരണത്തിനിടെയാണ് ട്രംപിന്റെ വാദങ്ങളെ പിന്തുണച്ച് തുൾസി ഗബ്ബാർഡും നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

SCROLL FOR NEXT