നരേന്ദ്ര മോദിയും ട്രംപും Source: X/ @sidhant
WORLD

"മുൻപത്തേതിൽ നിന്നും വ്യത്യസ്തമായിരിക്കും"; ഇന്ത്യ-യുഎസ് വ്യാപാര കരാർ ഉടനെന്ന് ട്രംപ്

ഇന്നലെ ഇന്ത്യയിലെത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ഇന്ത്യ-യുഎസ് വ്യാപാര കരാർ ഉടനെന്ന സൂചന നൽകിയിരുന്നു

Author : ന്യൂസ് ഡെസ്ക്

ന്യൂയോർക്ക്: ഇന്ത്യ-യുഎസ് വ്യാപാര കരാർ ഉടൻ ഉണ്ടാകുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. മുൻപുണ്ടായിരുന്ന കരാറുകളിൽ നിന്ന് വ്യത്യസ്തമായിരിക്കും പുതിയ കരാർ എന്നും ട്രംപ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ്, ഇന്ത്യയും യുഎസും തമ്മിലുള്ള കരാർ ഉടൻ എന്ന് ട്രംപ് വ്യക്തമാക്കിയത്.

ഇന്നലെ ഇന്ത്യയിലെത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ഇന്ത്യ-യുഎസ് വ്യാപാര കരാർ ഉടനെന്ന സൂചന നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ട്രംപിന്റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്. ഇരുരാജ്യങ്ങളും വ്യാപാര കരാറിൽ ഏറെ അടുത്തതായി ഇന്നലെ കേന്ദ്രമന്ത്രി എസ്. ജയശങ്കറുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം റൂബിയോയും പറഞ്ഞിരുന്നു.

വ്യാപാരം, ഊർജം, സാങ്കേതികവിദ്യ, പ്രതിരോധം തുടങ്ങിയ മേഖലകളിൽ ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് റൂബിയോ ചർച്ചകൾ നടത്തിയിരുന്നു. ഇന്ത്യയുമായുള്ള വ്യാപാര കരാറിനായി അന്തിമമാക്കാൻ വാഷിംഗ്ടൺ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അത് ഉടൻ ഉണ്ടാകുമെന്നും റൂബിയോ പറഞ്ഞു. കരാർ പൂർത്തിയാക്കാൻ ഇനി അധികം സമയമെടുക്കില്ലെന്ന ശുഭാപ്തിവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.

"ഈ കരാർ പൂർത്തിയാക്കുന്നതിലേക്ക് നമ്മൾ വളരെ അടുത്തെത്തിയിരിക്കുകയാണ്. മാസങ്ങളല്ല, ഏതാനും ആഴ്ചകൾക്കുള്ളിൽ കരാർ അന്തിമമാക്കാൻ കഴിയുമെന്നാണ് ഞാൻ കരുതുന്നത്. ഏകദേശം 99 ശതമാനം ജോലികളും പൂർത്തിയായിക്കഴിഞ്ഞു. എന്നാൽ, ഒരു കരാർ പൂർണമാകണമെങ്കിൽ ബാക്കിയുള്ള ഒരു ശതമാനം കാര്യങ്ങളും പൂർത്തിയാക്കേണ്ടതുണ്ട്. എന്നിരുന്നാലും, ഇപ്പോൾ മുന്നോട്ടുപോകുന്ന രീതിയിൽ എനിക്ക് വളരെ പ്രതീക്ഷയുണ്ട്," റൂബിയോ പറഞ്ഞു.

ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും യുഎസിൻ്റെ നടപടികളെക്കുറിച്ച് ഉയർന്നു വരുന്ന ആശങ്കകൾ കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള നിർണായക പ്രസ്താവനകളും മാർക്കോ റൂബിയ നടത്തിയിരുന്നു. ദി ഇന്ത്യൻ എക്സ്പ്രസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് റൂബിയോ ഇക്കാര്യം വ്യക്തമാക്കിയത്.

SCROLL FOR NEXT