നരേന്ദ്ര മോദിയും ട്രംപും Source: X/ @sidhant
WORLD

"ഇനിയൊരു ചർച്ചയ്ക്കില്ല"; തീരുവ തർക്കം പരിഹരിക്കും വരെ ഇന്ത്യയുമായി വ്യാപര ചർച്ചയ്ക്കില്ലെന്ന് യുഎസ്

നിലവിലെ പ്രശ്നങ്ങൾ അവസാനിക്കും വരെ കരാറിൽ തുടർചർച്ചകൾ വേണ്ടെന്നാണ് ട്രംപിൻ്റെ നിലപാട്

Author : ന്യൂസ് ഡെസ്ക്

വാഷിങ്‌ടൺ: തീരുവ തർക്കം പരിഹരിക്കുന്നതുവരെ ഇന്ത്യയുമായി ഒരു വ്യാപാര ചർച്ചയ്ക്കും ഇല്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിലവിലെ പ്രശ്നങ്ങൾ അവസാനിക്കും വരെ കരാറിൽ തുടർചർച്ചകൾ വേണ്ടെന്നാണ് ട്രംപിൻ്റെ നിലപാട്. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ട്രംപ് 25 ശതമാനം അധിക തീരുവ ഏർപ്പെടുത്തിയതിന് പിന്നാലെയാണ് യുഎസിൻ്റെ പുതിയ നീക്കം.

ഉയർന്ന തീരുവകൾ പ്രഖ്യാപിച്ചതിന് പിന്നാലെ കൂടുതൽ ചർച്ചകൾ പ്രതീക്ഷിക്കുന്നുണ്ടോ എന്ന ചോദ്യം ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകർ ഉന്നയിച്ചതോടെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നതുവരെ ചർച്ചകൾ ഉണ്ടാകില്ലെന്ന് ട്രംപ് പറഞ്ഞു. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി തുടർന്നതിന് പിന്നാലെയായിരുന്നു ഇന്ത്യക്ക് നേരെയുള്ള ട്രംപിൻ്റെ അധിക തീരുവ പ്രഹരം. നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ച 25 ശ​ത​മാ​നം പ​ക​ര​ച്ചു​ങ്ക​ത്തി​നു പു​റ​മേ, റ​ഷ്യ​ൻ എ​ണ്ണ വാ​ങ്ങു​ന്ന​തി​നു പി​ഴ​യാ​യി 25 ശ​ത​മാ​നം കൂടി അ​ധി​ക തീ​രു​വ ചു​മ​ത്തു​ന്ന ഉ​ത്ത​ര​വി​ൽ ട്രം​പ് ഒ​പ്പു​വെക്കുകയായിരുന്നു.

അതേസമയം ഇന്ത്യക്ക് മേൽ യുഎസ് ചുമത്തിയ 50 ശതമാനം തീരുവ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. യുഎസിൽ ഇന്ത്യൻ ഉൽപന്നങ്ങളുടെ വില വർധിക്കുന്നതോടെ, ക്രമേണ കയറ്റുമതി കുറയുമെന്നുമാണ് വിദഗ്ധരുടെ നിരീക്ഷണം.

റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി തുടർന്നതിന് പിന്നാലെ അധിക നികുതി ചുമത്തിയ യുഎസ് പ്രഹരത്തിൽ നിന്ന് ഇന്ത്യയ്ക്ക് അത്രപെട്ടന്ന് കരകയറാനികില്ല. രാജ്യത്തിൻ്റെ വിവിധ വ്യവസായ മേഖലകളെയാണ് നടപടി പ്രതികൂലമായി ബാധിക്കുക. ജൈവ രാസവസ്തുക്കൾ, വസ്ത്രങ്ങൾ, കാർപെറ്റുകൾ, മേക്കപ്പ് വസ്തുക്കൾ, വജ്രം, സ്വർണം, മെക്കാനിക്കൽ ഉപകരണങ്ങൾ എന്നിവയ്ക്കെല്ലാം വില വർധിക്കും. ഇന്ത്യയിൽ നിന്ന് വസ്തങ്ങൾ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്നത് യുഎസിലേക്കാണ്. ഇത് വസ്ത്രവ്യാപാര മേഖലയ്ക്ക് വലിയ തിരിച്ചടിയാണുണ്ടാക്കുക. സമുദ്രോൽപ്പന്ന കയറ്റുമതി വ്യവസായവും പ്രതിസന്ധിയിലാകും.

SCROLL FOR NEXT