പുതിയ വ്യാപാര തീരുവ പ്രഖ്യാപനവുമായി ട്രംപ്  Source: x/ The White House
WORLD

ബ്രസീലിന് 50% തീരുവ; പുതിയ വ്യാപാര തീരുവ പ്രഖ്യാപനവുമായി ട്രംപ്

"അവരുടെ ഉൽപ്പന്നങ്ങൾക്ക് പുതിയ താരിഫുകൾ ഏർപ്പെടുത്തി, ഓഗസ്റ്റ് 1 മുതൽ ഇത് പ്രാബല്യത്തിൽ വരും", ട്രംപ് വ്യക്തമാക്കി.

Author : ന്യൂസ് ഡെസ്ക്

പുതിയ വ്യാപാര തീരുവ പ്രഖ്യാപനവുമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ബ്രസീലിൽ നിർമിച്ച ഉൽപ്പന്നങ്ങൾക്ക് 50% നികുതി ഏർപ്പെടുത്താൻ പദ്ധതിയിടുന്നതായി ഡൊണാൾഡ് ട്രംപ് അറിയിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച തൻ്റെ ഏറ്റവും പുതിയ താരിഫ് ലെറ്റർ വഴിയാണ് ട്രംപ് ഈ വിവരം പുറത്തുവിട്ടത്.

ബ്രസീലിന് പുറമേ ജപ്പാൻ, ദക്ഷിണ കൊറിയ, ശ്രീലങ്ക തുടങ്ങിയ വ്യാപാര പങ്കാളികൾ ഉൾപ്പെടെ ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്ക് ഈ ആഴ്ച 22 കത്തുകൾ ട്രംപ് പോസ്റ്റ് ചെയ്തിട്ടുണ്ട്. "അവരുടെ ഉൽപ്പന്നങ്ങൾക്ക് പുതിയ താരിഫുകൾ ഏർപ്പെടുത്തി, ഓഗസ്റ്റ് 1 മുതൽ ഇത് പ്രാബല്യത്തിൽ വരും", ട്രംപ് വ്യക്തമാക്കി.

ബ്രസീലിൻ്റെ മുൻ പ്രസിഡൻ്റ് ജെയർ ബോൾസോനാരോയ്‌ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന നിയമനടപടികൾക്കുള്ള പ്രതികാരമാണ് പുതിയ വ്യാപാര തീരുവ പ്രഖ്യാപനമെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്.

ഈ ആഴ്ച ആദ്യം പ്രഖ്യാപിച്ച ചെമ്പ് ഇറക്കുമതിക്ക് 50% തീരുവ ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ട്രംപ് പറഞ്ഞു. ദേശീയ സുരക്ഷാ ആശങ്കകൾ മൂലമാണ് തീരുമാനമെടുത്തതെന്ന് അദ്ദേഹം സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു. ബ്രസീലിൻ്റെ ഡിജിറ്റൽ വ്യാപാര രീതികളെക്കുറിച്ച് 301 എന്ന് വിളിക്കപ്പെടുന്ന ഒരു അന്വേഷണം ആരംഭിക്കാൻ യുഎസ് വ്യാപാര പ്രതിനിധിയോട് ഉത്തരവിടുമെന്നും ട്രംപ് അറിയിച്ചു.

വികസ്വര രാജ്യങ്ങൾ പങ്കെടുത്ത റിയോ ഡി ജനീറോയിൽ വെച്ച് നടന്ന ബ്രിക്സ് ഉച്ചകോടിയെയും ട്രംപ് വിമർശിച്ചു. ബ്രസീൽ ഉൾപ്പെടുന്ന ഗ്രൂപ്പിനെ "യുഎസ് വിരുദ്ധർ" എന്ന് വിളിച്ച ട്രംപ്, ആ രാജ്യങ്ങൾക്ക് 10% അധിക തീരുവ ഈടാക്കുമെന്നും പറഞ്ഞു.

"ലോകം മാറിയെന്ന് അയാൾ അറിയണം. നമുക്ക് ഒരു ചക്രവർത്തിയെ വേണ്ട" എന്നായിരുന്നു ട്രംപിൻ്റെ സോഷ്യൽ മീഡിയ ഭീഷണികൾക്കെതിരെ ബ്രസീൽ പ്രസിഡൻ്റ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവയുടെ പ്രതികരണം.

SCROLL FOR NEXT