WORLD

'2028 ലും ഞാന്‍ തന്നെ'; ചര്‍ച്ചയായി ട്രംപിന്റെ പുതിയ എഐ ചിത്രം

യുഎസ് ഭരണഘടനയുടെ 22-ാം ഭേദഗതി അനുസരിച്ച് ഒരാള്‍ക്ക് രണ്ട് തവണ മാത്രമേ പ്രസിഡന്റാകാന്‍ കഴിയുകയുള്ളൂ

Author : ന്യൂസ് ഡെസ്ക്

തന്റെ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോം ആയ ട്രൂത്ത് പോസ്റ്റില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കുവെച്ച പോസ്റ്റിനെ കുറിച്ചാണ് പുതിയ ചര്‍ച്ചകള്‍. സ്വന്തം എഐ ചിത്രമാണ് ട്രംപ് പങ്കുവെച്ചത്. അതില്‍ എഴുതിയ വാക്കുകളാണ് ചര്‍ച്ചയ്ക്ക് കാരണം.

തന്റെ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍സും സ്വന്തം പേരും കൂട്ടിച്ചേര്‍ത്ത് 'ട്രംപ്ലിക്കന്‍സ്' എന്ന കുറിപ്പോടെ പങ്കുവെച്ച എഐ ചിത്രത്തില്‍ എഴുതിയിരിക്കുന്നത് 'TRUMP 2028, YES!' എന്നാണ്. 2028 ലും താന്‍ തന്നെ പ്രസിഡന്റാകും എന്ന സൂചനയാണ് ട്രംപ് നല്‍കിയിരിക്കുന്നത്.

പ്രസിഡന്റുമാരുടെ കാലാവധി രണ്ട് തവണകളായി പരിമിതപ്പെടുത്തുന്ന 22-ാം ഭേദഗതിയെക്കുറിച്ചും, ആ പരിധിക്കപ്പുറം ട്രംപ് തന്റെ ഭാവി കാണുന്നോ എന്ന് സൂചിപ്പിക്കുന്നതാണോ ഈ ചിത്രമെന്നാണ് ചര്‍ച്ച.

അമേരിക്കന്‍ പ്രസിഡന്റായി രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ട് പത്ത് മാസം പിന്നിടുമ്പോഴാണ് മൂന്നാം തവണയും താന്‍ തന്നെ എന്ന് സൂചിപ്പിക്കുന്ന ട്രംപിന്റെ പോസ്റ്റ് വരുന്നത്. നേരത്തേയും ഇത്തരത്തിലുള്ള ചിത്രങ്ങള്‍ ട്രംപ് പോസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ ഡെമോക്രാറ്റിക് നേതാക്കളായ ഹക്കീം ജെഫ്രീസ്, ചക്ക് ഷൂമര്‍ എന്നിവരുമായുള്ള ഓവല്‍ ഓഫീസ് മീറ്റിംഗിനിടെ തന്റെ മേശപ്പുറത്ത് വച്ചിരുന്ന 'ട്രംപ് 2028' തൊപ്പികളുടെ ചിത്രങ്ങള്‍ ട്രംപ് പോസ്റ്റ് ചെയ്തു.

യുഎസ് ഭരണഘടനയുടെ 22-ാം ഭേദഗതി അനുസരിച്ച് ഒരാള്‍ക്ക് രണ്ട് തവണ മാത്രമേ പ്രസിഡന്റാകാന്‍ കഴിയുകയുള്ളൂ. തുടര്‍ച്ചയായ കാലാവധിയാണോ അല്ലയോ എന്നത് ഈ നിയമത്തിന് ബാധകമല്ല.

ഭരണഘടനാപരമായി വിലക്കുണ്ടെങ്കിലും, ട്രംപിന്റെ ചില അനുയായികളും രാഷ്ട്രീയ നിരീക്ഷകരും ഈ വിലക്കുകളെ മറികടക്കാന്‍ ശ്രമിച്ചേക്കാം എന്ന തരത്തിലുള്ള വാദങ്ങള്‍ ഇടയ്ക്കിടെ ഉന്നയിക്കാറുണ്ട്.

SCROLL FOR NEXT