വാഷിങ്ടണ്‍: യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമർ സെലന്‍സ്കിയെ കാണാന്‍ തയ്യാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമർ പുടിന്‍ അറിയിച്ചതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. യുഎസ് വിദേശകാര്യ സെക്രട്ടറിയാണ് ഡൊണാള്‍ഡ് ട്രംപിനോട് ഇക്കാര്യം അറിയിച്ചത്. മൂന്ന് വർഷത്തെ യുദ്ധത്തിന് ശേഷം സെലന്‍സ്കിയെ കാണാന്‍ പുടിന്‍ തയ്യാറാകുന്നത് 'വലിയ കാര്യമാണ്' എന്ന് റൂബിയോ എടുത്തുപറഞ്ഞു.
"സെലന്‍സ്കിയെ കാണും എന്ന് പുടിന്‍ പറയുന്നത് തീർച്ചയായും വലിയ കാര്യമാണ്. അവർ ആ മുറി വിട്ട് പുറത്തിറങ്ങുന്നത് നല്ല സുഹൃത്തുക്കളായിട്ടായിരിക്കും എന്ന് ഞാന്‍ പറയുന്നില്ല. ഒരു സമാധാന കരാറോടെ അവർ ആ മുറി വിടുമെന്നും ഞാൻ പറയുന്നില്ല. പക്ഷേ, ആളുകൾ ഇപ്പോൾ പരസ്പരം സംസാരിക്കുന്നുണ്ടെന്നതാണ് വസ്തുത. മൂന്നര വർഷമായി അത് നടന്നിരുന്നില്ല," മാർക്കോ റൂബിയോ ഫോക്സ് ന്യൂസിനോട് പറഞ്ഞു.
പുടിനും സെലൻസ്‌കിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കായി പ്രവർത്തിക്കുകയാണെന്നും അവ പ്രാവർത്തികമായാല്‍ ട്രംപുമായി ഒരു ത്രികക്ഷി കൂടിക്കാഴ്ച ഉണ്ടാകുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു. ഇരു കക്ഷികളും വിട്ടുവീഴ്ച ചെയ്യേണ്ടതുണ്ടെന്ന് റൂബിയോ കൂട്ടിച്ചേർത്തു.
റഷ്യ-യുക്രെയ്ൻ വെടിനിർത്തലില്‍ ധാരണയാകാതെയാണ് തിങ്കളാഴ്ച നടന്ന ട്രംപ്-സെലൻസ്കി കൂടിക്കാഴ്ച അവസാനിച്ചത്. വൈറ്റ് ഹൗസിൽ നടന്ന ചർച്ച ഫലപ്രദമാണെന്നാണ് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടത്. സെലൻസ്കിയും പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ക്രമീകരണം ഒരുക്കുമെന്ന് ട്രംപ് അറിയിച്ചിരുന്നു. യുഎസ്-റഷ്യ-യുക്രെയ്ൻ ത്രികക്ഷി ചർച്ച നടത്താനും ഉച്ചകോടിയിൽ തീരുമാനമായി. സമാധാന ഉടമ്പടി സാധ്യമാണോ അല്ലയോ എന്ന് രണ്ടാഴ്ചക്കുള്ളിൽ അറിയാമെന്നാണ് ട്രംപ് അറിയിച്ചത്. അലാസ്കയിൽ നടന്ന പുടിൻ – ട്രംപ് കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് വൈറ്റ് ഹൗസിൽ സെലൻസ്കിയുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയത്.