മാർക്കോ റൂബിയോ യുഎസ് സ്റ്റേറ്റ് സെക്രട്ടറി Source: x/ @SecRubio
WORLD

യുദ്ധം അവസാനിച്ചിട്ടില്ല, ബന്ദികളുടെ മോചനത്തിന് മുൻഗണന: യുഎസ് സ്റ്റേറ്റ് സെക്രട്ടറി

ഗാസ-ഇസ്രയേൽ യുദ്ധം പരിഹരിക്കുക എന്നത് ബുദ്ധിമുട്ട് ആണെങ്കിലും, അത് ഏറെ നിർണായകമായ ഒന്നാണ് എന്നും മാർക്കോ റൂബിയോ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

വാഷിംഗ്ടൺ സിറ്റി: ഗാസയിലെ യുദ്ധം "ഇതുവരെ" അവസാനിച്ചിട്ടില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഹമാസ് ബന്ദികളെ മോചിപ്പിക്കുന്നതാണ് ആദ്യഘട്ടം. അതിന് ശേഷം സംഭവിക്കുന്ന കാര്യങ്ങളെപ്പറ്റി വിശദമായ ചർച്ചകൾ നടത്തേണ്ടിവരുമെന്നും മാർക്കോ റൂബിയോ വ്യക്തമാക്കി.

യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നിർദേശവും ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള ഘട്ടങ്ങളും ഹമാസ് അടിസ്ഥാനപരമായി അംഗീകരിച്ചുവെന്നും അത് ഏകോപിപ്പിക്കുന്നതിനുള്ള യോഗങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും റൂബിയോ സിബിഎസ് ന്യൂസിനോട് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

ഗാസ-ഇസ്രയേൽ യുദ്ധം പരിഹരിക്കുക എന്നത് ബുദ്ധിമുട്ട് ആണെങ്കിലും, അത് ഏറെ നിർണായകമായ ഒന്നാണ് എന്നും, അത് പൂർത്തിയാകാതെ ശ്വാശ്വതമായ സമാധാനം ലഭിക്കില്ലെന്നും റൂബിയോ കൂട്ടിച്ചേർത്തു. യുദ്ധം അവസാനിപ്പിക്കാനുള്ള കരാർ 90% പൂർത്തിയായിട്ടുണ്ട്. രണ്ട് വർഷമായി തുടരുന്ന ഗാസ-ഇസ്രയേൽ യുദ്ധം അവസാനിപ്പിക്കണമെന്ന കാര്യം ഹമാസ് തത്ത്വത്തിൽ അംഗീകരിച്ചിട്ടുണ്ടെന്നും റൂബിയോ അറിയിച്ചു.

ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമത്തിനിടെ ആക്രമണങ്ങൾ ഉണ്ടാകാൻ പാടില്ല. ആയതിനാൽ ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റൂബിയോ പറഞ്ഞു. അതേസമയം, ഗാസയുടെ അധികാരവും നിയന്ത്രണവും ഉപേക്ഷിക്കാൻ വിസമ്മതിച്ചാൽ ഹമാസ് പൂർണമായും ഇല്ലാതാക്കപ്പെടുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

SCROLL FOR NEXT