ലോറ ലൂമർ Source: X/ Laura Loomer
WORLD

"ഹമാസ് അനുകൂലികൾ..."; പലസ്തീനികൾക്ക് വിസ നൽകരുതെന്ന് തീവ്ര വലതുപക്ഷ ഇന്‍ഫ്ലുവെന്‍സർ ആവശ്യപ്പെട്ടു, ഉത്തരവിറക്കി ട്രംപ് സർക്കാർ

ലൂമറിന്റെ പോസ്റ്റിന് അടുത്ത ദിവസം തന്നെ ഗാസയിൽ നിന്നുള്ളവർക്കുള്ള സന്ദർശക വിസകള്‍ നിർത്തിവയ്ക്കുകയാണെന്ന് അറിയിച്ച് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ അറിയിപ്പ് വന്നു

Author : ന്യൂസ് ഡെസ്ക്

വാഷിങ്ടണ്‍: ഗാസാ നിവാസികൾക്കുള്ള സന്ദർശക വിസകൾ താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് യുഎസ് സർക്കാർ. പരിക്കേറ്റ പലസ്തീനികളെ യുഎസില്‍ വൈദ്യചികിത്സ തേടാൻ അനുവദിച്ചതിനെ ട്രംപ് അനുകൂലിയായ തീവ്ര വലതുപക്ഷ ഇന്‍ഫ്ലുവന്‍സർ വിമർശിച്ചതിന് പിന്നാലെയാണ് തീരുമാനം.

വംശീയ ഗൂഢാലോചനാ സിദ്ധാന്തങ്ങൾ പ്രചരിപ്പിക്കുന്നതിലും 9/11 ഭീകരാക്രമണങ്ങൾ ഒരു ആന്തരിക സൃഷ്ടിയാണെന്ന് അവകാശപ്പെടുന്നതിലും പ്രശസ്തയായ ലോറ ലൂമറിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകള്‍ക്ക് പിന്നാലെയാണ് സർക്കാർ പ്രഖ്യാപനം വന്നത്. "ഹമാസ് അനുകൂലികൾ... മുസ്ലീം ബ്രദർഹുഡുമായി ബന്ധമുള്ള, ഖത്തർ ധനസഹായം നല്‍കുന്ന" ഗാസയിൽ നിന്നുള്ള പലസ്തീനികൾക്കുള്ള വിസ നൽകുന്നത് നിർത്തണമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിനോട് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ലൂമറിന്റെ എക്സ് പോസ്റ്റുകള്‍. ഗുരുതരമായി പരിക്കേറ്റ ഗാസയില്‍ നിന്നുള്ള 11 കുട്ടികളെയും, അവരുടെ പരിചാരകരെയും സഹോദരങ്ങളെയും, വൈദ്യചികിത്സയ്ക്കായി യുഎസിൽ സുരക്ഷിതമായി എത്തിക്കാൻ സഹായിച്ചതായി കഴിഞ്ഞയാഴ്ച പറഞ്ഞ യുഎസ് ആസ്ഥാനമായുള്ള ചാരിറ്റിയായ 'ഹീൽ പലസ്തീൻ' ആയിരുന്നു ലൂമറിന്റെ ലക്ഷ്യം.

ലൂമറിന്റെ പോസ്റ്റിന് അടുത്ത ദിവസം തന്നെ ഗാസയിൽ നിന്നുള്ളവർക്കുള്ള സന്ദർശക വിസകള്‍ നിർത്തിവയ്ക്കുകയാണെന്ന് അറിയിച്ച് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ അറിയിപ്പ് വന്നു. താൽക്കാലിക മെഡിക്കൽ-മാനുഷിക വിസകൾ അനുവദിച്ചതില്‍ സമഗ്രമായ അവലോകനം നടത്തിവരികയാണെന്നും ഓഗസ്റ്റ് 16ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

ലൂമർ ഔദ്യോഗിക പദവികളൊന്നും വഹിക്കുന്നില്ലെങ്കിലും, അവർക്ക് ട്രംപ് സർക്കാരില്‍ കാര്യമായ സ്വാധീനമുണ്ട്. ട്രംപിനോട് വിശ്വസ്തതയില്ലാത്തവരായി അവർ കരുതുന്ന നിരവധി മുതിർന്ന യുഎസ് സുരക്ഷാ ഉദ്യോഗസ്ഥരെ പിരിച്ചുവിടാൻ പ്രേരിപ്പിക്കുന്നതിന് ലൂമറിന് സാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍. വൈറ്റ് ഹൗസിൽ പ്രസിഡന്റുമായി ലൂമർ കൂടിക്കാഴ്ച നടത്തിയിരുന്നു. ലൂമറിന്റെ പ്രേരണയിലാണ് ദേശീയ സുരക്ഷാ ഏജൻസിയുടെ തലവൻ തിമോത്തി ഹോഗിനെയും അദ്ദേഹത്തിന്റെ ഡെപ്യൂട്ടി വെൻഡി നോബിളിനെയും ട്രംപ് പുറത്താക്കിയതെന്നാണ് പുറത്തുവരുന്ന വിവരം.

SCROLL FOR NEXT