ഇന്ത്യയിൽ ജോലിചെയ്യുന്ന, അല്ലെങ്കിൽ യാത്ര ചെയ്യുന്ന യുഎസ് പൗരൻമാർക്കായി ലെവൽ 2 യാത്രാ നിർദേശങ്ങൾ പുറപ്പെടുവിച്ച് ട്രംപ് ഭരണകൂടം. ഇന്ത്യയിൽ ആക്രമവും, കുറ്റകൃത്യങ്ങളും, ബലാത്സംഗകേസുകളും വർധിച്ചുവരികയാണെന്ന് കാണിച്ചാണ് യുഎസ് സർക്കാർ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. സ്ത്രീകൾ ഒറ്റയ്ക്ക് യാത്ര ചെയ്യരുതെന്നും വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റ് സ്ഥലങ്ങളിലും കൂടുതൽ ജാഗ്രത പാലിക്കണമെന്നും യുഎസ് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
2025 ജൂൺ16നാണ് യുഎസ് സർക്കാർ യാത്രാ മുന്നറിയിപ്പുകൾ പരിഷ്കരിച്ചിരിക്കുന്നത്. പഹൽഗാം ഭീകരാക്രമണത്തിൻ്റെയടക്കം പശ്ചാത്തലത്തിലാണ് ട്രംപ് ഭരണകൂടം ഇത്തരത്തിലൊരു മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത് എന്നതും പ്രസക്തമാണ്. ജമ്മു-കശ്മീർ ഒരു കേന്ദ്രഭരണ പ്രദേശമാണെന്നും തീവ്രവാദവും ആഭ്യന്തര കലാപവുമുള്ള ഈ പ്രദേശത്തേക്ക് യാത്ര ചെയ്യരുതെന്നും യുഎസ് സർക്കാർ മുന്നറിയിപ്പ് നൽകുന്നു. ഇന്ത്യയിൽ കുറ്റകൃത്യങ്ങങ്ങളും ഭീകരതയും വർധിച്ചതിനാൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് ഭരണകൂടത്തിൻ്റെ നിർദേശം.
സ്ത്രീകൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഉപദേശിക്കുന്ന വിജ്ഞാപനത്തിൽ, ഗ്രാമപ്രദേശങ്ങളിലെ പൗരന്മാർക്ക് അടിയന്തര സേവനങ്ങൾ നൽകുന്നതിന് യുഎസ് സർക്കാരിന് പരിമിതികളുണ്ടെന്നും വ്യക്തമാക്കുന്നു. ഇന്ത്യയിലേക്ക് സ്ത്രീകൾ ഒറ്റയ്ക്ക് യാത്ര ചെയ്യുകയാണെങ്കിൽ, സ്വന്തം ഉത്തരവാദിത്തത്തിൽ ആയിരിക്കണമെന്നും യുഎസ് നിർദേശിച്ചു.
"ഇന്ത്യയിലെ ചില പ്രദേശങ്ങളിൽ അപകടസാധ്യത വർധിച്ചിട്ടുണ്ട്. കുറ്റകൃത്യങ്ങളും ഭീകരവാദവും നടക്കുന്നുണ്ട്. ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ വളരുന്ന കുറ്റകൃത്യങ്ങളിലൊന്നാണ് ബലാത്സംഗം. ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റ് സ്ഥലങ്ങളിലും നടക്കുന്നുണ്ട്," മുന്നറിയിപ്പിൽ പറയുന്നു. ഭീകരാക്രമണ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി, വിനോദസഞ്ചാര കേന്ദ്രങ്ങൾ, മാർക്കറ്റുകൾ, ഷോപ്പിംഗ് മാളുകൾ, സർക്കാർ സൗകര്യങ്ങൾ എന്നിവിടങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും സർക്കാർ യുഎസ് പൗരന്മാരോട് നിർദേശിക്കുന്നു.
വിനോദസഞ്ചാരികൾ കശ്‌മീർ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പിൽ വ്യക്തമായി പറയുന്നുണ്ട്. "കശ്‌മീരിൽ ഭീകരാക്രമണങ്ങളും അക്രമാസക്തമായ ആഭ്യന്തര കലാപങ്ങളും സാധ്യമാണ്. ഈ പ്രദേശത്ത് ഇടയ്ക്കിടെ അക്രമം സംഭവിക്കാറുണ്ട്. ഇന്ത്യക്കും പാകിസ്ഥാനും ഇടയിലുള്ള നിയന്ത്രണ രേഖയിൽ (LOC) ഇത് സാധാരണമാണ്. കശ്മീർ താഴ്‌വരയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ശ്രീനഗർ, ഗുൽമാർഗ്, പഹൽഗാം എന്നിവിടങ്ങളിലും അക്രമം നടക്കുന്നുണ്ട്. എൽഒസിയിലെ ചില പ്രദേശങ്ങൾ സന്ദർശിക്കാൻ ഇന്ത്യൻ സർക്കാർ വിദേശ വിനോദസഞ്ചാരികളെ അനുവദിക്കുന്നില്ല," മുന്നറിയിപ്പിൽ പറയുന്നു.
നക്സൽ ഭീഷണിയെക്കുറിച്ചും പ്രത്യേകം പരാമർശമുണ്ട്. കിഴക്കൻ മഹാരാഷ്ട്ര, വടക്കൻ തെലങ്കാന മുതൽ പടിഞ്ഞാറൻ പശ്ചിമ ബംഗാൾ വരെ വ്യാപിച്ചുകിടക്കുന്ന ഇന്ത്യയുടെ ഒരു വലിയ പ്രദേശത്ത് മാവോയിസ്റ്റ് തീവ്രവാദ ഗ്രൂപ്പുകൾ അല്ലെങ്കിൽ നക്സലൈറ്റുകൾ സജീവമാണ്. ബീഹാർ, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, മേഘാലയ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും നക്സലുകളുണ്ടെന്ന് യുഎസ് സർക്കാർ വിജ്ഞാപനത്തിൽ പറയുന്നു.
വിജ്ഞാപനത്തിനെതിരെ കോൺഗ്രസ്
ഇന്ത്യയിലെ കുറ്റകൃത്യങ്ങളെ അടിവരയിട്ടുകൊണ്ടുള്ള യുഎസ് വിജ്ഞാപനത്തെ കേന്ദ്രത്തിനെതിരായ ആയുധമാക്കുകയാണ് കോൺഗ്രസ്. യുഎസ് വിജ്ഞാപനം സർക്കാരിന് ഞെട്ടാലാണെന്നും, നാണക്കേടാണെന്നും കോൺഗ്രസ് എക്സിൽ കുറിച്ചു.
"ഇന്ത്യയെ ഞെട്ടിച്ച് യുഎസിൻ്റെ യാത്രാ ഉപദേശം! ബലാത്സംഗം, അക്രമം, ഭീകരവാദ സാധ്യതകൾ എന്നിവ വർധിച്ചുവരുന്നതിനാൽ ഇന്ത്യയിൽ സ്ത്രീകൾ ഒറ്റയ്ക്ക് യാത്ര ചെയ്യരുതെന്ന് യുഎസ് ഭരണകൂടം മുന്നറിയിപ്പ് നൽകുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷിത ഇന്ത്യ എന്ന ആഖ്യാനത്തിന്റെ തകർച്ചയാണോ ഇത്? നരേന്ദ്ര മോദിക്കും, ബിജെപിക്കും ഇത് ആഗോളതലത്തിൽ തന്നെ നാണക്കേടാണ്," കർണാടക കോൺഗ്രസ് എക്സിൽ കുറിച്ചു.