Source: X
WORLD

പശ്ചിമേഷ്യയിലേക്ക് കുതിച്ച് അമേരിക്കൻ യുദ്ധക്കപ്പൽ; സിംഗപ്പൂർ കടിലിടുക്ക് പിന്നിട്ട് യുഎസ്എസ് ഏബ്രഹാം ലിങ്കൺ

ഇറാനിൽ യുഎസ് സൈനിക നടപടിയ്ക്ക് സാധ്യത എന്ന ഊഹാപോഹങ്ങൾക്ക് കരുത്ത് പകർന്നാണ് യുഎസ് വിമാനവാഹിനിക്കപ്പൽ നിലവിൽ പശ്ചിമേഷ്യയിലേക്ക് നീങ്ങുന്നത്.

Author : ന്യൂസ് ഡെസ്ക്

വാഷിങ്ടൺ: പശ്ചിമേഷ്യ ലക്ഷ്യമാക്കി നീങ്ങുന്ന അമേരിക്കൻ വിമാനവാഹിക്കപ്പലായ യുഎസ്എസ് ഏബ്രഹാം ലിങ്കൺ തെക്കൻ ചൈനാക്കടൽ പിന്നിട്ടു. ഇറാനിൽ സൈനിക നടപടി ഉണ്ടാവില്ല എന്ന സൂചനയാണ് നൽകപ്പെട്ടിരുന്നതെങ്കിലും യുഎസ്എസ് ലിങ്കൺ യാത്ര ആരംഭിച്ചിരുന്നു. ഇറാനിൽ അലി ഖമേനിയെ മാറ്റാൻ സമയമായി എന്ന് ട്രംപ് കഴിഞ്ഞ ദിവസം പ്രതികരിക്കുകയും ചെയ്തിരുന്നു. ഇറാനിൽ യുഎസ് സൈനിക നടപടിയ്ക്ക് സാധ്യത എന്ന ഊഹാപോഹങ്ങൾക്ക് കരുത്ത് പകർന്നാണ് യുഎസ് വിമാനവാഹിനിക്കപ്പൽ നിലവിൽ പശ്ചിമേഷ്യയിലേക്ക് നീങ്ങുന്നത്.

യുദ്ധക്കപ്പൽ സിംഗപ്പൂർ കടലിടുക്ക് പിന്നിട്ടതായാണ് വിവരം. തത്സമയ കപ്പൽ നീക്ക നിരീക്ഷണ വിവരങ്ങൾ അനുസരിച്ചാണ് കപ്പലിന്‍റെ സ്ഥാനം കണക്കാക്കുന്നത്. ആണവശേഷിയുള്ള യുദ്ധക്കപ്പലായ യുഎസ്എസ് ലിങ്കണ് ഹെലികോപ്റ്ററുകൾ കൂടാതെ 90 വിമാനങ്ങളെ വഹിക്കാനുള്ള ശേഷിയുമുണ്ട്. മിസൈൽ ശേഷിയടക്കം യുദ്ധ സന്നാഹങ്ങൾ വേറെയും. മണിക്കൂറിൽ 56 കിലോമീറ്ററാണ് വേഗത. വൈമാനികരടക്കം അയ്യായിരത്തോളം സൈനികരാണ് കപ്പലിലുള്ളത്. ജനുവരി 25 ഓടെ കപ്പൽ അറബിക്കടലിൽ പ്രവേശിക്കുമെന്നാണ് സൂചന.

കഴിഞ്ഞ ഡിസംബർ28 ന് ഇറാനിൽ ആരംഭിച്ച ഭരണകൂടവിരുദ്ധ ജനകീയ പ്രക്ഷോഭവുമായി ബന്ധപ്പെട്ടാണ് ഇറാൻ-യുഎസ് സംഘർഷം ഉടലെടുത്തത്. പ്രക്ഷോഭകരെ കൊലപ്പെടുത്തിയാൽ കടുത്ത നടപടിയുണ്ടാകുമെന്നായിരുന്നു ട്രംപിന്‍റെ ആവർത്തിച്ചുള്ള പ്രസ്താവന. പ്രക്ഷോഭകർക്ക് സഹായം പുറപ്പെട്ടുകഴിഞ്ഞതായും ട്രംപ് പറഞ്ഞിരുന്നു. ഇറാനെതിരെ സൈനിക നടപടിക്ക് സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്ന നീക്കങ്ങളും നടന്നിരുന്നു. ഖത്തറിലെ അൽ-ഉദെയ്ദിൽ നിന്ന് യുഎസ് അവശ്യസേവനങ്ങളിലല്ലാത്തവരെ പിൻവലിച്ചിരുന്നു. എന്നാൽ പ്രക്ഷോഭകരുടെ വധശിക്ഷ റദ്ദാക്കുന്നതടക്കമുള്ള നടപടികൾ ഇറാനിയൻ ഭരണകൂടം സ്വീകരിച്ചതുകൊണ്ട് കടുത്തനടപടികൾ ഉപേക്ഷിക്കുന്നു എന്ന സൂചന പിന്നാലെ ട്രംപ് നൽകി. പിന്നീട് അൽ -ഉദെയ്ദിലെ യുഎസ് ജീവനക്കാർ തിരികെ എത്തുകയും ചെയ്തിരുന്നു.

അതേസമയം ഇറാനിയൻ ഇസ്ലാമിക റിപ്പബ്ലിക്കിന്‍റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി, ഇറാനിലെ പ്രക്ഷോഭത്തിന് പിന്നിൽ അമേരിക്കയാണെന്ന് ആരോപിക്കുകയും ഡൊണാൾഡ് ട്രംപിനെ ക്രിമിനലെന്ന് വിശേഷിപ്പിക്കുയും ചെയ്തു. പിന്നാലെ ഖമേനിയെ ക്രൂരനായ ഏകാധിപതിയെന്ന് ട്രംപും വിളിച്ചു. ഇറാന് പുതിയ ഭരണത്തിന് സമയമായി എന്നും ട്രംപ് പ്രതികരിച്ചു. ഈ സാഹചര്യത്തിലാണ് യുഎസ് യുദ്ധക്കപ്പലിന്റെ പശ്ചിമേഷ്യയിലേക്കുള്ള കുതിപ്പിനെ നിരീക്ഷിക്കേണ്ടത്. ഖമേനിക്കെതിരായ ഏതൊരാക്രമണവും പൂർണമായ യുദ്ധത്തിലായിരിക്കും കലാശിക്കുക എന്നായിരുന്നു ഇറാൻ പ്രസിഡന്‍റ് മസൂദ് പെസെഷ്കിയാന്‍റെ പ്രതികരണം. എക്സ് പോസ്റ്റിലായിരുന്നു പെസെഷ്കിയാന്‍റെ മുന്നറിയിപ്പ് .

ഇതിനിടെ ഇറാനിലെ സർക്കാർ ടെലിവിഷൻ ചാനലുകൾ ഹാക്ക് ചെയ്യപ്പെട്ടു. ബദർ സാറ്റലൈറ്റ് വഴി സംപ്രേക്ഷണം ചെയ്യുന്ന ചാനലുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഇറാനിലെ ഭരണകൂടത്തിനെതിരെ പ്രക്ഷോഭത്തിന് ഷാ രാജകുടുംബാംഗമായ റെസാ ഷാ പഹ്ലവി ആഹ്വാനം ചെയ്യുന്ന പ്രസംഗം ചാനലുകളിൽ സംപ്രേക്ഷണം ചെയ്യപ്പെട്ടു. കഴിഞ്ഞ ജൂണിൽ ഇസ്രയേലുമായി ഉണ്ടായ 12 ദിനയുദ്ധക്കാലത്താണ് ഇതിന് മുൻപ് ഇറാനിലെ സർക്കാർ ചാനലുകൾ ഹാക്ക് ചെയ്യപ്പെട്ടത്. അന്ന് 2022 ലെ ഹിജാബ് വിരുദ്ധ സത്രീപ്രക്ഷോഭത്തിന്‍റെ ദൃശ്യങ്ങളാണ് സംപ്രേക്ഷണം ചെയ്യപ്പെട്ടത്.

SCROLL FOR NEXT