ഡൽഹി: രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ ഇന്ന് രാജ്യ തലസ്ഥാനത്തെത്തും. 2021നാണ് പുടിൻ അവസാനമായി ഇന്ത്യയിലെത്തിയത്. റഷ്യയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും സാമ്പത്തിക ഭദ്രതയും മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് സന്ദർശനം. വൈകിട്ട് നാലരയോടെ ഡൽഹിയിലെത്തുന്ന പുടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അത്താഴ വിരുന്നൊരുക്കും.
ഹൈദരാബാദ് ഹൗസിൽ നടക്കുന്ന ഇന്ത്യ - റഷ്യ ഉച്ചകോടിയിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുടിനും വിവിധ കരാറുകളിൽ ഒപ്പിടും. അതിന് ശേഷം ഭാരത് മണ്ഡപത്തിൽ വെച്ച് ഇരുരാജ്യങ്ങളിൽ നിന്നുള്ള വ്യവസായികളുമായി നേതാക്കൾ കൂടിക്കാഴ്ച നടത്തും. വൈദ്യുതി ഉൽപാദനത്തിന് സ്വയം പര്യാപ്തത കൈവരിക്കുന്ന ചെറുകിട ആണവ റിയാക്ട്റുകൾ ഇന്ത്യക്ക് കൈമാറുന്നത് സംബന്ധിച്ചുള്ള കരാറിലും പുടിൻ ഒപ്പുവെക്കും. ഇന്ത്യയും റഷ്യയും തമ്മിലുള്ള ആയുധകരാറിൽ ഒപ്പുവയ്ക്കും. സുഖോയ് 57 വിമാനങ്ങൾ, S 400 വ്യോമപ്രതിരോധ സംവിധാനം എന്നിവ ഇന്ത്യൻ സൈന്യത്തിന് കൈമാറുന്ന കരാറിലാണ് ഒപ്പുവയ്ക്കുക. നാളെ രാഷ്ട്രപതി ഭവനിലും പുടിന് സ്വീകരണം നൽകും.
അമേരിക്കയുടെ തീരുവ ഭീഷണി മറികടക്കാൻ റഷ്യൻ വിപണി തുറന്ന് നൽകണമെന്ന് ഇന്ത്യ ആവശ്യപ്പെടുമെന്നാണ് സൂചന. പുടിന്റെ സന്ദർശനത്തോട് അനുബന്ധിച്ച് വൻ സുരക്ഷാ വലയത്തിലാണ് രാജ്യതലസ്ഥാനം. യുഎസ് ഭീഷണിയെ തുടർന്ന് റഷ്യൻ എണ്ണ വാങ്ങുന്നത് വെട്ടിക്കുറച്ച സാഹചര്യത്തിലാണ് പുടിൻ്റെ ഇന്ത്യാ സന്ദർശനം.