ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് മുടക്കില്ലാതെ എണ്ണ എത്തിക്കാന്‍ തയ്യാറാണെന്ന് സന്നദ്ധത അറിയിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിനെതിരെ ഇന്ത്യക്കെതിരെ യുഎസ് സമ്മര്‍ദം കടുപ്പിക്കുന്നതിനിടെയാണ് നീക്കം.
'എണ്ണ, ഗ്യാസ്, കല്‍ക്കരി തുടങ്ങി ഇന്ത്യയുടെ ഊര്‍ജ വികസനത്തിന് ആവശ്യമായ എല്ലാം നല്‍കാന്‍ റഷ്യ ഒരു നല്ല കേന്ദ്രമായിരിക്കും. വളരെ വേഗത്തില്‍ പുരോഗതി കൈവരിക്കുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ സഹായിക്കുന്നതിനായി തടസമില്ലാതെ തന്നെ ഇന്ധനം എത്തിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്,' പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പുടിന്‍ പറഞ്ഞു.
ഇന്ത്യ റഷ്യ പങ്കാളിത്തത്തില്‍ ഊര്‍ജ സുരക്ഷിതത്വം ശക്തമായ ഒരു തൂണായി നിലകൊള്ളുന്നുവെന്ന് പിന്നാലെ പ്രധാനമന്ത്രിയും പ്രതികരിച്ചു. ഇന്ത്യയിലേക്കെത്തിയ പുടിനെ ചുവന്ന പരവതാനി വിരിച്ചും ഓണര്‍ ഓഫ് ഗാര്‍ഡ് നല്‍കിയുമാണ് സ്വീകരിച്ചത്.
യുക്രെയ്ന്‍ യുദ്ധം ആരംഭിച്ചതിന് പിന്നാലെയാണ് ഇന്ത്യ റഷ്യന്‍ എണ്ണ കൂടുതലായും ഇറക്കുമതി ചെയ്യാന്‍ തുടങ്ങിയത്. 2024ല്‍ ഇന്ത്യയുടെ മൊത്തം ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ 36 ശതമാനവും എത്തിയത് റഷ്യയില്‍ നിന്നായിരുന്നു. എന്നാല്‍ യുഎസില്‍ നിന്നുള്ള സമ്മര്‍ദത്തിന്റെ ഫലമായി റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിരുന്നു.