ക്രാഷെനിന്നിക്കോവ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ച ദൃശ്യം Source: Screengrab- @volcaholic1
WORLD

600 വർഷത്തിന് ശേഷം അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു; ഭീതിയോടെ റഷ്യ

ഭൂചലനമാകാം സ്ഫോടനകാരണമെന്നാണ് പ്രാഥമിക നിഗമനം.

Author : ന്യൂസ് ഡെസ്ക്

മോസ്കോ: അഗ്നിപർവ്വത സ്ഫോടന ഭീതിയിൽ റഷ്യ. 600 വർഷത്തിന് ശേഷം ക്രാഷെനിന്നിക്കോവ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. ഭൂചലനമാകാം സ്ഫോടനകാരണമെന്നാണ് പ്രാഥമിക നിഗമനം. ഭൂചലനത്തെ തുടർന്ന് കംചട്ക അഗ്നിപർവ്വതത്തിൽ ലാവാ പ്രവാഹവുമുണ്ടായിരുന്നു.

അഗ്നിപർവ്വതത്തിൽ നിന്നുയരുന്ന ചാരപ്പുക കിഴക്കൻ പസഫിക് സമുദ്ര ഭാഗത്തേക്ക് നീങ്ങുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. ഇതിനിടെ കുറില്‍ ദ്വീപുകളില്‍ റിക്ടർ സ്കെയിലില്‍ 7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായും റിപ്പോർട്ട് ഉണ്ട്. ഭൂചലനത്തെതുടർന്ന് സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചെങ്കിലും ഇത് പിന്നീട് പിന്‍വലിക്കുകയും ചെയ്തു.

1463ലാണ് ക്രാഷെനിന്നിക്കോവിൽ അവസാനമായി ലാവാ പ്രവാഹമുണ്ടായത്. അതിനുശേഷം ഒരു സ്ഫോടനവും ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്. 1,856 മീറ്ററാണ് അഗ്നിപർവ്വതത്തിൻ്റെ ഉയരം. അഗ്നിപർവ്വത സ്ഫോടനത്തെ തുടർന്ന് 6,000 മീറ്റർ വരെ ചാരപ്പുക ഉയർന്നതായി റഷ്യ വ്യക്തമാക്കി.

വ്യോമ മേഖലയായതിനാൽ അഗ്നിപർവ്വത സ്ഫോടനത്തിന് പിന്നാലെ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വ്യേമഗതാഗതത്തെ ബാധിച്ചേക്കാമെന്ന വിലയിരുത്തലിനെ തുടർന്നാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചത്. ശാസ്ത്രജ്ഞരും വ്യോമ വിദഗ്ധരും അതീവ ജാഗ്രതയിൽ തുടരുകയാണ്.

കഴിഞ്ഞയാഴ്ച റഷ്യയെ പിടിച്ചുകുലുക്കിയ വലിയ ഭൂകമ്പവുമായി അഗ്നിപർവ്വത സ്ഫോടനം ബന്ധപ്പെട്ടിരിക്കാമെന്നാണ് റഷ്യയുടെ ആർ‌ഐ‌എ സ്റ്റേറ്റ് ന്യൂസ് ഏജൻസിയും ശാസ്ത്രജ്ഞരും പറയുന്നതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

SCROLL FOR NEXT