കീവ്: സുമിയിലെ ഫാർമ പ്ലാൻ്റിന് നേരെ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് യുക്രെയ്ൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കി. കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും അദ്ദേഹം എക്സ് പോസ്റ്റിലൂടെ അനുശോചനം അറിയിച്ചു.
"ഇന്ന് രാവിലെ റഷ്യക്കാർ വീണ്ടും കീവിലെ പിവ്‌നിച്‌നി പാലത്തിൽ ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടത്തി. സുമിയിലെ ഒരു സാധാരണ ഫാർമസ്യൂട്ടിക്കൽ വെയർഹൗസ് ഡ്രോണുകൾ ഉപയോഗിച്ച് അവർ ആക്രമിച്ചു. ഒരാൾ ദാരുണമായി കൊല്ലപ്പെട്ടു. അദ്ദേഹത്തിൻ്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും എൻ്റെ അനുശോചനം രേഖപ്പെടുത്തുന്നു. ഡിനിപ്രോയിൽ റഷ്യ ഒരു ആശയവിനിമയ കേന്ദ്രവും ആക്രമിച്ചു. ഈ ആക്രമണങ്ങളുടെ ഫലമായി 6 പേർക്ക് പരിക്കേറ്റു," സെലെൻസ്‌കി പറഞ്ഞു.
യുക്രെയ്നിലെ ഇന്ത്യൻ ഫാർമ കമ്പനി ഉടമകളായ കുസും ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് നേരെയാണ് റഷ്യ ഡ്രോൺ ആക്രമണം നടത്തിയത്. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സുമിയിലെ ഫാർമ പ്ലാൻ്റിൻ്റെ പ്രധാന കെട്ടിടത്തിന് നേരെയാണ് ആക്രമണം ഉണ്ടായതെന്നാണ് വിവരം.
ഇന്ത്യൻ മരുന്നുകൾ യുക്രെയ്നിലേക്ക് കയറ്റി അയക്കുന്ന വിതരണക്കാരായി കുസും ഗ്രൂപ്പ് 1994 മുതൽ യുക്രെയ്നിൽ പ്രവർത്തിച്ചുവരുന്നുണ്ട്. നിലവിൽ ഇന്ത്യക്കാരനായ രാജീവ് ഗുപ്തയാണ് ഈ സ്ഥാപനത്തിൻ്റെ നടത്തിപ്പ് ചുമതലയുള്ളത്. 2002 മുതൽ സ്വന്തം മരുന്നുകൾ മാത്രമാണ് കുസും ഗ്രൂപ്പ് ഇവിടെ നിർമിക്കുന്നത്. 2007 മുതൽ ഇന്ത്യയിലും 2009 മുതൽ യുക്രെയ്നിലെ സുമിയിലും കമ്പനി ഫാർമ കമ്പനി പ്ലാൻ്റുകൾ ആരംഭിച്ചിരുന്നു. ഇതു കൂടാതെ മറ്റു രണ്ടിടത്ത് കൂടി ഇവർക്ക് സ്വന്തമായി പ്ലാൻ്റുകൾ ഉണ്ട്.
നിലവിൽ കുസും ഗ്രൂപ്പ് അമ്പതിലേറെ ജനറിക് ഉൽപ്പന്നങ്ങൾ നിർമിക്കുകയും ഒമ്പതിലധികം രാജ്യങ്ങളിൽ, പ്രധാനമായും യുക്രെയ്ൻ, ഉസ്ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ വിൽപ്പന നടത്തുകയും ചെയ്യുന്നുണ്ട്.