ഇറാനിൽ വിവിധയിടങ്ങളിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണങ്ങൾ Source: Fars News Agency
WORLD

ഇസ്രയേൽ ഇറങ്ങിപ്പുറപ്പെട്ടത് ശരിയായ യുദ്ധതന്ത്രമില്ലാതെ; വിമർശിച്ച് പാശ്ചാത്യമാധ്യമങ്ങൾ

ഇറാന്‍റെ ആക്രമണങ്ങൾ ഇസ്രയേലിലും കനത്ത നാശം വിതയ്ക്കുന്നുണ്ടെന്നും പാശ്ചാത്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

Author : ന്യൂസ് ഡെസ്ക്

യുദ്ധം ജയിച്ചുകൊണ്ടിരിക്കുകയാണെന്ന ഇസ്രയേലിന്‍റെ അവകാശവാദങ്ങൾ പൂർണമായും ഉൾക്കൊള്ളാതെ അമേരിക്കയിലേയും യൂറോപ്പിലേയും മാധ്യമങ്ങൾ. ശരിയായ യുദ്ധതന്ത്രമില്ലാതെ ഇസ്രയേൽ ഇറങ്ങിപ്പുറപ്പെട്ടുവെന്നാണ് പ്രധാന വിമർശനം. ഇറാന്‍റെ ആക്രമണങ്ങൾ ഇസ്രയേലിലും കനത്ത നാശം വിതയ്ക്കുന്നുണ്ടെന്നും പാശ്ചാത്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഈ യുദ്ധത്തിൽ ഏറ്റവും കുറവ് സാധ്യത വ്യാജ അവകാശവാദങ്ങൾക്കാണ്. ഇറാന്‍റെ ആണവകേന്ദ്രങ്ങൾ തകർത്തെന്ന് ഇസ്രയേൽ പറഞ്ഞപ്പോൾ ഉടൻ ഗുഗിൾ മാപ്പിൽ നിന്ന് ത്രീഡി ദൃശ്യങ്ങൾ പ്രസിദ്ധീകരിച്ചത് ബിബിസിയാണ്. ആക്രമിച്ചു എന്നതു ശരി, തകർത്തു എന്നത് തെറ്റ് എന്നായിരുന്നു ആ കണ്ടെത്തൽ. നതാൻസ് ആണവ കേന്ദ്രത്തിന്‍റെ ചില കെട്ടിടങ്ങൾക്ക് നാശമുണ്ടെങ്കിലും യുറേനിയം സമ്പൂഷ്ടീകരണത്തെ ബാധിച്ചിട്ടില്ല എന്നായിരുന്നു ബിബിസിയുടെ കണ്ടെത്തൽ. ഒടുവിൽ അത് ഇസ്രയേലിനും സമ്മതിക്കേണ്ടി വന്നു.

സിഎൻഎൻ വിശാലമായ തലക്കെട്ടിലൂടെ തന്നെ ഇസ്രയേലിനെ വിമർശിച്ചു. "WITH NO CLEAR EXIT STRATEGY IN IRAN, ISRAEL RISKS ANOTHER WAR WITH NO END" എന്നാണ് സിഎൻഎൻ തലക്കെട്ടു നൽകിയത്. എങ്ങനെ പുറത്തുകടക്കും എന്ന പദ്ധതിയില്ലാതെ അന്തമില്ലാത്തൊരു യുദ്ധത്തിന് ഇസ്രയേൽ ഇറങ്ങിപ്പുറപ്പെട്ടു എന്നാണ് ആ വിമർശനം. മറ്റൊരു തലക്കെട്ടു നോക്കുക. കമാൻഡർമാർ കൊല്ലപ്പെട്ടാലും വീണ്ടും ഒന്നിക്കാനുള്ള ഇറാന്‍റെ കഴിവിനെ ഇസ്രയേൽ കുറച്ചുകണ്ടു എന്നാണ് ആ തെലക്കെട്ട്. അണ്ടർ എസ്റ്റിമേറ്റ് ചെയ്തു എന്ന വാക്കുകൊണ്ട് തന്ത്രം പാളി എന്നുതന്നെയാണ് ഇവിടെ അർഥമാക്കുന്നത്.

ഇസ്രായേൽ ഇറങ്ങിപ്പുറപ്പെട്ട യുദ്ധത്തിന് അമേരിക്കയുടെ പിന്തുണയില്ല എന്നും അമേരിക്കൻ മാധ്യമങ്ങൾ എഴുതുന്നു. അലി ഖമേനിയെ വധിക്കാനുള്ള ഇസ്രയേൽ നീക്കത്തെ ട്രംപ് തള്ളിക്കളഞ്ഞു എന്നാണ് ആ വാർത്ത. ഈ വാർത്തയാണ് ഈ യുദ്ധവുമായി ബന്ധപ്പെട്ട് ഏറ്റവും ശ്രദ്ധേയം. അമേരിക്ക ഈ യുദ്ധത്തിൽ ഒപ്പം ഇറങ്ങേണ്ടത് ഇസ്രയേലിന് അനിവാര്യമാണ്. ആളെണ്ണത്തിൽ ഏറെ മുന്നിലുള്ള ഇറാൻ സൈന്യത്തെ നേരിടാൻ ഒരുഘട്ടം കഴിഞ്ഞാൽ ഇസ്രയേലിന് അമേരിക്കയുടെ സഹായം വേണം.

അതേസമയം അമേരിക്കയെ യുദ്ധത്തിലേക്കു വലിച്ചിടാനുള്ള നീക്കത്തെ ഇപ്പോൾ ട്രംപ് എതിർക്കുകയുമാണ്. നെതന്യാഹു സ്വന്തം സിംഹാസനം ഉറപ്പിക്കാൻ നടത്തുന്നതാണ് ഈ യുദ്ധമെന്നാണ് അമേരിക്കയുടെ വിലയിരുത്തൽ. യുദ്ധത്തിലേക്ക് അമേരിക്ക ഇറങ്ങിയാൽ ലോകക്രമം തന്നെ മാറുകയും ചെയ്യും. ഇറാനു പിന്നിൽ റഷ്യയും ഒരുപക്ഷേ ചൈനയും ചേരും. അതോടെ അതൊരു മൂന്നാംലോകയുദ്ധമായി മാറുകയും ചെയ്യും.

കൃത്യമായ വഴി മുന്നിലില്ലാത്തതിനാൽ ഇസ്രയേലിന്‍റെ ഇറാൻ യുദ്ധം ദിവസങ്ങളല്ല, ആഴ്ചകൾ നീളുമെന്നാണ് ന്യൂയോർക്ക് ടൈംസിന്‍റെ തലക്കെട്ട്. ഹമാസ് അല്ല, ഇറാൻ എന്ന് തിരിച്ചറിയുന്നതിൽ വീഴ്ച പറ്റി എന്നാണ് ആ സൂചന. മാത്രമല്ല, ഇറാൻ നിർമിച്ചു സൂക്ഷിച്ചിരിക്കുന്ന മിസൈലുകളെല്ലാം ഇറാഖിനും സിറിയയ്ക്കും മുകളിലൂടെ ഇസ്രയേലിൽ പതിക്കാൻ ശേഷിയുള്ളതാണ്. ദിവസം 200 മിസൈൽ വീതം തൊടുത്തിട്ടും അവയുടെ ശേഖരം അവസാനിക്കുന്ന സൂചനകളുമില്ല. ഇറാനെ നിഷ്പ്രയാസം ഇസ്രയേൽ തോൽപ്പിക്കും എന്ന പ്രചാരണങ്ങൾ കൂടിയാണ് ഇപ്പോൾ തെറ്റുന്നത്.

SCROLL FOR NEXT