രണ്ട് ശക്തരായ രാഷ്ട്രീയ നേതാക്കൾ തമ്മിൽ കണ്ടാൽ എന്തൊക്കെയാകും ചർച്ച ചെയ്യുക? റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും തമ്മിലുള്ള സൗഹൃദ സംഭാഷണത്തെക്കുറിച്ച് അറിയാൻ ലോകം ആകാംഷയോടെ കാത്തിരുന്നത് ഇക്കാരണത്താലായിരുന്നു. റഷ്യ-യുക്രെയ്ൻ സംഘർഷം, യുഎസിൻ്റെ തീരുവ യുദ്ധം തുടങ്ങി ഇരുവർക്കും ചർച്ച ചെയ്യാനായി പല വിഷയങ്ങളുണ്ടായിരുന്നു. എന്നാൽ ആരും പ്രതീക്ഷിച്ച വിഷയങ്ങളല്ല ആ സംഭാഷണത്തിൽ ചർച്ചയായത്. അവയവ മാറ്റവും അമരത്വവും എല്ലാമാണ് ഇരുവരും ചർച്ച ചെയ്തതെന്നാണ് അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തത്.
ഷാങ്‌ഹായ് ഉച്ചകോടിക്ക് പിന്നാലെ ബീജിങ്ങിൽ കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി നടന്ന സൗഹൃദ സംഭാഷണത്തിലാണ് ആരും പ്രതീക്ഷിക്കാത്ത വിഷയങ്ങൾ ഷി ജിൻപിങ്ങും പുടിനും ചർച്ച ചെയ്തത്. ചിരഞ്ജീവി ആകുന്നതിനെ കുറിച്ചും അവയവദാന കുറിച്ചുമാണ് ഇരുവരും സംസാരിച്ചത്. ഇരുവരും ഈ വിഷയങ്ങൾ സംസാരിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നു.
വർഷങ്ങളായി വ്ലാഡിമിർ പുടിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് സ്ഥിരീകരിക്കാത്ത പല റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. പുടിന് പാർക്കിൻസൺസ് അടക്കം ബാധിച്ചിട്ടുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ വരുന്നതിനിടെയാണ് അമരത്വത്തെ കുറിച്ചും അവയവമാറ്റത്തെ കുറിച്ചും പുടിൻ സംസാരിക്കുന്നത്. അതിനാൽ തന്നെ വീഡിയോ വൈറലാവുകയും ചെയ്തു. ഇരുവരുടെയും സംഭാഷണം പുടിന്റെയും ഷി ജിൻപിങ്ങിൻ്റെയും ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ചർച്ചകൾക്കും തുടക്കമിട്ടിട്ടുണ്ട്.