WORLD

സമാധാനത്തിനുള്ള പുരസ്കാര ജേതാവിന് ലഭിക്കുന്ന സമ്മാന തുകയെത്ര? മെഡലില്‍ കൊത്തിവെച്ച ചിത്രങ്ങള്‍ എന്ത്?

31 മില്യണ്‍ വരുന്ന സ്വീഡിഷ് ക്രൊണോര്‍ ആണ് ആല്‍ഫ്രെഡ് നൊബേൽ സമ്മാനതുകയ്ക്കായി നീക്കിവെച്ചത്.

Author : ന്യൂസ് ഡെസ്ക്

ലോകം ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന പുരസ്‌കാരമാണ് നൊബേല്‍. സമാധാനം, സാഹിത്യം, ഭൗതിക ശാസ്ത്രം, രസതന്ത്രം, ഫിസിയോളജി, മെഡിസിന്‍, സാമ്പത്തിക ശാസ്ത്രം എന്നിങ്ങനെ ആറ് മേഖലകളിലെ നേട്ടങ്ങള്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്. ഇത്തവണത്തെ സമാധാനത്തിനുള്ള നൊബേല്‍ ലഭിച്ചത് വനെസ്വേലയിലെ ആക്ടിവിസ്റ്റ് ആയ മരിയ കൊറിന മച്ചാഡോയ്ക്കാണ്. എന്നാല്‍ സാമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടുന്ന വ്യക്തിക്ക് എത്രയായിരിക്കും സമ്മാനമായി ലഭിക്കുന്ന തുക? മെഡലില്‍ കൊത്തിവെച്ചിരിക്കുന്ന ചിത്രങ്ങളെന്താണ് ? അതറിയാനും എല്ലാവര്‍ക്കും ഒരുപോലെ ആകാംക്ഷയുണ്ടാകും.

വെനസ്വേലയിലെ പ്രതിപക്ഷ നേതാവായ മരിയയ്ക്ക് വെനസ്വേലയിലെ ജനങ്ങളുടെ അവകാശ പോരാട്ടങ്ങള്‍ക്കാണ് അവാര്‍ഡ് ലഭിച്ചത്. നൊബേല്‍ പീസ് പ്രൈസ് വൈബ്‌സൈറ്റ് നല്‍കുന്ന വിവരം അനുസരിച്ച് 11 മില്യണ്‍ സ്വീഡിഷ് ക്രൊണോര്‍ ആണ് സമാധാനത്തിനുള്ള നൊബേലിന് ലഭിക്കുന്ന സമ്മാന തുക. ഇത് 10,24,70,742.00 ഇന്ത്യന്‍ രൂപയ്ക്ക് സമാനമാണ്.

സ്വീഡിഷ് കെമിസ്റ്റായ ആല്‍ഫ്രെഡ് നൊബേലിന്റെ ആഗ്രഹപ്രകാരം 1901 ലാണ് നൊബേല്‍ പ്രൈസ് ആരംഭിക്കുന്നത്. മനുഷ്യരാശിക്ക് ഏറ്റവും വലിയ സംഭാവനകള്‍ നല്‍കുന്നവര്‍ക്കാണ് നൊബേല്‍ നല്‍കി വരുന്നത്.

ആല്‍ഫ്രെഡ് നൊബേല്‍ മരിക്കുന്നതിന് ഒരു വര്‍ഷം മുമ്പ് 1895 നവംബര്‍ 27ന് വില്‍പ്പത്രത്തില്‍ തന്റെ സ്വത്തിന്റെ ഭൂരിഭാഗവും ഈ നൊബേല്‍ പുരസ്‌കാര തുക നല്‍കുന്നതിനായി നീക്കി വെക്കാന്‍ തീരുമാനിക്കുകയായിരുന്നു. 31 മില്യണ്‍ വരുന്ന സ്വീഡിഷ് ക്രൊണോര്‍ ആണ് ആല്‍ഫ്രെഡ് നീക്കിവെച്ചത്. ഇതില്‍നിന്നുമാണ് വര്‍ഷാവര്‍ഷം നൊബേല്‍ പുരസ്‌കാരങ്ങള്‍ക്കുള്ള സമ്മാന തുക നല്‍കുന്നതും.

224 വ്യക്തികളും 94 സംഘടനകളും അടക്കം 338 നോമിനേഷനുകളാണ് ഇത്തവണ വന്നത്. സമ്മാന തുകയ്‌ക്കൊപ്പം ഒരു മെഡലും ഡിപ്ലോമയും സമ്മാനിക്കും. സമാധാനത്തിനുള്ള നൊബേലിന്റെ മെഡല്‍ നിര്‍മിച്ചത് നോര്‍വീജിയന്‍ ശില്‍പ്പി ഗുസ്താവ് വിഗേലാനും സ്വീഡിഷ് കൊത്തുപണിക്കാരനായ എറിക് ലിന്‍ഡ്‌ബെര്‍ഗും ചേര്‍ന്നാണ്. 1902ലെ അവാര്‍ഡ് ചടങ്ങിലാണ് ആദ്യമായി മെഡല്‍ ഉപയോഗിച്ചത്.

മെഡല്‍ 23 കാരട്ട് സ്വര്‍ണവും 192 ഗ്രാം തൂക്കവുമാണ് മെഡലിനുള്ളത്. 1980 മുതല്‍ 196 ഗ്രാം തൂക്കവും 18 കാരട്ട് സ്വര്‍ണവുമായി മെഡലിന് ചെറിയ മാറ്റങ്ങള്‍ വരുത്തുകയും ചെയ്തു. എന്നിരുന്നാലും 6.6 സെന്റിമീറ്റര്‍ വ്യാപ്തം എന്ന അളവില്‍ ഇതുവരെ ഒരു മാറ്റവും വന്നിട്ടില്ല. ആല്‍ഫ്രെഡ് നൊബേലിന്റെ ചിത്രം ആലേഖനം ചെയ്ത മെഡലില്‍ അദ്ദേഹത്തിന്റെ പേരും ജനന മരണ തീയതിയും അഗ്രഭാഗത്തായി ആലേഖനം ചെയ്തിരിക്കുന്നു.

മറുഭാഗത്ത് പരസ്പരം പുല്‍കുന്ന നഗ്നരായി നില്‍ക്കുന്ന മൂന്ന് ആണുങ്ങളുടെ ചിത്രവും നല്‍കിയിരിക്കുന്നു. ജനങ്ങള്‍ക്കിടയിലെ സമാധാനത്തിനും സഹോദര്യത്തിനും വേണ്ടി എന്ന് ചിത്രത്തോടൊക്കം ആലേഖനം ചെയ്തിരിക്കുകയും ചെയ്യുന്നു. അഗ്രഭാഗത്ത് അഞ്ച് എംഎം കനത്തില്‍ നൊബേല്‍ പ്രൈസിന്റെ വര്‍ഷവും ലൊറേറ്റിന്റെ പേരും ആലേഖനം ചെയ്തിരിക്കും.

SCROLL FOR NEXT