ഒരു മാസം മുൻപ് വരെ ഇന്ത്യയും യുഎസും 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സഖ്യകക്ഷികൾ ആയിരുന്നു. നരേന്ദ്ര മോദിയും ഡൊണാള്‍ഡ് ട്രംപും സുഹൃത്തുക്കളുമായിരുന്നു. ഇന്ന് രണ്ടു രാജ്യങ്ങളും ഒരു വാണിജ്യ യുദ്ധത്തിൽ ആണ്. റഷ്യയുടെ കയ്യില്‍നിന്ന് എണ്ണ വാങ്ങുന്നതു തന്നെയാണോ ഇന്ത്യയെ ‘ശിക്ഷി’ക്കാനുള്ള ട്രംപിന്റെ തീരുമാനത്തിനു പിന്നിലെ യഥാർഥ കാരണം?
"ഞങ്ങൾ പറയും നിങ്ങൾ അനുസരിക്കണം," ഇതാണ് പലപ്പോഴും സഖ്യരാജ്യങ്ങളോടുള്ള യുഎസ് നയം. ഞങ്ങൾ റഷ്യൻ എണ്ണ വാങ്ങുന്നില്ല. ഞങ്ങൾ ആ രാജ്യത്തെ ഉപരോധിച്ചിരിക്കുന്നു. അതിനാൽ നിങ്ങളും റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യേണ്ടെന്നാണ് ട്രംപ് പറയുന്നത്.
റഷ്യൻ ഇന്ധനത്തിന് മേൽ ആരാണ് ഉപരോധം ഏർപ്പെടുത്തിയത്? ഏത് രാജ്യത്തിനും റഷ്യയിൽ നിന്നും എണ്ണ വാങ്ങാം. ഒരൊറ്റ വ്യവസ്ഥ മാത്രം. എന്താണത്? നിലവിലെ ആഗോള ഇന്ധനവിലയിൽ നിന്നും കുറച്ച് മാത്രമേ റഷ്യക്ക് ഇന്ധനം വിൽക്കാൻ സാധിക്കൂ. അതായത്, ഒരു 'വില വിടവ്' ഉണ്ട്. ഒരു തരം പ്രൈസ് സീലിങ്.
ഈ പ്രൈസ് സീലിങ്, ഏർപ്പെടുത്തിയത് ജി -7 രാജ്യങ്ങളാണ്. ഇന്ധന വില എത്ര തന്നെ ഉയർന്നാലും 60 ഡോളറിന് താഴെ മാത്രമേ റഷ്യക്ക് എണ്ണ വിൽപ്പന നടത്താൻ സാധിക്കുകയുള്ളൂ. അങ്ങനെ കുറഞ്ഞ വിലയ്ക്ക് റഷ്യ എണ്ണ വിൽക്കുന്നു. നിയമപരമായി ഇന്ത്യ അത് വാങ്ങുന്നു. പക്ഷേ ഇതിനെ ട്രംപ് ഇന്ത്യക്ക് മേല്‍ താരിഫ് ചുമത്താനുള്ള കാരണമായാണ് കാണുന്നത്. അതുവഴി, ഇന്ത്യയെ ഒരു വ്യാപാര കരാറിൽ ഏർപ്പെടാൻ നിർബന്ധിതമാക്കുകയാണ് ലക്ഷ്യം. ഈ കരാർ യുഎസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്കായി ആഭ്യന്തര വിപണികൾ തുറന്നുകൊടുക്കാൻ ഇന്ത്യയെ നിർബന്ധിതരാക്കും. മാത്രമല്ല, ഇന്ത്യൻ സർക്കാരിനെയും അനുബന്ധ സ്ഥാപനങ്ങളെയും കൂടുതൽ പ്രതിരോധ ഉപകരണങ്ങളും അസംസ്കൃത എണ്ണയും വാങ്ങാൻ പ്രേരിപ്പിക്കുകയും ചെയ്യും. വ്യാപര കമ്മി കുറയ്ക്കാനുള്ള ട്രംപിന്റെ നീക്കമായെ ഈ താരിഫ് ഭീഷണിയെ കാണാന്‍ സാധിക്കൂ.
ലോകത്തെ രണ്ടാമത്തെ വലിയ ഇന്ധന ഉല്‍പ്പാദക രാജ്യമാണ് റഷ്യ. ഒരു ദിവസം റഷ്യ ഉല്‍പ്പാദിപ്പിക്കുന്നത് 9.5 മില്യൺ ബാരൽ ക്രൂഡ് ഓയിൽ ആണ്. അതായത്, ആഗോള വിതരണത്തിന്റെ 11 ശതമാനം. പക്ഷേ 2022ൽ ഇതായിരുന്നില്ല സ്ഥിതി. റഷ്യ- യുക്രെയ്‌ൻ യുദ്ധം തുടങ്ങിയ സമയം. അന്ന് യൂറോപ്പ് റഷ്യക്ക് മേൽ ഉപരോധം ഏർപ്പെടുത്തി. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് കുറച്ചു. കടൽ മാർഗമുള്ള വാണിജ്യം പൂർണമായും നിർത്തി. പൈപ്പ്ലൈൻ മാത്രം ഉപയോഗിച്ചു. യൂറോപ്പിനെ അത് വല്ലാതെ ബാധിച്ചു. അവിടെ ഇന്ധന വില ഉയർന്നു, ഉല്‍പ്പാദനം ഇല്ലാത്ത അവസ്ഥയിലേക്കെത്തി. അങ്ങനെ 2022ൽ എണ്ണ വില ബാരലിന് 137 ഡോളർ എന്ന നിലയിലെത്തി.
ഈ ഉപരോധം കൊണ്ട് യൂറോപ്പ് കരുതിയത്, ഇതോടെ റഷ്യൻ ഇന്ധനത്തിന് ആവശ്യക്കാർ കുറയുമെന്നും രാജ്യം തകരുമെന്നും ആയിരുന്നു. പക്ഷേ സംഭവിച്ചതോ ? ഇന്ത്യയുടെ കാര്യം തന്നെയുടുക്കാം.
2022ൽ റഷ്യ- യുക്രെയ്‌ൻ യുദ്ധം ആരംഭിക്കുന്നതിന് മുൻപ് റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങല്‍ 0.2 ശതമാനം ആയിരുന്നു. അത് ഇന്ന് എത്തിനിൽക്കുന്നത് 36 ശതമാനത്തിൽ ആണ്. വില വിടവ് ഉള്ളതിലും കുറച്ചാണ് റഷ്യ ഇന്ത്യക്ക് ഇന്ധനം നൽകുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യക്ക് ഇതൊരു നല്ല കരാറാണ്.
റഷ്യയിൽ നിന്ന് മാത്രമല്ല, ഇറാനിൽ നിന്നും രാജ്യം എണ്ണ വാങ്ങുന്നുണ്ട്. 2007ൽ 12 ശതമാനം ആയിരുന്നു ഇറാനിൽ നിന്നുള്ള ഇന്ത്യൻ ഇന്ധന ഇറക്കുമതി. പക്ഷേ ഉപരോധം വന്നതിനു ശേഷം ഇന്ത്യ ഇറാനിൽ നിന്നും ഇന്ധനം ഇറക്കുമതി ചെയ്യുന്നില്ല. പക്ഷേ ഇപ്പോഴും ഇറാനിൽ നിന്നും ഇന്ധനം ഇറക്കുമതി ചെയ്യുന്ന രാജ്യം ഉണ്ട്. ആരാണെന്ന് അറിയാമോ ? ചൈന. ഇറാനിൽ നിന്ന് പ്രതിദിനം 1.4 മില്യൺ ബാരൽ ഓയിൽ ചൈന വാങ്ങുന്നുണ്ട്.
മൂന്ന് കാരണങ്ങളാണ് ഇതിനുള്ളത്.
1. യുഎസ് സഖ്യങ്ങളെ അത് ബാധിക്കും. കാരണം, ഇപ്പോഴും യൂറോപ്പിലെ പല രാജ്യങ്ങളും റഷ്യൻ പൈപ്പ് ലൈൻ വഴി ഇന്ധനം വാങ്ങുന്നുണ്ട്
2. ഓയിൽ 'വില വിടവ്' നിലനിർത്തേണ്ടത് വിപണിയുടെ ആവശ്യമാണ്. 'വില വിടവ്' മാറ്റിയാൽ ലോക വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരും. വിദഗ്ധർ പറയുന്നത്- 200 ഡോളർ വരെ ബാരലിന് വില ഉയരും എന്നാണ്.
നിലവിൽ ബാരലിന് 65.92 ഡോളറാണ് ബാരലിന് വില. ഇത് 200ലേക്ക് എത്തിയേക്കുമെന്നാണ് നിരീക്ഷണം. അങ്ങനെ 200 ഡോളറിലേക്ക് എത്തിയാൽ, പണപ്പെരുപ്പം റോക്കറ്റ് പോലെ കുതിച്ച് ലോകത്തെ ആകെ ബാധിക്കും. അതുകൊണ്ട് തന്നെ ഈ വില വിടവ് ഇങ്ങനെ നിലനിർത്തണം.
3. എല്ലാ രാജ്യങ്ങളെ കൊണ്ടും റഷ്യക്ക് മേലുള്ള ഉപരോധം അംഗീകരിപ്പിക്കാൻ യുഎസിന് സാധിക്കില്ല. കാരണം, റഷ്യ യുഎൻ സ്ഥിരാംഗം ആണ്. എന്തെങ്കിലും ഉപരോധം റഷ്യക്കുമേല്‍ ഏർപ്പെടുത്താൻ യുഎസ് നീക്കം നടത്തിയാൽ റഷ്യ വീറ്റോ പവർ ഉപയോഗിക്കും.
ഇനി ഇപ്പോൾ ഇന്ത്യയെ സമ്മർദത്തിലൂടെ തങ്ങളുടെ വഴിയെ നടത്താന്‍ യുഎസിന് കഴിഞ്ഞു എന്ന് വിചാരിക്കുക. റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങുന്നത് ഇന്ത്യ നിർത്തുകയാണ് . പിന്നെ എന്ത് സംഭവിക്കും?
1. ഇന്ത്യക്ക് വീണ്ടും പശ്ചിമേഷ്യയെ ആശ്രയിക്കേണ്ടി വരും. ഇപ്പോൾ തന്നെ ആവശ്യക്കാരാൽ നിറഞ്ഞിരിക്കുകയാണ് വെസ്റ്റ് ഏഷ്യ. ഇനി ഇന്ത്യ കൂടി എത്തിയാൽ എണ്ണ വില വീണ്ടും ഉയരും.
2. റഷ്യയിൽ നിന്ന് ഇന്ത്യ ഇന്ധനം വാങ്ങുന്നത് നിർത്തിയാൽ, ചൈനയ്ക്ക് റഷ്യ കൂടുതൽ ഇളവുകളോടെ ഇന്ധനം നൽകും. അതുവഴി ചൈന വിപണിയില്‍ അജയ്യരാകും.
3. ഇന്ധന വില വർധിക്കും. 2026 സാമ്പത്തിക വർഷത്തിന്റെ ശേഷിക്കുന്ന കാലയളവിൽ ഇന്ത്യ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തിയാൽ, 2026ല്‍ ഇന്ത്യയുടെ ഇന്ധന ബിൽ 9 ബില്യൺ ഡോളറും 2027 സാമ്പത്തിക വർഷത്തിൽ 11.7 ബില്യൺ ഡോളറും വർധിക്കും.
ആഗോള ക്രൂഡ് ഓയിൽ വിതരണത്തിന്റെ 10 ശതമാനം റഷ്യയില്‍ നിന്നാണ്. അതിനാൽ, എല്ലാ രാജ്യങ്ങളും റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുകയും മറ്റ് രാജ്യങ്ങള്‍ ഉല്‍പ്പാദനം വർധിപ്പിക്കുകയും ചെയ്തില്ലെങ്കില്‍ ക്രൂഡ് ഓയിൽ വില 10 ശതമനം വർധിച്ചേക്കുമെന്നുമാണ് റിപ്പോർട്ടുകള്‍.
സത്യത്തിൽ ആഗോള എണ്ണ വിപണിയെ ഇന്ത്യ സന്തുലിതമാക്കി നിർത്തുകയാണ്. അതുകൊണ്ട് തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേർത്തിരിക്കുന്ന ഉന്നതതലയോഗം മുന്നോട്ട് വയ്ക്കുന്ന നയം ഇന്ത്യക്കും ആഗോള വിപണിക്കും ഏറെ പ്രാധാന്യമേറിയതാണ്.