"സമീപ ഭാവിയിൽ ഇറാനുമായി ചർച്ചകൾ നടക്കാനോ നടക്കാതിരിക്കാനോ സാധ്യതയുള്ളതിനാൽ, അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഇറാനെ ആക്രമിക്കണോ വേണ്ടയോ എന്ന് ഞാൻ തീരുമാനിക്കും," എന്ന് ട്രംപ് അറിയിച്ചതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് മാധ്യമങ്ങളെ അറിയിച്ചു. ഇറാനുമായുള്ള നയതന്ത്ര ചർച്ചകൾ പുരോഗമിക്കുകയാണെന്നും ലീവിറ്റ് അറിയിച്ചു.
തെഹ്‌റാൻ്റെ ആണവ പദ്ധതിയെക്കുറിച്ചും ഇസ്രയേലിൻ്റെ ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിനെ കുറിച്ചുമുള്ള ചർച്ചകൾക്കായി ഇറാൻ വിദേശകാര്യ മന്ത്രി ഇന്ന് ജനീവയിലെത്തും. ഫ്രാൻസ്, ജർമനി, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
ദക്ഷിണ ഇസ്രയേലിലെ തെക്കൻ ബീർഷെബയിൽ ഇറാൻ മിസൈലാക്രമണം നടത്തിയതായി സ്ഥിരീകരിച്ച് ഇസ്രയേൽ സൈന്യം. ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റതായി വാർത്താ ഏജൻസികൾ അറിയിച്ചു. നേരിട്ടുള്ള ആക്രമണമായിരുന്നുവെന്നും മിസൈൽ ഭാഗങ്ങൾ മാത്രമല്ല പതിച്ചതെന്നും ബീർഷെബ മുനിസിപ്പാലിറ്റി സ്ഥിരീകരിച്ചതായി ഇസ്രായേലിന്റെ യെദിയോത്ത് അഹ്‌റോനോത്ത് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാനിയൻ മിസൈലിനെ തടയാൻ വ്യോമ പ്രതിരോധത്തിനായില്ലെന്ന് ഇസ്രയേൽ സൈന്യവും സമ്മതിച്ചു.
ഇറാൻ്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് നയതന്ത്രത്തിലേക്ക് തിരിച്ചുവരവ് നടത്തുക എന്ന ലക്ഷ്യത്തോടെ യുകെ, ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ വെള്ളിയാഴ്ച ജനീവയിൽ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാക്കിയുമായി കൂടിക്കാഴ്ച നടത്തും.ഇറാനെതിരായ ഇസ്രായേലിന്റെ യുദ്ധത്തിൽ പങ്കുചേരണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ രണ്ടാഴ്ചത്തെ സമയപരിധി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നിശ്ചയിച്ചതിന് തൊട്ടുപിന്നാലെയാണ് കൂടിക്കാഴ്ച നടത്താനുള്ള തീരുമാനം പുറത്തുവിട്ടത്. ഇറാനെ ആക്രമിക്കണോ വേണ്ടയോ എന്ന് യുഎസ് പ്രസിഡന്റ് രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെ, യുഎസുമായി ചർച്ച നടത്തില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി. ഇറാനെതിരായ ഇസ്രയേലിൻ്റെ കുറ്റകൃത്യങ്ങളിൽ യുഎസ് പങ്കാളിയായതിനാൽ അവരുമായി ചർച്ച നടത്തില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഖ്‌ചി പറഞ്ഞതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.
ഇറാനും ഇസ്രയേലും തമ്മിലുള്ള യുദ്ധം യൂറോപ്പിൽ കുടിയേറ്റത്തിന് ദോഷകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് തുർക്കി പ്രസിഡൻ്റ് റജബ് എർദോഗൻ മുന്നറിയിപ്പ് നൽകി. സംഘർഷം കുടിയേറ്റത്തിൽ വർധന ഉണ്ടാക്കുമെന്നും അത് യൂറോപ്പിനെയും മേഖലയെയും ബാധിക്കുമെന്നും എർദോഗൻ പറഞ്ഞതായി എഎഫ്‌പിയെ ഉദ്ധരിച്ച് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.
ഗാസയിൽ മുജാഹിദീൻ ബ്രിഗേഡ് കമാൻഡർ അൽ-ആഘ കൊല്ലപ്പെട്ടു. 2023 ഒക്ടോബർ 7ന് ഇസ്രയേലിൽ നടത്തിയ ആക്രമണത്തിൽ പങ്കുള്ളയാളാണ് അൽ-ആഘയെന്നാണ് റിപ്പോർട്ട്. തട്ടിക്കൊണ്ടു പോകൽ, ബന്ദിയാക്കൽ, ബന്ദികളെ കൊലപ്പടുത്തൽ തുടങ്ങിയവയിൽ അൽ-ആഘ പങ്കാളിയായിരുന്നുവെന്ന് ഐഡിഎഫ് അറിയിച്ചു.
ഇറാൻ്റെ സാമ്പത്തിക സൗകര്യങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തുന്ന ആക്രമണം അപകടകരമെന്ന് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ ബിൻ ജാസിം അൽതാനി. നോർവേ വിദേശകാര്യ മന്ത്രി എസ്പെൻ ബാർത്ത് ഈഡുമായി സംസാരിച്ചതായി ഖത്തർ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. മേഖലയിൽ ആവർത്തിച്ചുള്ള ഇസ്രയേൽ നിയമലംഘനങ്ങളെയും ആക്രമണങ്ങളെയും ഖത്തർ അപലപിക്കുന്നതായി ഫോൺ കോളിനിടെ ഷെയ്ഖ് മുഹമ്മദ് പറഞ്ഞുവെന്ന് ഖത്തർ വാർത്താ ഏജൻസിയെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു.
ഇറാൻ തലസ്ഥാനമായ തെഹ്‌റാനിൽ ആഴ്ച പ്രാർത്ഥനകൾക്ക് ശേഷം ലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്ത പ്രതിഷേധ മാർച്ച്. ഇസ്രയേലിനെതിരെ പ്രതിഷേധിച്ച ജനങ്ങള്‍ ഇറാന്‍ നേതാക്കള്‍ക്ക് മുദ്രാവാക്യം മുഴക്കി.