വൈറ്റ് ഹൗസ് മാധ്യമപ്രവര്‍ത്തകരുടെ അസോസിയേഷന്‍ സംഘടിപ്പിച്ച ഡിന്നറിനിടെയുണ്ടായ വെടിവെപ്പിനെത്തുടര്‍ന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പരിഹസിച്ച് ഇറാന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍. ലെഗോ വീഡിയോയിലൂടെയാണ് ഇറാന്റെ പരിഹാസം. ഇറാന്‍ പുറത്തിറക്കിയ ലെഗോ സ്‌റ്റൈല്‍ 'ഡിസ് ട്രാക്ക്' വീഡിയോ ഇതിനകം വൈറലാണ്.
ട്രംപിന്റെ നേതൃത്വത്തേയും സുരക്ഷാ വീഴ്ചയെയുമാണ് വീഡിയോയില്‍ പരിഹസിക്കുന്നത്. വെടിവെപ്പും ബഹളവും പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിയന്ത്രണം ഏറ്റെടുക്കുന്നതുമെല്ലാമാണ് വീഡിയോയിലുള്ളത്.
ട്രംപിനെ അടിമുടി പരിഹസിക്കുന്ന തരത്തിലാണ് വീഡിയോയിലെ വരികള്‍. പോളിങ് നില താഴോട്ട് പോകുമ്പോഴെല്ലാം, ഇതേ അടവ് തന്നെ പുറത്തെടുക്കുന്നുവെന്നാണ് വരികള്‍. ജനപ്രീതി കുറയുമ്പോള്‍ ശ്രദ്ധ തിരിക്കാനായി ട്രംപ് ഇത്തരം നാടകീയതകള്‍ സൃഷ്ടിക്കുമെന്നാണ് പരിഹാസം.
വീഡിയോയിലെ ഒരു വരി ഇങ്ങനെ, 'Snowflake ego so high, can't handle the smoke. Hire the mentalist, so you don't get roasted' . ചെറിയൊരു വിമര്‍ശനം പോലും താങ്ങാനാവാത്തതാണ് ട്രംപിന്റെ അഹങ്കാരമെന്നും പരിഹാസങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ നല്ലൊരു മനഃശാസ്ത്ര വിദഗ്ധനെ കൂലിക്ക് വിളിക്കുന്നതാണ് നല്ലതെന്നുമൊക്കെയാണ് പരിഹാസവാക്കുകള്‍.
വാഷിങ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന വാര്‍ഷിക അത്താഴ വിരുന്നിനിടെയാണ് വെടിവെപ്പുണ്ടായത്. തന്നെ ലക്ഷ്യമാക്കി വന്ന കൊലായാളിക്ക് കൃത്യമായ പ്ലാന്‍ ഉണ്ടായിരുന്നെന്ന് ട്രംപ് പ്രതികരിച്ചിരുന്നു.
ഹോട്ടലിലെ ബാള്‍റൂമില്‍ ഏകദേശം 2600-ഓളം അതിഥികള്‍ അണിനിരന്ന അത്താഴവിരുന്നാണ് ഒരു നിമിഷം കൊണ്ട് ഭീതിയുടെ നിഴലിലായത്. പ്രസംഗത്തിനായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തയാറെടുക്കുന്നതിനിടെ വെടിയൊച്ചകള്‍ ഉയര്‍ന്നു. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ട്രംപിനെയും, ഫസ്റ്റ് ലേഡി മെലാനിയയെയും, വൈറ്റ്ഹൗസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി
സംഭവത്തില്‍ കാലിഫോര്‍ണിയയിലെ ടോറന്‍സില്‍ നിന്നുള്ള 31 വയസുകാരനായ കോള്‍ ടോമാസ് അല്ലന്‍ ആണ് പിടിയിലായത്. വെടിവെപ്പില്‍ ഒരു സീക്രട്ട് സര്‍വീസ് ഏജന്റിനും പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാല്‍ കാര്യമായ പരിക്കുകളില്ലെന്ന് അധികൃതര്‍ അറിയിച്ചു. പ്രതിയെ കീഴ്പ്പെടുത്തിയ ചിത്രങ്ങള്‍ ട്രംപ് തന്റെ ട്രൂത്ത് സോഷ്യലിലൂടെ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്.
വെടിവെപ്പിന് ഇറാന്‍ യുദ്ധവുമായി ബന്ധവുമുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് താന്‍ അങ്ങനെ കരുതുന്നില്ലെന്നായിരുന്നു ട്രംപിന്റെ മറുപടി.
2024 ജൂലൈയില്‍ പെന്‍സല്‍വാനിയയിലെ ബട്ട്‌ലറില്‍ വെടിയേറ്റതിനും, സെപ്റ്റംബറില്‍ ഫ്‌ളോറിഡയിലെ ഗോള്‍ഫ് ക്ലബ്ബിലുണ്ടായ വധശ്രമത്തിനും ശേഷം ട്രംപിന് നേരെയുണ്ടാകുന്ന മൂന്നാമത്തെ വലിയ അക്രമ ശ്രമമാണിത്. റദ്ദാക്കിയ ഡിന്നര്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ സുരക്ഷയോടെ പുനഃക്രമീകരിക്കുമെന്ന് ട്രംപ് അറിയിച്ചു.