യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്ക്കുമേൽ 50 ശതമാനം തീരുവ ചുമത്തിയതിന് പിന്നാലെ വിവാദ പരാമർശവുമായി വൈറ്റ് ഹൗസ് വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ. റഷ്യ-യുക്രെയ്ൻ യുദ്ധം മോദിയുടെ യുദ്ധമാണെന്നായിരുന്നു പീറ്റർ നവാരോയുടെ പ്രസ്താവന. ഇന്ത്യ തുടർച്ചയായി എണ്ണ വാങ്ങുന്നതാണ് റഷ്യയുടെ സൈനികശക്തിക്ക് ഇന്ധനം നൽകുന്നതെന്ന് പീറ്റർ നവാരോ അവകാശപ്പെട്ടു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിച്ചാൽ യുഎസ് തീരുവയിൽ 25 ശതമാനം കുറവ് കാണാൻ കഴിയുമെന്നും പീറ്റർ നവാരോ പറഞ്ഞു.
ബ്ലൂംബെർഗ് ടെലിവിഷന് നൽകിയ അഭിമുഖത്തിലാണ് പീറ്റർ നവാരോയുടെ പരാമർശം. ഇന്ത്യ റഷ്യയിൽ നിന്നും'കിഴിവുള്ള' ക്രൂഡ് ഓയിൽ വാങ്ങുന്നതുവഴി ലഭിക്കുന്ന പണം "അവരുടെ യുദ്ധത്തിന് ധനസഹായം നൽകാൻ" ഉപയോഗിച്ചുവെന്നാണ് നവാരോയുടെ അവകാശവാദം. നേരത്തെ പീറ്റർ നവാരെ ഇന്ത്യയെ 'തീരുവകളുടെ മഹാരാജാവ്'എന്ന് വിശേഷിപ്പിച്ചിരുന്നു.
"ഇന്ത്യക്കാർ ഇക്കാര്യത്തിൽ വളരെ അഹങ്കാരികളാണ് എന്നതാണ് എന്നെ അലട്ടുന്നത്. തങ്ങൾക്ക് ഉയർന്ന താരിഫുകൾ ഇല്ലെന്നും ഇത് തങ്ങളുടെ പരമാധികാരമാണെന്നും ഇന്ത്യ പറയുന്നു. ഇഷ്ടമുള്ള ആരിൽ നിന്നും എണ്ണ വാങ്ങാമെന്നും രാജ്യം പറയുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് നിങ്ങൾ, ശരി, അങ്ങനെ തന്നെയാണെന്ന് കരുതിക്കോളൂ," നവാരോ പറഞ്ഞു.
നേരത്തെ റഷ്യൻ എണ്ണ ഇറക്കുമതി ചെയ്ത് ഇന്ത്യ ലാഭം കൊയ്യാൻ പദ്ധതിയിടുകയാണെന്ന ഗുരുതര ആരോപണം പീറ്റർ നവാരോ ഉന്നയിച്ചിരുന്നു."2022 ഫെബ്രുവരിയിൽ റഷ്യ യുക്രെയ്ൻ അധിനിവേശം നടത്തുന്നതിന് മുമ്പ്, ഇന്ത്യ റഷ്യൻ എണ്ണ വാങ്ങിയിരുന്നില്ല. അത് അവരുടെ ആവശ്യത്തിന്റെ 'ഒരു ശതമാനം' പോലെയായിരുന്നു. ഇപ്പോൾ ആ ശതമാനം 35 ശതമാനമായി ഉയർന്നു. അവർക്ക് എണ്ണ ആവശ്യമില്ല. ഇത് ഒരു ലാഭ പങ്കിടൽ പദ്ധതിയാണ്. റഷ്യയ്ക്ക് വേണ്ടിയുള്ള കള്ളപ്പണം വെളുപ്പിക്കൽ മാത്രമാണിത്. ഇതാണ് യാഥാർഥ്യം," പീറ്റർ നവാരോ പറഞ്ഞു.
ഇന്ത്യയുടെ ഊര്‍ജ ആവശ്യങ്ങള്‍ നിറവേറ്റാന്‍ റഷ്യൻ എണ്ണ ആവശ്യമാണെന്ന വാദം അര്‍ഥശൂന്യമാണെന്നാണ് നവാരോയുടെ വാദം. 'നോക്കൂ, മോദി ഒരു മികച്ച നേതാവാണ്. പക്ഷേ, ആഗോള സമ്പദ് വ്യവസ്ഥയില്‍ ഇപ്പോള്‍ ഇന്ത്യയുടെ പങ്ക് എന്താണെന്ന് നോക്കൂ. സമാധാനം സൃഷ്ടിക്കുകയല്ല, രാജ്യം ചെയ്യുന്നത് മറിച്ച് യുദ്ധം നീട്ടിക്കൊണ്ടുപോകുകയാണ്.' പീറ്റർ നവാരോ കുറ്റപ്പെടുത്തി.
ഇന്ത്യ വിലകുറഞ്ഞ റഷ്യന്‍ എണ്ണ വാങ്ങി, ശുദ്ധീകരിച്ച ഉല്‍പ്പന്നങ്ങളാക്കി യൂറോപ്പ്, ആഫ്രിക്ക, എന്നിവിടങ്ങളില്‍ ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുകയാണെന്ന് പീറ്റർ നവാരോ ആരോപിച്ചു. "ഇന്ത്യയുമായുള്ള വ്യാപാരം കാരണം യുഎസിന് ഉണ്ടാകുന്ന ആഘാതം എന്താണ്? തീരുവയുടെ മഹാരാജാവാണ് ഇന്ത്യ. യുഎസിന് ഉയർന്ന തീരുവ ഇതര തടസ്സങ്ങൾ, വൻതോതിലുള്ള വ്യാപാരക്കമ്മി മുതലായവയുണ്ട്. അത് തൊഴിലാളികളെയും യുഎസ് ബിസിനസിനെയും ദോഷകരമായി ബാധിക്കുന്നു. നമ്മിൽ നിന്ന് അവർക്ക് ലഭിക്കുന്ന പണം, അവർ അത് റഷ്യൻ എണ്ണ വാങ്ങാൻ ഉപയോഗിക്കുന്നു, അത് പിന്നീട് അവരുടെ റിഫൈനർമാർ സംസ്കരിക്കുന്നു," പീറ്റർ പറഞ്ഞു.
അതേസമയം യുഎസ് ഇന്ത്യക്കു മേൽ പ്രഖ്യാപിച്ച 50 ശതമാനം അധിക തീരുവ പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. 55.8 ശതമാനം ഇന്ത്യൻ ഉത്പന്നങ്ങൾക്കും ഇരട്ടി തീരുവ ബാധകമാകും. യുഎസിലേക്കുള്ള ഇന്ത്യയുടെ 66 ശതമാനം കയറ്റുമതിക്ക് വൻ തിരിച്ചടിയാകും എന്നാണ് വിലയിരുത്തൽ. ടെക്സ്റ്റൈൽസ് മേഖലയാണ് കൂടുതൽ പ്രതിസന്ധിയിലാകുക . എന്നാൽ രാജ്യത്തിന് മേലുള്ള സാമ്പത്തിക സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഇന്ത്യ.