News Malayalam
WORLD

യുക്രെയ്നുനേരെ മിസൈല്‍ ചൂണ്ടി, പടിഞ്ഞാറന്‍ നേതാക്കള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തുന്ന പുടിന്‍

സോവിയറ്റ് കാലത്തേതിനു സമാനമായ, റഷ്യന്‍ ആധിപത്യമുള്ള 'ഒരു സുരക്ഷിത മേഖല' സ്ഥാപിക്കുകയാണ് പുടിന്റെ ആത്യന്തിക ലക്ഷ്യം.

Author : എസ് ഷാനവാസ്

"ശീതയുദ്ധകാലത്തേക്കാള്‍ പ്രശ്നസങ്കീര്‍ണവും പ്രവചനാതീതവുമാണ് നിലവിലെ ലോകം. അപ്രതീക്ഷിതമോ, മനപൂര്‍വമോ ഉരുത്തിരിയുന്ന പ്രതിസന്ധികളെ നേരിടാനുള്ള 'ഉപകരണങ്ങള്‍ (Tools)' ഇല്ലാത്തതിനാല്‍ അത് അപകടകരമാണ്. രണ്ട് ചേരികള്‍ക്കിടയിലായിരുന്നു ശീതയുദ്ധം സംഭവിച്ചത്. സംഘര്‍ഷം തടയാന്‍ വ്യക്തമായ നിയമങ്ങളും സംവിധാനങ്ങളും ഉണ്ടായിരുന്നു. ഒരു പരിധിവരെ പ്രവചിക്കപ്പെടാമായിരുന്നതിനാല്‍, ശീതയുദ്ധം തീഷ്ണയുദ്ധത്തിലേക്ക് (Hot War) വഴി മാറിയില്ല. അതേസമയം, ഇന്നത്തെ അപകടകരമായ സാഹചര്യത്തെ ശീതയുദ്ധമെന്നോ തീഷ്ണയുദ്ധമെന്നോ വിളിക്കുന്നില്ല. പക്ഷേ, അത്രയൊന്നും ശീതമല്ലാത്ത സംഘര്‍ഷത്തിന്റെ പുതിയ രൂപമാണ് അത്"

മൂന്നര വര്‍ഷം മുന്‍പ്, രാജ്യങ്ങള്‍ക്കിടയിലെ സംഘര്‍ഷങ്ങളും ആഭ്യന്തര കലാപങ്ങളുമൊക്കെ രൂക്ഷമാകുന്ന സാഹചര്യത്തില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞ വാക്കുകളാണിത്. 2021ന്റെ അവസാനമോ 2022ന്റെ ആദ്യമോ റഷ്യ യുക്രെയ്‌നെ ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുകള്‍ യുഎസ് ആവര്‍ത്തിക്കുന്നതിനിടെയായിരുന്നു യുഎന്‍ മേധാവിയുടെ വാക്കുകള്‍. യുക്രെയ്ന്‍ അതിര്‍ത്തിയില്‍ റഷ്യ വന്‍ പടയൊരുക്കം നടത്തുന്നതായുള്ള രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു യുഎസിന്റെ മുന്നറിയിപ്പുകള്‍. യുക്രെയ്‌നില്‍ ഒരു സൈനിക ഇടപെടലും ഉണ്ടാകരുതെന്നാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുള്ള തന്റെ സന്ദേശമെന്ന് അറിയിച്ച ഗുട്ടെറസ്, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ സംശയിക്കുന്നതുപോലെയൊന്നും സംഭവിക്കില്ലെന്നാണ് വിശ്വാസം എന്നുകൂടി പറഞ്ഞുവെച്ചു.

യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തെക്കുറിച്ച് പറഞ്ഞ സമയം തെറ്റിയപ്പോള്‍ യുഎസും പാശ്ചാത്യമാധ്യമങ്ങളും വിചാരണ ചെയ്യപ്പെട്ടു. യുക്രെയ്‌നെ ആക്രമിക്കാന്‍ പദ്ധതിയില്ലെന്നും മറിച്ചുള്ളതെല്ലാം പാശ്ചാത്യമാധ്യമങ്ങളുടെ സൃഷ്ടി മാത്രമാണെന്നും റഷ്യയും പ്രതികരണം. എന്നാല്‍ ഇതെല്ലാം തെറ്റാന്‍ അധികം കാത്തിരിക്കേണ്ടിവന്നില്ല. ശീതയുദ്ധ സാഹചര്യങ്ങള്‍ക്ക് ചൂടുപിടിച്ചു. യുക്രെയ്‌നില്‍ സൈനിക നടപടിക്ക് പുടിന്‍ റഷ്യന്‍ സൈന്യത്തോട് ഉത്തരവിട്ടു. അതിന്റെ പ്രത്യാഘാതം വേഗമേറിയതും ദൂരവ്യാപകവുമായിരുന്നു. മൂന്നര വര്‍ഷമായി അത് തുടരുന്നു. യുദ്ധങ്ങള്‍ക്കെല്ലാം അറുതിവരുത്തുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഡൊണാള്‍ഡ് ട്രംപ് യുഎസില്‍ ബൈഡന്റെ പിന്‍ഗാമിയായി. സമാധാന ചര്‍ച്ചകളിലേക്കും, വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങളിലേക്കുമൊക്കെ ലോകം പലകുറി കാതോര്‍ത്തു. ഒന്നും സംഭവിച്ചില്ലെന്ന് മാത്രമല്ല, കഴിഞ്ഞ ഏതാനും രാത്രികളായി മാരകമായ വ്യോമാക്രമണത്തിന്റെ കെട്ടഴിച്ചുവിട്ടിരിക്കുകയാണ് റഷ്യ.

അതിര്‍ത്തിയില്‍ തുടങ്ങിയ പടയൊരുക്കം

2021ന്റെ അവസാനമാണ്, യുക്രെയ്ന്‍ അതിര്‍ത്തിയില്‍ റഷ്യ വന്‍ സൈനിക വിന്യാസം നടത്തുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. 'യുക്രെയ്ന്‍ അധിനിവേശത്തിനു മുന്നോടിയായുള്ള പടനീക്കം' എന്നായിരുന്നു റഷ്യന്‍ നടപടിയെ പാശ്ചാത്യ മാധ്യമങ്ങള്‍ വിലയിരുത്തിയത്. 2022 ജനുവരിയില്‍ റഷ്യന്‍ സൈന്യം യുക്രെയ്നെ ആക്രമിച്ചേക്കുമെന്ന യുഎസ് രഹസ്യാന്വേഷ വിഭാഗം റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ചായിരുന്നു റിപ്പോര്‍ട്ടുകള്‍. റഷ്യ 'വലിയ തോതിലുള്ള' ആക്രമണത്തിനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് യുഎസും പ്രതികരിച്ചു. സാഹചര്യം തണുപ്പിക്കാന്‍ അന്നത്തെ യുഎസ് പ്രസിഡന്റ് ബൈഡനും പുടിനും തമ്മിലും, യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ആന്റണി ബ്ലിങ്കെനും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവും തമ്മിലും നിരവധി ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലപ്രദമായൊരു തീരുമാനം ഉണ്ടായില്ല.

യുക്രെയ്നെ ആക്രമിക്കാനൊരുങ്ങുന്നുവെന്ന ആരോപണങ്ങള്‍ പുടിന്‍ ആദ്യമേ നിഷേധിച്ചു. സ്വന്തം മണ്ണില്‍ സൈന്യത്തെ വിന്യസിക്കാനും സ്ഥലം മാറ്റാനുമൊക്കെയുള്ള അവകാശത്തെക്കുറിച്ചായിരുന്നു റഷ്യയുടെ വാദങ്ങള്‍. മാത്രമല്ല, റഷ്യ-യുക്രെയ്ന്‍ അതിര്‍ത്തി വിഷയത്തില്‍ യുഎസ് നേതൃത്വത്തിലുള്ള നാറ്റോ സഖ്യത്തിന്റെ ഇടപെടലിനെക്കുറിച്ചുള്ള അതൃപ്തിയും പുടിന്‍ ബൈഡനെ അറിയിച്ചു. നാറ്റോ സേന കൂടുതല്‍ കിഴക്കോട്ട് വിന്യസിക്കപ്പെടില്ലെന്നും, യുക്രെയ്നിലേക്കോ മറ്റു അയല്‍രാജ്യങ്ങളിലേക്കോ പ്രതിരോധ ആയുധങ്ങള്‍ നല്‍കപ്പെടില്ലെന്നുമുള്ള നിയമപരമായ ഉറപ്പ് നല്‍കണമെന്നും റഷ്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, റഷ്യയുടെ സൈനിക നീക്കത്തില്‍ സംശയം പ്രകടിപ്പിച്ച യുഎസ് കടുത്ത മുന്നറിയിപ്പ് നല്‍കി. യുക്രെയ്നെ ആക്രമിക്കാനുള്ള റഷ്യന്‍ നീക്കം അംഗീകരിക്കില്ല. യുക്രെയ്ന്റെ പരമാധികാരത്തിനും മേഖലയിലെ സമഗ്രതയ്ക്കും വേണ്ടിയുള്ള പിന്തുണ യുഎസ് തുടരുമെന്നും ബൈഡന്‍ അടിവരയിട്ടു. ഇരു രാജ്യങ്ങളും കാലങ്ങളായി തുടരുന്ന ശത്രുത യുക്രെയ്ന്‍ വിഷയത്തോടെ കൂടുതല്‍ സങ്കീര്‍ണമാകുകയും ചെയ്തു.

റഷ്യയുടെ യുദ്ധ ഭീഷണി വര്‍ധിച്ച സാഹചര്യത്തില്‍ യുഎസിന്റെ ഭാഗത്തുനിന്നും പുതിയ നീക്കമുണ്ടായി. യുക്രെയ്നിലെ എംബസിയില്‍നിന്ന് നയതന്ത്രജ്ഞരെ പിന്‍വലിക്കാന്‍ തീരുമാനിച്ചതിനു പിന്നാലെ യുഎസും സഖ്യകക്ഷികളും കിഴക്കന്‍ യൂറോപ്പില്‍ അധിക സൈന്യത്തെ വിന്യസിക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങി. റഷ്യയുടെ മിന്നല്‍ ആക്രമണത്തിനുള്ള സാധ്യതകള്‍ പരിഗണിച്ച് നാറ്റോ കിഴക്കന്‍ യൂറോപ്പില്‍ സൈനിക വിന്യാസം ശക്തിപ്പെടുത്തി. യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും ഉള്‍പ്പെടെ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു. നാറ്റോ അംഗമല്ലാത്തതിനാല്‍ യുക്രെയ്നില്‍ സേനയെ വിന്യസിക്കാന്‍ നാറ്റോയ്ക്ക് കഴിയുമായിരുന്നില്ല. അതിനാല്‍, അവര്‍ക്ക് പുറത്തുനിന്ന് സംരക്ഷണമൊരുക്കുക എന്നതായിരുന്നു നാറ്റോയുടെ ലക്ഷ്യം.

പുടിന്റെ യുദ്ധ പ്രഖ്യാപനം

2022 ഫെബ്രുവരി 24ന് പുലര്‍ച്ചെയായിരുന്നു പുടിന്റെ യുദ്ധ പ്രഖ്യാപനം. യുക്രെയ്‌നില്‍ റഷ്യന്‍ സൈന്യം പ്രത്യേക ഓപ്പറേഷന്‍ നടത്തുമെന്നായിരുന്നു പുടിന്‍ അറിയിച്ചത്. മേഖലയിലെ വിമത സംഘങ്ങള്‍, യുക്രെയ്‌നില്‍ നിന്നുള്ള ആക്രമണം പ്രതിരോധിക്കാന്‍ സഹായം തേടിയിരുന്നു. അതനുസരിച്ചുള്ള സൈനിക നടപടിയാണിത്. യുക്രെയ്ന്‍ സൈന്യം ചെറുത്തുനില്‍പ്പിന് മുതിരരുത്. ആയുധംവച്ച് കീഴടങ്ങണം. രക്തച്ചൊരിച്ചില്‍ ഉണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം യുക്രെയ്‌നും സഖ്യത്തിനുമായിരിക്കും. റഷ്യന്‍ സൈനിക നടപടിയില്‍ ഏതെങ്കിലും രാജ്യം ഇടപെട്ടാല്‍, ഇതുവരെ കാണാത്ത തരത്തിലുള്ള പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും പുടിന്‍ മുന്നറിയിപ്പ് നല്‍കി. അതിര്‍ത്തിയില്‍ റഷ്യ നടത്തിയ അധിക സേനാവിന്യാസത്തെത്തുടര്‍ന്നുള്ള യുക്രെയ്ന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ യുഎന്‍ രക്ഷാസമിതി യോഗം ചേരുമ്പോഴായിരുന്നു പുടിന്റെ യുദ്ധ പ്രഖ്യാപനം. പിന്നാലെ, യുക്രെയ്ന്‍ മിസൈല്‍ ആക്രമണങ്ങള്‍ക്ക് സാക്ഷിയായി. ദിവസങ്ങള്‍ക്കുള്ളില്‍ സൈനിക നടപടി സമ്പൂര്‍ണ യുദ്ധമായി മാറി.

2025 മെയ് 21ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി സ്റ്റഡി ഓഫ് വാര്‍ അടിസ്ഥാനപ്പെടുത്തി റഷ്യ മാറ്റേഴ്സ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍, എട്ട് ലക്ഷത്തോളം റഷ്യന്‍ സൈനികര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ, 48,000ലധികം പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. യുക്രെയ്‌ന്റെ നാല് ലക്ഷത്തോളം സൈനികരാണ് കൊല്ലപ്പെടുകയോ, പരിക്കേല്‍ക്കുകയോ ചെയ്തത്. 35,000ലധികം പേരെ കാണാതായി.

തീരമേഖലയിലൂടെയാണ് റഷ്യന്‍ സൈന്യം യുക്രെയ്നില്‍ ആധിപത്യം ഉറപ്പിച്ചത്. കരിങ്കടല്‍ മേഖലയില്‍, ക്രിമിയയിലൂടെ കടന്ന സൈന്യം തുറമുഖ നഗരമായ മരിയുപോള്‍, മെലിറ്റോപോള്‍ മേഖലകള്‍ നിയന്ത്രണത്തിലാക്കി. റഷ്യ സ്വതന്ത്ര പ്രദേശങ്ങളായി പ്രഖ്യാപിച്ച ഡൊണെറ്റ്‌സ്‌കിനോടും ലുഹാന്‍സിനോടും വിമതരുടെ നിയന്ത്രണത്തിലുള്ള ഡോണ്‍ബാസിനോടും ചേര്‍ന്ന നഗരങ്ങളാണ് ഇവ. പിന്നാലെ, ഖെഴ്‌സണ്‍ നഗരത്തിനായുള്ള പോരാട്ടവും റഷ്യ വിജയിച്ചു. റഷ്യന്‍ സൈന്യം ആദ്യം കൈയടക്കുന്ന പ്രാദേശിക തലസ്ഥാന നഗരമായിരുന്നു ഖെഴ്‌സണ്‍. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആണവനിലയമുള്ള സപോറഷ്യയും റഷ്യയുടെ നിയന്ത്രണത്തിലായി. കരിങ്കടല്‍ മേഖലയിലെ മറ്റൊരു തുറമുഖ നഗരമായ ഒഡേസയിലേക്കായിരുന്നു പിന്നീട് റഷ്യന്‍ സേനയുടെ മുന്നേറ്റം. റൊമാനിയന്‍ തീരം വരെയുള്ള സമുദ്രാതിര്‍ത്തി പിടിച്ച് നാവികശക്തി കൂട്ടുക എന്ന റഷ്യയുടെ കാലങ്ങളായുള്ള ആഗ്രഹവും അതിനു ശക്തി പകര്‍ന്നു. കീവിലേക്കും അതിവേഗമാണ് റഷ്യന്‍ സൈന്യം മുന്നേറിയത്.

തലസ്ഥാന നഗരത്തിനു ചുറ്റുമായാണ് റഷ്യന്‍ സൈന്യം പാളയമിറങ്ങിയത്. എന്നാല്‍, സേനാ ബാഹുല്യമുണ്ടായിട്ടും കീവിന്റെ നിയന്ത്രണം പിടിക്കാന്‍ റഷ്യക്ക് കഴിഞ്ഞില്ല. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ മരണത്തിന് കാരണമായ കടുത്ത ഷെല്ലാക്രമണങ്ങള്‍ നടന്ന ഖര്‍കിവിലും സമാന സ്ഥിതിയായിരുന്നു. തെക്കന്‍ തുറമുഖ നഗരമായ മരിയുപോളിലാണ് റഷ്യന്‍ സൈന്യം കടുത്ത നാശം വരുത്തിയത്. 90 ശതമാനത്തോളം കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തു. ചെര്‍ണോബില്‍, ചെര്‍ണിവില്‍ മേഖലകള്‍ കടുത്ത പോരാട്ടത്തിന് സാക്ഷിയായി. ഇര്‍പിന്‍ മേഖലയില്‍ റഷ്യ മുന്നേറിയെങ്കിലും, യുക്രെയ്ന്‍ നിയന്ത്രണം തിരിച്ചുപിടിച്ചു.

റഷ്യയുടെ കണക്കുക്കൂട്ടല്‍ തെറ്റുന്നു

1945നുശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ സൈനിക നീക്കമായിരുന്നു റഷ്യ നടത്തിയത്. മിന്നല്‍ ആക്രമണത്തിലൂടെ ആദ്യ ആഴ്ചയില്‍ തന്നെ യുക്രെയ്നെ കീഴടക്കാമെന്നായിരുന്നു റഷ്യയുടെ കണക്കുക്കൂട്ടല്‍. എന്നാല്‍, പ്രതീക്ഷിച്ച മുന്നേറ്റം സാധ്യമാകാതെ വന്നതോടെയാണ് റഷ്യ കര, നാവിക, വ്യോമ ആക്രണങ്ങള്‍ കടുപ്പിച്ചത്. പീരങ്കികളും മിസൈലുകളും ഉപയോഗിച്ച് നഗരങ്ങളില്‍ ബോംബ് ആക്രമണങ്ങള്‍ നടത്തി. പാര്‍പ്പിടങ്ങള്‍, സ്‌കൂളുകള്‍, കോളേജുകള്‍, ആശുപത്രികള്‍, ആരാധനാലയങ്ങള്‍ എന്നിങ്ങനെ ജനവാസ മേഖലകളില്‍ ഉള്‍പ്പെടെ ആക്രമണം കനത്തു. എന്നാല്‍, സൈന്യത്തിനൊപ്പം സാധാരണക്കാര്‍ക്കും യുദ്ധത്തില്‍ പങ്കെടുക്കാന്‍ അവസരം അനുവദിച്ചുകൊണ്ട് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലെന്‍സ്‌കി ചെറുത്തുനില്‍പ്പ് ശക്തിപ്പെടുത്തി. യുഎസും യുകെയും യൂറോപ്യന്‍ രാജ്യങ്ങളും ആയുധങ്ങള്‍ ലഭ്യമാക്കിയതോടെ, യുക്രെയ്ന്‍ സൈന്യം റഷ്യന്‍ സൈന്യത്തിന്റെ കണക്കുക്കൂട്ടലുകള്‍ തെറ്റിച്ചു.

അപ്രതീക്ഷിച്ച തിരിച്ചടി നേരിട്ടത്തോടെ, റഷ്യയുടെ നീക്കങ്ങള്‍ പാളി. കീവ് വളഞ്ഞ് ആക്രമണം നടത്തിയിട്ടും യുക്രെയ്ന്‍ പ്രതിരോധം മറികടന്ന് നിയന്ത്രണം പിടിക്കാന്‍ റഷ്യക്ക് കഴിഞ്ഞില്ല. യുക്രെയ്ന്‍ തലസ്ഥാനമായ കീവ് ഉള്‍പ്പെടെ സുപ്രധാന നഗരങ്ങള്‍ വേഗത്തില്‍ പിടിച്ചെടുക്കാമെന്ന റഷ്യയുടെ ധാരണകള്‍ പൊളിഞ്ഞുവീണു. കീവ് പിടിച്ചെടുത്ത് ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിച്ചുകൊണ്ട് തങ്ങളുടെ അധികാരം സ്ഥാപിക്കാമെന്ന പുടിന്റെ കണക്കുക്കൂട്ടലുകള്‍ പാടെ തെറ്റിപ്പോയി. പിന്മാറാന്‍ റഷ്യയും കീഴടങ്ങാന്‍ യുക്രെയ്‌നും തയ്യാറായില്ല. ചെറുതും വലുതുമായ ആക്രമണങ്ങള്‍ തുടര്‍ന്നു. നഗരങ്ങള്‍ നശിപ്പിക്കപ്പെട്ടു, സാധാരണക്കാര്‍ ഉള്‍പ്പെടെ മരിച്ചുവീണു. അവശിഷ്ടങ്ങളായി മാറിയ യുക്രെയ്ന്‍ നഗരങ്ങളുടെ പട്ടിക വര്‍ധിച്ചുകൊണ്ടിരുന്നു. ലക്ഷക്കണക്കിനാളുകള്‍ അഭയാര്‍ഥികളായി മറ്റു രാജ്യങ്ങളിലേക്ക് പലായനം ചെയ്തു.

2025 മെയ് 21ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി സ്റ്റഡി ഓഫ് വാര്‍ അടിസ്ഥാനപ്പെടുത്തി റഷ്യ മാറ്റേഴ്സ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍, എട്ട് ലക്ഷത്തോളം റഷ്യന്‍ സൈനികര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ, 48,000ലധികം പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. യുക്രെയ്‌ന്റെ നാല് ലക്ഷത്തോളം സൈനികരാണ് കൊല്ലപ്പെടുകയോ, പരിക്കേല്‍ക്കുകയോ ചെയ്തത്. 35,000ലധികം പേരെ കാണാതായി. റഷ്യയില്‍ എഴുന്നൂറോളം സിവിലിയന്മാരാണ് കൊല്ലപ്പെട്ടത്. യുക്രെയ്നില്‍ 12,910 സിവിലിയന്മാര്‍ കൊല്ലപ്പെട്ടു. സാമ്പത്തിക, രാഷ്ട്രീയ കാരണങ്ങളാല്‍ എട്ട് ലക്ഷത്തോളം പേര്‍ റഷ്യ വിട്ടുപോയിട്ടുണ്ട്. യുക്രെയ്ന്‍ പ്രത്യാക്രമണങ്ങളെത്തുടര്‍ന്ന് കുര്‍സ്ക് മേഖലയില്‍നിന്ന് 1.12 ലക്ഷം ആളുകള്‍ മാറിപ്പോയിട്ടുമുണ്ട്. യുക്രെയ്നിലേക്ക് എത്തുമ്പോള്‍ ഒരു കോടിയിലധികം പേരാണ് ചിതറിക്കപ്പെട്ടത്. 37 ലക്ഷം ആളുകള്‍ ആഭ്യന്തരമായി ചിതറപ്പെട്ടപ്പോള്‍, 69 ലക്ഷം ആളുകളാണ് പ്രാണരക്ഷാര്‍ഥം മറ്റ് രാജ്യങ്ങളിലേക്ക് പോയത്. ഇതൊക്കെയും ഔദ്യോഗിക കണക്കുകളാണ്. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കാണാതായവരുടെയും ഉള്‍പ്പെടെ കൃത്യമായ കണക്കുകള്‍ റഷ്യ പുറത്തുവിട്ടിട്ടില്ല. യുദ്ധമുഖത്ത് കാണാതായ/റഷ്യന്‍ സൈന്യത്തിന്റെ പിടിയിലായ സൈനികരെ കുറിച്ച് കൃത്യമായ കണക്കുകള്‍ ലഭ്യമായിട്ടില്ലെന്ന് യുക്രെയ്നും വ്യക്തമാക്കുന്നുണ്ട്. അതിനാല്‍, യഥാര്‍ഥ കണക്കുകള്‍ ഇപ്പോഴുള്ളതിനേക്കാള്‍ ഉയര്‍ന്നതായിരിക്കും.

ഈ യുദ്ധം എത്രകാലം തുടരും?

റഷ്യയും യുക്രെയ്നും തമ്മില്‍ നിരവധി തവണ നയതന്ത്ര ചര്‍ച്ചകള്‍ നടത്തിയെങ്കിലും യുദ്ധത്തിന് അവസാനമായിട്ടില്ല. പുടിന്‍ ഭരണകൂടത്തിനുമേല്‍ എക്കാലത്തെയും കടുത്ത സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താന്‍ യുഎസും യുകെയും യൂറോപ്യന്‍ യൂണിയനും യുദ്ധത്തിന്റെ ആദ്യ നാളുകളില്‍ തന്നെ അണിനിരന്നിരുന്നു. നൂറുകണക്കിന് പാശ്ചാത്യ ബിസിനസുകള്‍, എണ്ണക്കമ്പനികള്‍, റീട്ടെയ്‌ലര്‍മാര്‍, മക്‌ഡൊണാള്‍ഡ് പോലുള്ള ആഗോളഭീമന്മാരായ ഭക്ഷ്യശൃംഖലകള്‍ ഉള്‍പ്പെടെ റഷ്യയിലെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തുകയും ചെയ്തു. യുഎസ് ഉള്‍പ്പെടെ പാശ്ചാത്യ രാജ്യങ്ങളില്‍നിന്നും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുമുള്‍പ്പെടെ കടുത്ത ഉപരോധങ്ങളും റഷ്യ നേരിട്ടു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഏറ്റവും വേഗത്തില്‍ വളരുന്ന അഭയാര്‍ഥി പ്രതിസന്ധിയുടെ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ യുഎന്നും ചൂണ്ടിക്കാട്ടി. ഒന്നും സംഭവിച്ചില്ല, റഷ്യ യുദ്ധം തുടര്‍ന്നു; യുക്രെയ്‌ന്‍ പ്രതിരോധം ശക്തിപ്പെടുത്തി.

യു.എസ് പ്രസിഡന്റ് ട്രംപിന്റെ മധ്യസ്ഥതയിലും ഇസ്താംബൂളിലുമൊക്കെ പലതവണ ചര്‍ച്ചകള്‍ നടന്നു. നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാതെ സെലന്‍സ്കി ട്രംപിനോട് ഉള്‍പ്പെടെ ഇടഞ്ഞു. യുക്രെയ്നിലെ ധാതുസമ്പത്തില്‍ കണ്ണുനട്ടുള്ള ട്രംപിന്റെ കരാറിനെ ചൊല്ലിയായിരുന്നു സെലന്‍സ്കിയുടെ കടുംപിടിത്തം. എന്നാല്‍, യുക്രെയ്നുള്ള സൈനിക സഹായങ്ങള്‍ നിര്‍ത്തിവെച്ചും, ഇന്റലിജന്‍സ് വിവരങ്ങള്‍ പങ്കുവയ്ക്കാതെയും ട്രംപ് ഭരണകൂടം പകരംവീട്ടി. യുഎസിന്റെ പിന്തുണയില്ലാതെ അതിജീവനം സാധ്യമാകില്ലെന്ന് സെലന്‍സ്കിക്ക് ബോധ്യമുണ്ടായിരുന്നു. അവസരം മുതലെടുത്ത് റഷ്യ ആക്രമണം കടുപ്പിച്ചാല്‍, അധികനാള്‍ പിടിച്ചുനില്‍ക്കാന്‍ ശേഷിയില്ലാതെ യുക്രെയ്ന്‍ കീഴടങ്ങേണ്ടിവരും. അപ്പോഴേക്കും, രാജ്യം കുട്ടിച്ചോറായിട്ടുണ്ടാകും. അത് മുന്നില്‍ക്കണ്ട് സെലന്‍സ്കി അരുരഞ്ജനത്തിന്റെ പുതിയ നയതന്ത്രം പുറത്തെടുത്തു. ചര്‍ച്ചകള്‍ക്കും കരാറുകള്‍ക്കും സമ്മതം മൂളി. അപ്പോഴും പുടിന്‍ ഇടഞ്ഞുനിന്നു. കാലങ്ങളായി പറഞ്ഞ വാദമുഖങ്ങളും, ആവശ്യങ്ങളും ആവര്‍ത്തിച്ചുകൊണ്ടിരുന്നു.

4.4 കോടി ജനങ്ങളുള്ള യുക്രെയ്‌നെ റഷ്യയുടെ സ്വാധീന വലയത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്കാണ് രാഷ്ട്രീയ ജീവിതത്തിന്റെ സായാഹ്നത്തിലും പുടിന്‍ തിടുക്കം കൂട്ടുന്നത്.

ഏറ്റവുമൊടുവില്‍, 2025 മെയ് 23ന് ഇസ്താംബൂളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ച നടന്നു. മൂന്നര വര്‍ഷത്തിനിടെ ആദ്യമായിരുന്നു അത്തരമൊരു ചര്‍ച്ച. യുദ്ധത്തടവുകാരെ പരസ്പരം കൈമാറാമെന്ന് തീരുമാനിച്ച് ഇരു രാജ്യത്തിന്റെയും പ്രതിനിധികള്‍ പിരിഞ്ഞു. പക്ഷേ, തടവുകാരുടെ മോചനം ആരംഭിച്ചതിനു പിന്നാലെ റഷ്യ വ്യോമാക്രമണം കടുപ്പിച്ചു. തടവുകാരുടെ കൈമാറ്റം പൂര്‍ണമാകുമ്പോഴേക്കും, രാത്രി ആക്രമണങ്ങളിലൂടെ റഷ്യ യുക്രെയ്നില്‍ എക്കാലത്തെയും വലിയ നാശം വിതച്ചു. അറുന്നൂറിലധികം ഡ്രോണുകളും ഡസന്‍ കണക്കിന് മിസൈലുകളുമാണ് റഷ്യ യുക്രെയ്നിലേക്ക് തൊടുത്തത്. പതിനഞ്ചോളം പേര്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പിന്നാലെ, സകല സൗഹൃദവും മാറ്റിനിര്‍ത്തി ട്രംപ് പോലും പുടിനെതിരെ പൊട്ടിത്തെറിച്ചത് ലോകം കണ്ടു. "പുടിന്‍ തികഞ്ഞ ഭ്രാന്താണ് ചെയ്യുന്നത്. അയാള്‍ തന്റെ ചെയ്തികള്‍ അവസാനിപ്പിക്കുന്നില്ലെങ്കില്‍, അത് റഷ്യയുടെ തകര്‍ച്ചയിലേക്ക് നയിക്കും. ചെറിയൊരു ഭാഗമല്ല, യുക്രെയ്‌ന്‍ മുഴുവനായി വേണമെന്നാണ് പുടിന്റെ ആഗ്രഹമെന്ന് ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്" -എന്നിങ്ങനെ ട്രംപും പ്രതികരിച്ചു. പുടിന്‍ മാത്രം കുലുങ്ങിയില്ല.

പുടിന്റെ ലക്ഷ്യം?

1990കളുടെ തുടക്കത്തില്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്നതിനുശേഷം, നാറ്റോ കിഴക്കോട്ട് വ്യാപിച്ചു. കമ്മ്യൂണിസ്റ്റ് പാതയിലുണ്ടായിരുന്ന ഒട്ടുമിക്ക യൂറോപ്യന്‍ രാജ്യങ്ങളും നാറ്റോ അംഗങ്ങളായി. ഒരുകാലത്ത് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ലിത്വാനിയ, ലാത്വിയ, എസ്‌തോണിയ എന്നീ ബാള്‍ട്ടിക് റിപ്പബ്ലിക്കുകള്‍ പോളണ്ട്, റൊമാനിയ തുടങ്ങിയവരും നാറ്റോയില്‍ ചേര്‍ന്നു. അതോടെ, നാറ്റോ റഷ്യന്‍ അതിര്‍ത്തിയോട് ഏറെ അടുത്തു. അതുകൊണ്ടാണ്, ലോകത്തെ വമ്പന്‍ ശക്തികള്‍ക്കിടയില്‍ റഷ്യയുടെ അര്‍ഹമായ സ്ഥാനം അപഹരിച്ച ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായി സോവിയറ്റ് യൂണിയന്‍ ശിഥിലീകരണത്തെ പുടിന്‍ വിശേഷിപ്പിക്കുന്നത്. റഷ്യന്‍ സൈന്യത്തെ പുനര്‍നിര്‍മിക്കുന്നതിനും തങ്ങളുടെ ഭൗമരാഷ്ട്രീയ സ്വാധീനം പുനഃസ്ഥാപിക്കുന്നതിനുമായിരുന്നു പുടിന്‍ തന്റെ അധികാരനാളുകള്‍ ഉപയോഗപ്പെടുത്തിയത്. സാംസ്‌കാരികമായും ചരിത്രപരമായും അടിസ്ഥാനപരമായും റഷ്യയുടെ ഭാഗമാണ് യുക്രെയ്ന്‍ എന്ന് ആവര്‍ത്തിക്കുന്ന പുടിന്‍, നാറ്റോ പ്രവേശത്തിനുള്ള അവരുടെ താല്പര്യത്തെ അന്നുമിന്നും എതിര്‍ക്കുന്നു.

2014ന്റെ തുടക്കത്തില്‍ യുക്രെയ്നിലെ ബഹുജന പ്രതിഷേധങ്ങളെത്തുടര്‍ന്ന് പുടിനുമായി അടുത്ത ബന്ധമുള്ള പ്രസിഡന്റ് വിക്ടര്‍ യാനുകോവിച്ചിനെ പുറത്താക്കിയതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി. റഷ്യ അതിവേഗ ആക്രമണത്തിലൂടെ യുക്രെയ്‌ന്റെ ഭാഗമായ ക്രിമിയ പിടിച്ചെടുത്തു. 13,000ത്തിലധികം ആളുകളെ കൊന്നൊടുക്കിയ യുദ്ധത്തില്‍, ഡോണ്‍ബാസ് മേഖല റഷ്യയെ പിന്തുണയ്ക്കുന്ന വിഘടനവാദികളുടെ നിയന്ത്രണത്തിലുമായി. സോവിയറ്റ് കാലത്തേതിനു സമാനമായ, വിശാലമായ റഷ്യന്‍ ആധിപത്യമുള്ള 'ഒരു സുരക്ഷിത മേഖല' സ്ഥാപിക്കുക എന്നതായിരുന്നു പുടിന്റെ പ്രാഥമിക ലക്ഷ്യം. അതിനുമപ്പുറം, 4.4 കോടി ജനങ്ങളുള്ള യുക്രെയ്‌നെ റഷ്യയുടെ സ്വാധീന വലയത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്കാണ് രാഷ്ട്രീയ ജീവിതത്തിന്റെ സായാഹ്നത്തിലും പുടിന്‍ തിടുക്കം കൂട്ടുന്നത്. യുക്രെയ്ന് നാറ്റോ അംഗത്വം നല്‍കരുത്, നാറ്റോ സേന കൂടുതല്‍ കിഴക്കോട്ട് വിന്യസിക്കപ്പെടില്ലെന്നും, യുക്രെയ്നിലേക്കോ മറ്റു അയല്‍രാജ്യങ്ങളിലേക്കോ പ്രതിരോധ ആയുധങ്ങള്‍ നല്‍കപ്പെടില്ലെന്നുമുള്ള നിയമപരമായ ഉറപ്പ് നല്‍കണം, യുക്രെയ്നിലെ റഷ്യന്‍ സംസാരിക്കുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിച്ച്, സംരക്ഷണം നല്‍കണം എന്നിങ്ങനെ ആവശ്യങ്ങള്‍ പുടിന്‍ ഓരോ ചര്‍ച്ചയ്ക്കും വെടിവെപ്പിനുമിടയില്‍ ആവര്‍ത്തിക്കുന്നതും അതുകൊണ്ടാണ്. യുക്രെയ്നുനേരെ മിസൈല്‍ ചൂണ്ടി, പടിഞ്ഞാറന്‍ നേതാക്കള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തിയാല്‍ ആവശ്യങ്ങള്‍ നേടിയെടുക്കാമെന്ന് പുടിന് അറിയാം. അതുവരെ യുദ്ധം തുടരേണ്ടതും പുടിന്റെ മാത്രം ആവശ്യമാണ്.

SCROLL FOR NEXT