കേരളത്തിലെത്തുന്ന അതിഥിത്തൊഴിലാളികളില്‍ ബംഗ്ലാദേശില്‍ നിന്നുള്ള ഭീകരരുണ്ടെന്ന വ്യാപക പ്രചാരണം സമൂഹത്തില്‍ ഭയം പടര്‍ത്തിക്കൊണ്ടിരിക്കുകയാണ്. പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ വീണ്ടും അതിഥിത്തൊഴിലാളികള്‍ തിരിച്ച് എത്തിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് അതിഥി ഭീകരരെ കരുതിയിരിക്കണം എന്ന പ്രചാരണം സജീവമാകുന്നത്. ഇന്നത്തെ സാഹചര്യത്തില്‍ കേരളത്തില്‍ ഒഴിച്ചുകൂട്ടാനാകാത്ത തൊഴില്‍ വിഭാഗമായിരിക്കുന്നു അതിഥിത്തൊഴിലാളികള്‍. ഏപ്രിലില്‍ ബംഗാള്‍ തെരഞ്ഞെടുപ്പ് കാലത്ത് അവര്‍ ജന്മനാടുകളിലേക്ക് പോയപ്പോള്‍ നമ്മുടെ നിര്‍മാണ-വാണിജ്യ തൊഴിലിടങ്ങളിലുണ്ടായ സ്തംഭനാവസ്ഥ നാം കണ്ടതാണ്. ലഹരി- കുറ്റകൃത്യ കേസുകളില്‍ അതിഥിത്തൊഴിലാളികള്‍ കൂടുതലായി ഇടംപിടിക്കുന്നുണ്ടെങ്കിലും മത-വംശീയ പ്രചാരണങ്ങള്‍ക്കായി ഇവരെ പ്രതിക്കൂട്ടിലാക്കി സമൂഹത്തില്‍ ഭയംവിതക്കുന്നത് ശരിയല്ല.
' അവരെ അതിഥി ഭീകരരാക്കുന്നത് എന്തിനാണ്'
കേരളത്തിലെ തൊഴില്‍ മേഖലയുടെ നെടുംതൂണായി മാറിയ അതിഥി തൊഴിലാളികളുടെ എണ്ണം സംസ്ഥാനത്ത് 31 ലക്ഷം മുതല്‍ 34 ലക്ഷം വരെ എത്തിയതായി ഏറ്റവും പുതിയ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടുകളും സംസ്ഥാന പ്ലാനിംഗ് ബോര്‍ഡിന്റെ പഠനങ്ങളും വ്യക്തമാക്കുന്നു. തൊഴില്‍ വകുപ്പിന്റെ ഔദ്യോഗിക രജിസ്‌ട്രേഷന്‍ കണക്കുകള്‍ പ്രകാരം കേരളത്തിലേക്ക് ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ എത്തുന്നത് പശ്ചിമ ബംഗാളില്‍ നിന്നാണ്. ആകെ തൊഴിലാളികളില്‍ 40 ശതമാനത്തിലധികം പേരും ബംഗാള്‍ സ്വദേശികളാണ്. എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് അസമും, മൂന്നാം സ്ഥാനത്ത് ഒഡിഷയുമാണ് ഉള്ളത്. ഇതിനുപുറമെ ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള വലിയൊരു വിഭാഗം ആളുകളും കേരളത്തില്‍ തൊഴിലെടുക്കുന്നുണ്ട്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ലഭിക്കുന്ന ഉയര്‍ന്ന വേതനവും മികച്ച ജീവിത സാഹചര്യങ്ങളുമാണ് കേരളത്തിലെ വിവിധ അസംഘടിത മേഖലകളിലേക്ക് ഈ തൊഴിലാളികളെ ആകര്‍ഷിക്കുന്നത്. ഏപ്രില്‍ മാസമാണ് പശ്ചിമ ബംഗാളിലെ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അതിഥി തൊഴിലാളികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് പോയത്. എസ്ഐആര്‍ സംബന്ധിച്ച ആശങ്കള്‍ അതിന്റെ പ്രധാന കാരണമായിരുന്നു.
അതിഥി ഭീകര ഭയം വന്ന വഴി
പത്തനംതിട്ട ജില്ലയില്‍ കഴിഞ്ഞ അഞ്ചര വര്‍ഷമായി പശ്ചിമ ബംഗാള്‍ സ്വദേശിയാണെന്ന വ്യാജേന കഴിഞ്ഞിരുന്ന ജുവല്‍ കിങിന്റെ വാട്‌സ് ആപ് സ്റ്റാറ്റസ് ഇയാള്‍ക്ക് ജോലി നല്‍കിയിരുന്ന ഒരു പ്രാദേശിക കോണ്‍ട്രാക്ടര്‍ ശ്രദ്ധിച്ചതോടെയാണ് സംഭവത്തിന് തുടക്കം. ബംഗ്ലാദേശ് പതാകയുടെയും പാര്‍ലമെന്റിൻ്റേയും പശ്ചാത്തലത്തില്‍, ഒരു എകെ 47 തോക്കേന്തി നില്‍ക്കുന്ന സ്വന്തം ചിത്രമാണ് ഇയാള്‍ സ്റ്റാറ്റസ് ആക്കിയിരുന്നത്. ഒപ്പം 'ഐ ലവ് ബംഗ്ലാദേശ്' എന്ന വാചകവും, അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുന്നതിനെതിരെയുള്ള സന്ദേശങ്ങളും അതിലുണ്ടായിരുന്നു. ഈ സംഭവത്തിന് പിന്നാലെ, കേരളത്തിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തില്‍ നിരവധി ബംഗ്ലാദേശികള്‍ വ്യാജരേഖകളുമായി കേരളത്തില്‍ കഴിയുന്നതായി കണ്ടെത്തി. കരുനാഗപ്പള്ളി പോലെയുള്ള സ്ഥലങ്ങളിലെ ചില അക്ഷയ കേന്ദ്രങ്ങള്‍ വഴിയും മറ്റും ഒറിജിനലിനെ വെല്ലുന്ന വ്യാജ ആധാര്‍ കാര്‍ഡുകള്‍ ഇവര്‍ നിര്‍മിച്ചെടുക്കുന്നതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
ബംഗാളില്‍ നിന്ന് പുറത്താക്കിയ ബംഗ്ലാദേശികളെന്ന്
കേരളത്തില്‍ എത്തിക്കൊണ്ടിരിക്കുന്നവര്‍ ബംഗാളികളല്ല, ബംഗ്‌ളാദേശികളാണ് എന്ന കാമ്പയിന്‍ തുടങ്ങിയത് ബിജെപി-സംഘപരിവാര്‍ ഹാന്‍ഡിലുകളാണ്. അവരുടെ പ്രസിദ്ധീകരണങ്ങളിലും പത്രത്തിലും കുറച്ചുനാളുകളായി ഇതേ പ്രചാരണവും മുഖപ്രസംഗവും വന്നുകഴിഞ്ഞു. അവര്‍ ഉന്നയിക്കുന്ന രാഷ്ട്രീയ സാഹചര്യം ഇതാണ്. ബംഗാളില്‍ ആറര ദശലക്ഷം ബംഗ്ലാദേശി കുടിയേറ്റക്കാരുണ്ട്. ഇവരില്‍ വലിയൊരു വിഭാഗം മമതാ ബാനര്‍ജിയുടെ ഭരണകാലത്ത് നുഴഞ്ഞുകയറിയവരാണെന്നും ഇവരില്‍ നല്ലൊരു ശതമാനം തൃണമൂല്‍ കോണ്‍ഗ്രസിന്റെ വോട്ടര്‍മാര്‍ ആണെന്നുമാണ് ആരോപണം. എസ്ഐ ആര്‍ വഴി ഇവര്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായതാണ് മമതയുടെ പരാജയത്തിന് കാരണമായതത്രേ. പുതിയ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റതോടെ അനധികൃത പൗരന്മാരെ ബംഗ്ലാദേശിലേക്ക് തിരിച്ചയക്കുകയാണ്. എന്നാല്‍ ബംഗ്ലാദേശിലെ ഭരണകൂടം ബംഗാളില്‍ നിന്ന് തിരിച്ചയക്കുന്നവരെ സ്വീകരിക്കാന്‍ മടിക്കുന്നു. ഇതാണ് ബംഗാളില്‍ നിന്ന് കൂടുതല്‍ ബംഗ്ലാദേശികള്‍ ഭായിമാരായി കേരളത്തില്‍ എത്തിയേക്കാമെന്ന ആശങ്കക്ക് ഇടയാക്കിയത്.
ഭയപ്പാട് പരത്തി സാമൂഹിക മാധ്യമങ്ങള്‍
അതിഥി ഭീകര പ്രചാരണം സജീവമായതോടെ ഇവര്‍ താമസിക്കുന്ന ക്യാമ്പുകളെ ഭയാശങ്കയോടെയാണ് പരിസരവാസികള്‍ കാണുന്നത്. അതിഥി തൊഴിലാളികളില്‍ പലരും കുടുംബത്തോടെയാണ് താമസിച്ചുവരുന്നത്. നാടിന്റെ സംസ്‌ക്കാരത്തിനും സമാധാനത്തിനും അവര്‍ ഭീഷണിയാണ് എന്ന തരത്തിലുള്ള പ്രചാരണവും ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി ഒരുവിഭാഗം നടത്തിവരുന്നുണ്ട്. സംസ്ഥാനത്ത് അനധികൃതമായി താമസിക്കുന്ന എല്ലാ ബംഗ്ലാദേശി പൗരന്മാരെയും കണ്ടെത്തി ഉടന്‍ പുറത്താക്കണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടുകഴിഞ്ഞു. വ്യാജരേഖകള്‍ ഉണ്ടാക്കി ആസാമികളും, ബംഗാളികളും ആണെന്ന് തെറ്റിദ്ധരിപ്പിച്ച് ഇവര്‍ വര്‍ഷങ്ങളായി കേരളത്തില്‍ താമസിച്ചുവരികയാണെന്ന് സംഘടന ആരോപിക്കുന്നു. ബംഗ്ലാദേശികള്‍ അതിഥി തൊഴിലാളികളെന്ന വ്യാജേന കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് വന്‍തോതില്‍ കടന്നുകയറുന്നതായി വിവരമുണ്ടെന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ വി.വി. രാജേഷ് അഭിപ്രായപ്പെട്ടിട്ടുണ്ട്. തലസ്ഥാനത്ത് വ്യാപക പരിശോധന നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
അതിഥിത്തൊഴിലാളികള്‍ പണാപഹരണം നടത്തുന്നുണ്ടോ?
കേരളത്തിന്റെ പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോള്‍ ഇപ്പോഴത്തെ മുഖ്യമന്ത്രി വി.ഡി സതീശന്‍ സംസ്ഥാനത്തെ അതിഥി തൊഴിലാളികള്‍ തങ്ങളുടെ സംസ്ഥാനത്തേക്ക് പണമയക്കുന്നതിലൂടെ വന്‍തോതിലുള്ള പണാപഹരണം നടത്തുന്നുവെന്ന ആരോപണം ഉന്നയിച്ചിരുന്നു. പത്ത് വര്‍ഷം മുമ്പ് 100 കോടി രൂപയ്ക്ക് ഒരു കെട്ടിടം നിര്‍മിച്ചാല്‍, 40 മുതല്‍ 50 കോടി വരെ സംസ്ഥാനത്തിനുള്ളില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് ലഭിക്കുമായിരുന്നുവെന്നും, എന്നാല്‍ ഇപ്പോള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ അത് തട്ടിയെടുക്കുകയാണെന്നും വി.ഡി.സതീശന്‍ ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുകയും ചെയ്തു. ഇപ്പോള്‍ മുഖ്യമന്ത്രിയായിരിക്കേ സതീശന്റെ പഴയ പ്രസ്താവന വീണ്ടും സാമൂഹിക മാധ്യമങ്ങളില്‍ സജീവമാകുകയാണ്. ഇക്കാര്യം നമുക്ക് പരിശോധിക്കാം.
കേരളത്തിന്റെ സമ്പദ് വസ്ഥയെ പ്രധാനമായും ചലിപ്പിക്കുന്നത് പ്രവാസികളും അതിഥി തൊഴിലാളികളാണ്. പ്രതിവര്‍ഷം കോടിക്കണക്കിന് രൂപയാണ് ഈ രണ്ട് വിഭാഗങ്ങളും തങ്ങളുടെ നാടുകളിലേക്ക് അയക്കുന്നത്. 2023ല്‍ മാത്രം അതിഥി തൊഴിലാളികള്‍ കേരളത്തില്‍ നിന്ന് അവരുടെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് അയച്ചത് 43,378 കോടി രൂപയാണെന്ന ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷനും ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റും സംയുക്തമായി തയ്യാറാക്കിയ 'കേരള മൈഗ്രേഷന്‍ സര്‍വേ 2023' ലാണ് ഈ നിര്‍ണായക വിവരങ്ങളുള്ളത്. പ്രവാസി മലയാളികള്‍ നാട്ടിലേക്ക് ഒഴുക്കുന്ന വമ്പന്‍ തുകയുമായി താരതമ്യം ചെയ്യുമ്പോള്‍ അന്യസംസ്ഥാന തൊഴിലാളികള്‍ അയക്കുന്ന പണം വളരെ കുറവാണെന്ന് മൈഗ്രേഷന്‍ സര്‍വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2023-ല്‍ മാത്രം 22 ലക്ഷത്തോളം വരുന്ന പ്രവാസി മലയാളികള്‍ കേരളത്തിലേക്ക് അയച്ച ആകെ തുക 2,16,893 കോടി രൂപയാണ്. അതായത്, ഒരു വര്‍ഷം അതിഥി തൊഴിലാളികള്‍ വഴി കേരളത്തില്‍ നിന്ന് പുറത്തേക്ക് പോകുന്ന തുക, വിദേശത്തുനിന്ന് സംസ്ഥാനത്തേക്ക് വരുന്ന പ്രവാസി പണത്തിന്റെ ഏകദേശം 20 ശതമാനം, അതായത് അഞ്ചിലൊന്ന് മാത്രമാണ് .
ജാഗ്രത ആവശ്യമാണ് ...പക്ഷേ..
ജനസംഖ്യയില്‍ വര്‍ധിച്ചുവരുന്ന പ്രായം കൂടിയവരുടെ അനുപാതവും ശാരീരിക അധ്വാനത്തില്‍ താത്പര്യമില്ലാത്ത, വിദ്യാസമ്പന്നരും ചേര്‍ന്ന് സൃഷ്ടിക്കുന്ന തൊഴില്‍ വിടവിലേക്കാണ് അന്യസംസ്ഥാനതൊഴിലാളികള്‍ എത്തുന്നത്. അതിനാല്‍ അതിഥി തൊഴിലാളികള്‍ പ്രാദേശിക തൊഴിലാളികളുടെ അവസരങ്ങള്‍ തട്ടിയെടുക്കുകയല്ല ചെയ്യുന്നത്. മറിച്ച് സംസ്ഥാനത്തെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ കുറയുന്നില്ല ഉറപ്പാക്കുക കൂടിയാണ്. കേരളത്തില്‍ എത്തിയിട്ടുള്ള കുടിയേറ്റ തൊഴിലാളികള്‍ എത്രയുണ്ടെന്നതു സംബന്ധിച്ച് വ്യക്തമായ കണക്കുകള്‍ ലഭ്യമല്ല. കേരള സര്‍ക്കാരിന്റെ അതിഥി പോര്‍ട്ടലില്‍ 4.2 ലക്ഷം പേര്‍ മാത്രമേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂ. അതേസമയം കേരളത്തില്‍ ഏകദേശം 31 ലക്ഷത്തോളം അതിഥി തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് പറയുന്നത്. കൃത്യമായ ഡാറ്റയുടെ ഈ അഭാവം തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും അവര്‍ക്ക് ക്ഷേമപദ്ധതികള്‍ ലഭ്യമാക്കുന്നതിലും സര്‍ക്കാരിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ഈ സാഹചര്യത്തില്‍ കൃത്യമായ പരിശോധനയും വിലയിരുത്തലും വിഷയത്തില്‍ ആവശ്യമാണ്. പക്ഷേ വംശീയ-മത- രാഷ്ട്രീയ വിദ്വേഷങ്ങളുടെ ഭാഗമായുള്ള മുതലെടുപ്പിന് അതിഥിത്തൊഴിലാളികളെ വിട്ടുകൊടുത്തുകൂടാ.