സമാധാനത്തിനുള്ള നൊബേല്‍ ഇന്ന് പ്രഖ്യാപിക്കും. ട്രംപിന് പുരസ്‌കാരം ലഭിക്കുമോ എന്നതില്‍ ആകാംക്ഷ തുടരുകയാണ്. അന്തരിച്ച ഫ്രാന്‍സിസ് മാര്‍പ്പാപ്പ, ഇലോണ്‍ മസ്‌ക്, പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ എന്നിവരും സാധ്യതാ പട്ടികയിലുണ്ട്. ഗാസ, യുക്രെയ്ന്‍ യുദ്ധങ്ങളുടെ പശ്ചാത്തലവും പുരസ്‌കാരത്തെ ശ്രദ്ധേയമാക്കും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.30നാണ് പ്രഖ്യാപനം.
പുരസ്‌കാരം തന്റേതായിരിക്കണമെന്ന് വിശ്വസിക്കുന്നുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാക്കുകളാണ് സമാധന നൊബേല്‍ പ്രഖ്യാപനത്തെ ശ്രദ്ധേയമാക്കുന്നത്. കഴിഞ്ഞ ദിവസം 'ദി പീസ് പ്രസിഡന്റ്' എന്ന അടിക്കുറിപ്പോടെ ഡൊണാള്‍ഡ് ട്രംപിന്റെ ചിത്രം വൈറ്റ്ഹൗസ് പങ്കുവെച്ചിരുന്നു.
തന്റെ മുന്‍കൈയ്യില്‍ നിരവധി സമാധാന കരാറുകള്‍ ഉണ്ടാക്കിയെന്നാണ് ട്രംപിന്റെ അവകാശവാദം. അതില്‍ ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം അടക്കം ഉള്‍പ്പെടുന്നു. ഇന്ത്യ ഈ വാദം നിഷേധിച്ചിരുന്നു.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, കംബോഡിയന്‍ പ്രധാനമന്ത്രി ഹണ്‍ മാനറ്റ്, യുഎസിലെ നിയമനിര്‍മാതാക്കള്‍, പാകിസ്ഥാന്‍ സര്‍ക്കാര്‍ എന്നിവരാണ് ഇത്തവണ ട്രംപിനെ നോമിനേറ്റ് ചെയ്തത്. നേരത്തേയും ട്രംപ് നൊബേലിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.
ഇതുവരെ യുഎസിലെ നാല് പ്രസിഡന്റുമാര്‍ക്കാണ് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചത്. ഒരു യുഎസ് വൈസ് പ്രസിഡന്റിനും പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
തിയോഡോര്‍ റൂസ്വെല്‍റ്റ് (1906)
സമാധാന നൊബേല്‍ ലഭിച്ച ആദ്യ യുഎസ് പ്രസിഡന്റാണ് തിയോഡോര്‍ റൂസ്വെല്‍റ്റ്. പോര്‍ട്ട്‌സ്മൗത്ത് ഉടമ്പടിയിലൂടെ റുസ്സോ-ജാപ്പനീസ് യുദ്ധത്തിന് മധ്യസ്ഥത വഹിച്ചതിനാണ് റൂസ്വെല്‍റ്റിന് പുരസ്‌കാരം ലഭിച്ചത്. വൈറ്റ് ഹൗസിന്റെ വെസ്റ്റ് വിംഗിലെ റൂസ്വെല്‍റ്റ് റൂമില്‍ അദ്ദേഹത്തിന്റെ പുരസ്‌കാരം ഇപ്പോഴും സൂക്ഷിച്ചുവെച്ചിട്ടുണ്ട്.
വുഡ്രോ വില്‍സണ്‍ (1919)
അമേരിക്കയുടെ ഇരുപത്തിയെട്ടാമത് പ്രസിഡന്റായ വുഡ്രോ വില്‍സണ്‍ ഒന്നാം ലോകമഹായുദ്ധം അവസാനിപ്പിക്കുന്നതിലും സമാധാനം നിലനിര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള ലോകത്തിലെ ആദ്യത്തെ അന്തര്‍സര്‍ക്കാര്‍ സംഘടനയായ ലീഗ് ഓഫ് നേഷന്‍സ് രൂപീകരിക്കുന്നതിലും വഹിച്ച പങ്കിനാണ് അംഗീകാരം ലഭിച്ചത്.
ജിമ്മി കാര്‍ട്ടര്‍ (2002)
സ്ഥാനമൊഴിഞ്ഞ് 21 വര്‍ഷങ്ങള്‍ക്കു ശേഷമാണ് അമേരിക്കയുടെ 39ാം പ്രസിഡന്റായിരുന്ന ജിമ്മി കാര്‍ട്ടറിന് നൊബേല്‍ പുരസ്‌കാരം ലഭിച്ചത്. അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍ക്ക് സമാധാനപരമായ പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനും ജനാധിപത്യവും മനുഷ്യാവകാശങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നതിനും സാമ്പത്തികവും സാമൂഹികവുമായ വികസനം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ദശാബ്ദങ്ങളായുള്ള പരിശ്രമത്തിനുമായിരുന്നു പുരസ്‌കാരം.
ബരാക് ഒബാമ (2009)
അന്താരാഷ്ട്ര നയതന്ത്രവും ജനങ്ങള്‍ തമ്മിലുള്ള സഹകരണവും ശക്തിപ്പെടുത്തുന്നതിനും ആണവനിരായുധീകരണത്തിനും കാലാവസ്ഥാ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അസാധാരണ ശ്രമങ്ങള്‍ മുന്‍നിര്‍ത്തിയാണ് 44ാം യുഎസ് പ്രസിഡന്റായിരുന്ന ബരാക് ഒബാമയ്ക്ക് നൊബേല്‍ ലഭിച്ചത്. പ്രസിഡന്റ് പദവിയിലെത്തി ഒരു വര്‍ഷത്തിനുള്ളിലായിരുന്നു അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചത്.
അല്‍ ഗോര്‍ (2007)
ബില്‍ ക്ലിന്റന്റെ കീഴില്‍ 1993 മുതല്‍ 2001 വരെ അമേരിക്കയുടെ 45-ാമത് വൈസ് പ്രസിഡന്റായിരുന്നു അല്‍ ഗോര്‍. നൊബേല്‍ ലഭിച്ച ഏക അമേരിക്കന്‍ വൈസ് പ്രസിഡന്റ്് കൂടിയാണ് അദ്ദേഹം. ആഗോള താപനത്തെ കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും കൂടുതല്‍ അറിവ് വളര്‍ത്തിയെടുക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ക്കായിരുന്നു പുരസ്‌കാരം.