അമേരിക്ക ഗ്രീൻലാൻഡിനെ ആക്രമിച്ചാൽ വിവരമറിയുമെന്ന് ഡാനിഷ് പ്രതിരോധ മന്ത്രാലയത്തിൻ്റെ താക്കീത്. സൈനികർ ആദ്യം വെടിവച്ചു കഴിഞ്ഞിട്ടായിരിക്കും പിന്നീട് ചോദ്യങ്ങൾ ചോദിക്കുകയുള്ളുവെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾക്കായി കാത്തുനിൽക്കാതെ സൈനികർക്ക് ആക്രമണകാരികളെ ആക്രമിക്കാമെന്ന് നിഷ്കർഷിക്കുന്ന 1952 ലെ സൈന്യത്തിൻ്റെ ഇടപെടൽ നിയമം നിലനിൽക്കെയാണ് മന്ത്രാലയം ഇത്തരത്തിൽ പ്രതികരിച്ചത്.
നാറ്റോയുടെ ഭാഗമായ ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ശ്രമം നടത്തുന്നതിനിടെയാണ് ഡാനിഷ് മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. ആർടിക് ദ്വീപ് പിടിച്ചടക്കുവാൻ സൈനിക ശക്തി പ്രയോഗിക്കുമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.
അമേരിക്കയുടെ ദേശീയ സുരക്ഷാ മുൻഗണന കണക്കിലെടുത്താണ് ഗ്രീൻലാൻഡ് ഏറ്റെടുക്കുന്നതെന്നും ആർടിക് മേഖലയിലെ എതിരാളികളെ തടയേണ്ടത് അത്യാവശ്യമാണെന്നുമാണ് ട്രംപ് ഇതിന് ന്യായീകരണമായി പറഞ്ഞത്. അടുത്തയാഴ്ച ഡാനിഷ്, ഗ്രീൻലാൻഡ് ഉദ്യോഗസ്ഥരെ കാണാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചിട്ടുണ്ട്. ട്രംപ് ദ്വീപ് വാങ്ങുവാനാണ് ആഗ്രഹിക്കുന്നതെന്നും സൈനിക ബലപ്രയോഗം നടത്തുകയില്ലെന്നും മാർക്കോ റൂബിയോ വ്യക്തമാക്കിയതായും വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. അതേസമയം, യുഎസ് ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയെ ആവശ്യമായ കൂടിക്കാഴ്ചയാണെന്ന നിലയിൽ ഡെൻമാർക്ക് സ്വാഗതം ചെയ്തിട്ടുണ്ട്.
ഗ്രീൻലാൻഡിനെ സുരക്ഷിതമാക്കുന്നതിൽ ഡെൻമാർക്ക് ശരിയായ രീതിയിൽ പ്രവർത്തിച്ചിട്ടില്ലെന്നും എന്നാൽ ട്രംപ് ഇതിനായി എന്തും ചെയ്യാൻ തയ്യാറാണെന്നും യുഎസ് വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസ് പറഞ്ഞു. അതേസമയം, ദ്വീപ് വിൽപ്പനക്കുള്ളതല്ലെന്ന് ഡെൻമാർക്കും ആവർത്തിച്ച് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
ഗ്രീൻലാൻഡിൻ്റെയും ഡെൻമാർക്കിൻ്റെയും പ്രാദേശിക സമഗ്രതയെ മാനിക്കണമെന്ന് നേരത്തെ യൂറോപ്യൻ നേതാക്കൾ സംയുക്ത പ്രസ്താവനയിൽ ട്രംപിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഗ്രീൻലാൻഡിനെതിരായ ഏതൊരു യുഎസ് ആക്രമണവും നാറ്റോ സഖ്യത്തിൻ്റെ അന്ത്യം കുറിക്കുന്നതായിരിക്കുമെന്ന് ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സെനും വ്യക്തമാക്കിയിരുന്നു.