വാനനിരീക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന വൂൾഫ് മൂണിന് ഇനി മണിക്കൂറുകൾ മാത്രം. ഈ വർഷത്തെ ആദ്യത്തെ പൂർണചന്ദ്രനാണ് വൂൾഫ്‌മൂൺ എന്ന് അറിയപ്പെടുന്നത്. ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന ചന്ദ്രനെ നിരീക്ഷിക്കാൻ ഇത് ഒരു സവിശേഷ അവസരമാണ് നൽകുന്നതെന്ന് നാഷണൽ ജിയോഗ്രാഫിക് പറയുന്നു. ഇനി നവംബറിലാകും ഇത്തരത്തിൽ സൂപ്പർ മൂണിനെ കാണാൻ വാനനിരീക്ഷകർക്ക് അവസരമുണ്ടാകുക.
വൂൾഫ് മൂൺ എന്ന്, എപ്പോൾ കാണാം?
സാധാരണയേക്കാൾ വലുതും തിളക്കമുള്ളതുമായി ചന്ദ്രനെ കാണാനാകുന്ന വൂൾഫ് മൂൺ വിസ്മയം ഇക്കുറി ജനുവരി മൂന്നിനാണ് ദൃശ്യമാകുക. ജനുവരി 3ന് രാവിലെ ഏകദേശം അഞ്ച് മണി (ET) ക്ക് വൂൾഫ് മൂൺ അതിന്റെ പരമാവധി തെളിച്ചത്തിലെത്തും. എന്നാൽ, ആകാശം തെളിഞ്ഞതാണെങ്കിൽ, ജനുവരി 2 മുതൽ ജനുവരി 3 വരെയുള്ള രാത്രി മുഴുവൻ അത് കാണാൻ സാധിക്കും. ഏറ്റവും മനോഹരമായ കാഴ്ചയ്ക്കായി, ചന്ദ്രൻ ഉദിക്കുമ്പോഴും അസ്തമയ സമയത്തും സൂര്യോദയ സമയത്തും നിരീക്ഷിക്കാനാണ് വിദഗ്ദ്ധർ നിർദേശിക്കുന്നത്. സൂപ്പർമൂൺ ആസ്വദിക്കാൻ ബൈനോക്കുലറോ ദൂരദർശിനിയോ ആവശ്യമില്ല. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കുന്നതാണ്.
ജനുവരി 3 ന് ദൃശ്യമാകുന്ന സൂപ്പർ മൂണിന് മറ്റ് പ്രത്യേകതകളുമുണ്ട്. രാത്രിയിൽ വ്യാഴത്തെ ചന്ദ്രനടുത്ത് കാണാനാകും. കൂടാതെ ശൈത്യകാല നക്ഷത്രസമൂഹമായ ഓറിയോണും ദൃശ്യമാകും. കൂടാതെ, ചന്ദ്രോദയ സമയത്ത് തെക്കുപടിഞ്ഞാറൻ ആകാശത്ത് ശനിയെയും കാണാൻ സാധിക്കും.
വൂൾഫ് മൂണിൻ്റെ പേരിന് പിന്നിലെ കഥയെന്ത്?
1930കളിലാണ് ഓൾഡ് ഫാർമേഴ്‌സ് അൽമാനാക് ആദ്യമായി പൂർണ ചന്ദ്രന്മാരുടെ പേരുകൾ പ്രസിദ്ധീകരിക്കാൻ തുടങ്ങിയത്. ജനുവരിയിലെ പൂർണചന്ദ്രനെ ചെന്നായ്ക്കളുടെ ഓരിയിടൽ ഈ സമയത്ത് കൂടുതൽ കേൾക്കാൻ സാധ്യതയുള്ളതിനാലാണ് വൂൾഫ് മൂൺ എന്ന് വിളിക്കുന്നത്. കോൾഡ് മൂൺ, ഐസ് മൂൺ, ഓൾഡ് മൂൺ, എന്നിങ്ങനെ മറ്റ് പേരുകളും വൂൾഫ് മൂണിനുണ്ട്.