ഗർഭിണികൾ പാരസെറ്റമോൾ കഴിച്ചാൽ കുഞ്ഞുങ്ങൾക്ക് ഓട്ടിസം വരുമെന്ന വിചിത്ര പ്രസ്താവനയുമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഗർഭകാലത്ത് സ്ത്രീകൾ അമേരിക്കയിൽ ടൈലനോൾ എന്നറിയപ്പെടുന്ന അസറ്റാമിനോഫെൻ ഒഴിവാക്കണമെന്നും, രാജ്യത്ത് ഓട്ടിസം നിരക്കുകൾ വർധിക്കുന്നതിൻ്റെ കാരണം ഇതായിരിക്കാമെന്നും ട്രംപ് പറഞ്ഞു. "ഞാൻ അത് പറയും. അത് നല്ലതല്ല. വൈദ്യശാസ്ത്രം നിർദേശിക്കുന്നില്ലെങ്കിൽ ഗർഭകാലത്ത് സ്ത്രീകൾ ടൈലനോൾ ഉപയോഗം പരിമിതപ്പെടുത്തണം" ഇങ്ങനെയായിരുന്നു ട്രംപിൻ്റെ പ്രതികരണം. തന്റെ അവകാശവാദം തെളിയിക്കുന്ന യാതൊരു തെളിവുകളും ഇല്ലാതെയായിരുന്നു ട്രംപിൻ്റെ പ്രതികരണം.
കുഞ്ഞുങ്ങൾക്ക് നൽകേണ്ട വാക്സിനുകളുടെ കാര്യത്തിലും ട്രംപ് അഭിപ്രായം രേഖപ്പെടുത്തി. കുട്ടികൾക്ക് വാക്സിൻ നൽകുന്നതിനായി 12 വയസ് വരെ കാത്തിരിക്കണമെന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം. പ്രസിഡന്റ് ട്രംപിന്റെ നിർദ്ദേശപ്രകാരം, ഓട്ടിസത്തിന്റെ എല്ലാ കാരണങ്ങളും തിരിച്ചറിയുന്നതിനായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്, എഫ്ഡിഎ, സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ, സെന്റർസ് ഫോർ മെഡികെയർ ആൻഡ് മെഡികെയ്ഡ് സർവീസസ് എന്നിവർ ചേർന്ന് ശ്രമം ആരംഭിക്കുമെന്ന് ബ്രീഫിംഗിൽ പങ്കെടുത്ത ആരോഗ്യ സെക്രട്ടറി റോബർട്ട് എഫ്. കെന്നഡി ജൂനിയർ പറഞ്ഞു.
എന്നാൽ, വലിയ ചർച്ചകൾക്കാണ് ട്രംപിൻ്റെ പ്രസ്താവന തിരി കൊളുത്തിയിരിക്കുന്നത്. ഗർഭിണികൾ പാരസെറ്റമോൾ കഴിച്ചാൽ കുഞ്ഞുങ്ങൾക്ക് ഓട്ടിസമുണ്ടാകുമെന്ന ട്രംപിൻ്റെ വാദം അടിസ്ഥാനരഹിതമാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. വാക്സിനുകൾ ഓട്ടിസത്തിന് കാരണമാകില്ല. വാക്സിനുകൾ ജീവൻ രക്ഷിക്കുന്നതിനാണ്. ഇത് ശാസ്ത്രം തെളിയിച്ച കാര്യമാണ്, ഇക്കാര്യങ്ങൾ ചോദ്യം ചെയ്യപ്പെടരുതെന്നും ജനീവയിൽ നടന്ന പത്രസമ്മേളനത്തിൽ ലോകാരോഗ്യ സംഘടന വക്താവ് താരിക് ജഷാരെവിച്ച് പറഞ്ഞു.