യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ്റെ ആക്രമണം 
WORLD

ഇറാനെതിരെ ആക്രമണം കടുപ്പിച്ച് യുഎസ്; കാലിഫോര്‍ണിയയില്‍ കാട്ടുതീ

പ്രധാന ലോക വാർത്തകൾ

Author : ന്യൂസ് ഡെസ്ക്

ഇറാനെതിരെ വീണ്ടും ആക്രമണ പരമ്പരയുമായി യുഎസ്. ഹോര്‍മൂസില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ക്ക് മറുപടിയായാണ് യുഎസിന്റെ ആക്രമണം. ആക്രമണങ്ങള്‍ക്ക് പിന്നാലെ, ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് നല്‍കിയിരുന്ന ഉപരോധ ഇളവുകള്‍ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ഉടനടി പ്രാബല്യത്തോടെ റദ്ദാക്കി. ഇതോടെ യുഎസ് ഉപരോധം ഭയക്കാതെ ഇറാനില്‍ നിന്ന് എണ്ണ വാങ്ങാനുള്ള അനുമതിയാണ് ഇല്ലാതായത്. ഇരുരാജ്യങ്ങളും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് പുതിയ സൈനിക നടപടിയും ഉപരോധവും.

ശ്രീലങ്കന്‍ ജയിലിലെ സംഘര്‍ഷത്തില്‍ മരണം 26

ശ്രീലങ്കയിലെ ജയിലിലുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 26 ആയി. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. രണ്ട് ലഹരി മാഫിയാ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കൊളംബോയില്‍ നിന്ന് 35 കിലോമീറ്റര്‍ വടക്കുള്ള തീരദേശ നഗരമായ നെഗൊമ്പോയിലെ ജയിലിലാണ് തടവുകാരുടെ രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ രണ്ടുദിവസം സംഘര്‍ഷമുണ്ടായത്. കൊല്ലപ്പെട്ട 26 പേരില്‍ ഏഴ് പേര്‍ ജയില്‍ ഉദ്യോഗസ്ഥരാണ്.

കലിഫോര്‍ണിയയിലെ എന്‍സിനോയില്‍ കാട്ടുതീ

കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചല്‍സ് കൗണ്ടിയില്‍ കാട്ടുതീ. പ്രാദേശിക സമയം വൈകിട്ട് 4:59-ഓടെയാണ് കാട്ടുതീ റിപ്പോട്ട് ചെയ്തത്. യുഎസ് ഫോറസ്റ്റ് സര്‍വീസിന്റെ മേല്‍നോട്ടത്തിലുള്ള ഫെഡറല്‍ ഭൂമിയിലാണ് തീ പടരുന്നത്. തീ എത്രത്തോളം നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചിട്ടുണ്ടെന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ നിലവില്‍ ലഭ്യമായിട്ടില്ല. കാട്ടുതീയുടെ കൃത്യമായ കാരണവും പുറത്തുവന്നിട്ടില്ല.

പാക് ചരക്ക് വിമാനം അറബിക്കടലില്‍ കാണാതായി

അഞ്ച് പേരുമായി പാകിസ്ഥാനില്‍ നിന്ന് പുറപ്പെട്ട ചരക്ക് വിമാനം അറബിക്കടലില്‍ കാണാതായി. കറാച്ചിയില്‍ നിന്ന് പോയ വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടതായി പാക് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. വിമാനത്തിന്റെ ഉയരം പെട്ടെന്ന് താഴുകയും എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരുമായുള്ള ബന്ധം നഷ്ടമാവുകയുമായിരുന്നു. അറബിക്കടലില്‍ വിമാനത്തിനായുള്ള തിരച്ചിലും രക്ഷാപ്രവര്‍ത്തനവും പുരോഗമിക്കുകയാണ്.

ഷാര്‍ജയില്‍ നിന്നും കറാച്ചിയിലേക്ക് സര്‍വീസ് നടത്തുകയായിരുന്ന K2 എയര്‍വേസ് കമ്പനിയുടെ ബോയിങ് 737 ചരക്കുവിമാനമാണ് കാണാതായത്. പ്രാദേശിക സമയം രാത്രി 9:18-ഓടെ വിമാനത്തിന്റെ നാവിഗേഷന്‍ സിസ്റ്റത്തില്‍ തകരാര്‍ സംഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരുന്നതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി കൂട്ടിച്ചേര്‍ത്തു.

SCROLL FOR NEXT