WORLD

ഓരോ ദിവസവും പറയുന്നത് ഓരോ കാര്യങ്ങള്‍; എന്നും സംസാരിക്കാതിരിക്കാന്‍ പറ്റുമോ എന്ന് ട്രംപിനോട് മാക്രോണ്‍

ട്രംപിന്റെ നിലപാടുകള്‍ ആശയക്കുഴപ്പമുണ്ടാക്കുന്നു

Author : ന്യൂസ് ഡെസ്ക്

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പശ്ചിമേഷ്യന്‍ നയങ്ങളിലെ വൈരുധ്യങ്ങളെ വിമര്‍ശിച്ച് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട് ട്രംപ് ഓരോ ദിവസവും ഓരോ നിലപാടുകള്‍ സ്വീകരിക്കുന്നതിനെയാണ് മാക്രോണ്‍ വിമര്‍ശിച്ചത്. ട്രംപിന്റെ നിലപാടുകള്‍ ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്നും അതീവ ഗൗരവകരമായ വിഷയങ്ങളില്‍ ഇത്തരം നിലപാടുകള്‍ ഗുണകരമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ദക്ഷിണ കൊറിയയില്‍ നടത്തിയ സന്ദര്‍ശനത്തിനിടെയായിരുന്നു മാക്രോണിന്റെ വിമര്‍ശനം. ഗൗരവകരമായ വിഷയങ്ങളാണ് പറയുന്നതെങ്കില്‍ അതിന്റെ ഗൗരവം കാണിക്കണം. ഓരോ ദിവസവും പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ പറയരുത്. മാത്രമല്ല, ട്രംപ് എല്ലാ ദിവസവും സംസാരിക്കേണ്ടതില്ലെന്നും മാക്രോണ്‍ പറഞ്ഞു.

ഇറാന്‍ വിഷയത്തിലും നാറ്റോ സഖ്യത്തിന്റെ കാര്യത്തിലും ട്രംപ് സ്വീകരിക്കുന്ന പരസ്പര വിരുദ്ധമായ നയങ്ങളെയാണ് മാക്രോണ്‍ വിമര്‍ശിച്ചത്. നാറ്റോയെ ട്രംപ് ദുര്‍ബലപ്പെടുത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നാറ്റോ സഖ്യം പ്രവര്‍ത്തിക്കുന്നത് പരസ്പര വിശ്വാസത്തിന്മേലാണ്. എന്നാല്‍, ട്രംപന്റെ ഓരോ ദിവസത്തേയും ഓരോ നിലപാടുകള്‍ ഈ വിശ്വാസത്തെ തകര്‍ക്കുന്നു.

ഓരോ ദിവസവും സഖ്യത്തിലുള്ള നിങ്ങളുടെ പ്രതിബദ്ധതയെക്കുറിച്ച് സംശയം പ്രകടിപ്പിച്ചാല്‍, സഖ്യത്തിന്റെ അന്തസ്സത്ത ഇല്ലാതാകുമെന്ന് മാക്രോണ്‍ ചൂണ്ടിക്കാട്ടി.

ഇറാനെതിരായ യുഎസിന്റെ സൈനിക നടപടിയെ സഖ്യകക്ഷികള്‍ പിന്തുണച്ചില്ലെന്നും അതിനാല്‍ നാറ്റോയില്‍ നിന്ന് പിന്‍വാങ്ങുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഒരു ഉടമ്പടിയില്‍ ഒപ്പിട്ടു കഴിഞ്ഞാല്‍ അത് എല്ലാ ദിവസവും രാവിലെ ചര്‍ച്ച ചെയ്യേണ്ട കാര്യമല്ല. പ്രശ്‌നമുണ്ടാകുന്ന ദിവസം കൂടെ നില്‍ക്കുക എന്നതാണ് പ്രധാനം എന്ന് മാക്രോണ്‍ പറഞ്ഞു. ട്രംപിന്റെ നിരന്തരമായ സോഷ്യല്‍ പോസ്റ്റുകളേയും പ്രസ്താവനകളെയും പരോക്ഷമായി മാക്രോണ്‍ പരിഹസിച്ചു.

നാറ്റോയെ 'കടലാസ് പുലി' കള്‍ എന്നായിരുന്നു ട്രംപിന്റെ പരിഹാസം. നാറ്റോയുടെ വിശ്വാസ്യതയിലും യുഎസ് പ്രസിഡന്റ് സംശയം പ്രകടിപ്പിച്ചിരുന്നു. നാറ്റോയ്ക്ക് വേണ്ടി കണക്കില്ലാത്ത ഡോളര്‍ യുഎസ് ചെലവഴിച്ചിട്ടും പിന്തുണ വേണ്ട സമയത്ത് അത് ലഭിച്ചില്ലെന്നുമാണ് ട്രംപിന്റെ വിമര്‍ശനം. ഇതിനു പിന്നാലെയാണ് ട്രംപിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് മാക്രോണ്‍ രംഗത്തെത്തിയത്.

ഇറാനെതിരായ സൈനിക നീക്കത്തിനു പിന്നാലെ അടക്കപ്പെട്ട ഹോര്‍മുസ് കടലിടുക്ക് സൈനിക ശക്തി ഉപയോഗിച്ച് തുറക്കാനുള്ള നീക്കം പ്രായോഗികമല്ലെന്നും മാക്രോണ്‍ ചൂണ്ടിക്കാട്ടി. വലിയ സുരക്ഷാ ഭീഷണിയും സമയമെടുക്കുന്നതുമായ നീക്കമാണ് അത്. നയതന്ത്ര ചര്‍ച്ചകളിലൂടെയും വെടിനിര്‍ത്തലിലൂടെയും മാത്രമേ പ്രശ്‌നപരിഹാരം സാധ്യമാകൂ എന്നതാണ് ഫ്രാന്‍സിന്റെ നിലപാട്.

ഇറാന്റെ നാവികസേനയെയും മറ്റ് സൈനിക വിഭാഗങ്ങളെയും പൂര്‍ണ്ണമായും തകര്‍ത്തു എന്നാണ് ട്രംപിന്റെ അവകാശവാദം ഉന്നയിക്കുന്നതിനിടയിലും ഇറാന്റെ പ്രതിരോധം തുടരുകയാണ്. ഇത് ട്രംപിന്റെ അവകാശവാദങ്ങള്‍ എത്രത്തോളം ശരിയാണെന്ന ചോദ്യമുയര്‍ത്തുന്നു.

SCROLL FOR NEXT