ഇംഗ്ലണ്ട്: നോർത്താംപ്ടണിലുള്ള ഇന്ത്യൻ റെസ്റ്റോറന്റിൽ 23,000 രൂപയ്ക്ക് ഭക്ഷണം കഴിച്ച യുവാക്കളുടെ സംഘം പണം നൽകാതെ ഇറങ്ങിയോടി. പൊലീസ് മോഷണക്കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നുണ്ട് . മോഷ്ടാക്കളെ കുറിച്ച് വിവരം നൽകാൻ പ്രത്യേക നമ്പറും പൊലീസ് പൊതുജനത്തിനിടയിൽ പ്രസിദ്ധപ്പെടുത്തി.
ഓഗസ്റ്റ് നാലിന് സഫ്രോൺ ഇന്ത്യൻ റെസ്റ്റോറന്റിനാണ് വൻ തുകയുടെ നഷ്ടം സംഭവിച്ചത്. രാത്രി പത്തേകാലിന് യുവാക്കളുടെ നാലംഗസംഘം നോർത്താംപ്ടണിലെ റെസ്റ്റോറന്റിലെത്തി. പിന്നാലെ വിവിധയിനം ഭക്ഷണപദാർത്ഥങ്ങൾ ഓർഡർ ചെയ്തു. വിവിധതരം കറികളും ആട്ടിറച്ചിയും ഇന്ത്യൻ ഹോട്ടലിലെ സ്പെഷ്യൽ ഐറ്റംസുമെല്ലാം യുവാക്കൾ ആവോളം ആസ്വദിച്ചുകഴിച്ചു. പിന്നാലെ ബില്ലുമെത്തി. 197.30 പൗണ്ട് അതായത് 23,000 ഇന്ത്യൻ രൂപക്കായിരുന്നു ഭക്ഷണം.
തീരുമാനിച്ച് എത്തിയതുതന്നെയാകണം. ഭക്ഷണമെല്ലാം അകത്താക്കിയ നാലംഗസംഘം ബിൽ കൗണ്ടറിനടുത്തെത്തിയ ശേഷം ഇറങ്ങിയോടി. പാവം റെസ്റ്റോറന്റ് ജീവനക്കാരൻ പിന്നാലെ ഓടിയെങ്കിലും ഫലമുണ്ടായില്ല.ജീവനക്കാരന്റെ ശമ്പളം പിടിച്ചോ ഇല്ലയോ എന്ന് അയാൾക്ക് മാത്രമറിയാം. വഞ്ചനയുടെ ദൃശ്യങ്ങൾ സഫ്രോൺ ഹോട്ടൽ തന്നെയാണ് ഫേസ് ബുക്കിലൂടെ പൊതുസമൂഹത്തെ അറിയിച്ചത്.
മറ്റ് ഹോട്ടലുകൾക്കും നാല് യുവാക്കളെ സംബന്ധിച്ച് സഫ്രോണിൽ നിന്ന് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. യുവാക്കൾക്കെതിരെ മോഷണക്കുറ്റം ചുമത്തിയ നോർത്താംപ്ടൺ പൊലീസ് വ്യാപകമായ അന്വേഷണം നടത്തുന്നുണ്ട്. ഈ ചതി ചെയ്തവരെ കണ്ടെത്താൻ എല്ലാവരും സഹായിക്കണമെന്നും ഇത്തരം രീതികൾ സമൂഹത്തിന് ചേർന്നതല്ലെന്നും റെസ്റ്റോറന്റ്, സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.