കീവ്: താനുമായി നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് 'തയ്യാറല്ലെങ്കിൽ' റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനെതിരെ യുഎസ് കടുത്ത നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമർ സെലന്‍സ്കി. ഓഗസ്റ്റ് 20ന് മാധ്യമങ്ങളെ കണ്ടപ്പോഴാണ് സെലന്‍സ്കി ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത്.
"ഞങ്ങൾ ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് തയ്യാറാണ്. റഷ്യക്കാർ തയ്യാറല്ലെങ്കിൽ, യുഎസില്‍ നിന്ന് ശക്തമായ പ്രതികരണം ഉണ്ടായി കാണാന്‍ ഞങ്ങൾ ആഗ്രഹിക്കുന്നു," സെലൻസ്‌കി പറഞ്ഞു. യുക്രെയ്‌നുമായുള്ള ചർച്ചകൾ നിരസിച്ചാല്‍ റഷ്യക്ക് മേല്‍ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്താൻ ട്രംപിനോട് ആവശ്യപ്പെട്ടതായും സെലന്‍സ്കി കൂട്ടിച്ചേർത്തു.
2022 ഫെബ്രുവരിയിൽ റഷ്യയുടെ പൂർണ്ണ തോതിലുള്ള അധിനിവേശം ആരംഭിച്ചതിനുശേഷം സെലെൻസ്‌കിയും പുടിനും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരിക്കും ഇത്. ഫ്രാൻസും ജർമ്മനിയും മധ്യസ്ഥത വഹിച്ച നോർമാണ്ടി ഫോർമാറ്റ് ചർച്ചകളുടെ ഭാഗമായി 2019 ഡിസംബറിൽ പാരീസിലാണ് ഇരു നേതാക്കളും അവസാനമായി കണ്ടുമുട്ടിയത്.
അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നാറ്റോയുടെ "ആർട്ടിക്കിൾ 5 പോലുള്ള" സുരക്ഷാ ഗ്യാരന്റികളില്‍ വ്യക്തത ലഭിക്കുമെന്ന് സെലൻസ്‌കി പറഞ്ഞു. റഷ്യ-യുക്രെയ്ന്‍ ഉഭയകക്ഷി കൂടിക്കാഴ്ച രണ്ടാഴ്ചയ്ക്കുള്ളില്‍ നടക്കുമെന്നാണ് ട്രംപ് പ്രതീക്ഷിക്കുന്നത്. ആ കൂടിക്കാഴ്ച ഫലം കണ്ടാൽ, ട്രംപ് ഉൾപ്പെടുന്ന ഒരു ത്രികക്ഷി ഉച്ചകോടിക്കും സാധ്യതയുണ്ടെന്ന് സെലന്‍സ്കി വ്യക്തമാക്കി.
യുക്രെയ്‌നിനുള്ള സുരക്ഷാ ഗ്യാരന്റികളുടെ പാക്കേജ് ഈ ആഴ്ച അന്തിമമാക്കുമെന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ട്. ഏകദേശം 10 രാജ്യങ്ങളിൽ നിന്നുള്ള സംഘങ്ങൾക്കൊപ്പം ബ്രിട്ടീഷ്, ഫ്രഞ്ച് സൈനികരെയും യുക്രെയ്‌നിലേക്ക് അയയ്ക്കുന്നതിനെക്കുറിച്ച് യൂറോപ്യൻ ഉദ്യോഗസ്ഥർ ചർച്ച ചെയ്തതായി റിപ്പോർട്ടുണ്ട്. എന്നാല്‍, ഈ സുരക്ഷാ നിർദേശങ്ങൾ റഷ്യ നിരസിച്ചു. യുക്രെയ്‌നിന് സുരക്ഷാ ഗ്യാരന്റി നൽകുന്നതിൽ റഷ്യയും പങ്കാളിയായിരിക്കണമെന്നാണ് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് പ്രതികരിച്ചത്.