ന്യൂയോർക്ക്: ഇസ്രയേൽ പ്രസിഡൻ്റ് ബെഞ്ചമിൻ നെതന്യാഹുവിന് നേരെ ഭീഷണിയുയർത്തി ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാർഥി സൊഹ്‌റാൻ മംദാനി. താൻ തെരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മംദാനി പറഞ്ഞു. ബെഞ്ചമിൻ നെതന്യാഹു ന്യൂയോർക്ക് നഗരത്തിൽ കാലെടുത്തുവെയ്ക്കുന്ന നിമിഷം അറസ്റ്റ് ചെയ്യാൻ ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്‌മെന്റിനോട് നിർദേശിക്കുമെന്നാണ് സൊഹ്‌റാൻ മംദാനിയുടെ പ്രസ്താവന.
ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിലാണ് സൊഹ്‌റാൻ മംദാനി ഇക്കാര്യം പറഞ്ഞത്. താൻ നിറവേറ്റാൻ ഉദ്ദേശിക്കുന്ന ഒന്നാണെന്ന് പറഞ്ഞായിരുന്നു മംദാനിയുടെ പ്രസ്താവന. അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ (ഐസിസി) അധികാരം അമേരിക്ക അംഗീകരിക്കുന്നില്ല. എന്നാൽ കോടതി പുറപ്പെടുവിച്ച വാറണ്ട് പാലിക്കുമെന്നും വിമാനത്താവളത്തിൽ വെച്ച് തന്നെ ബെഞ്ചമിൻ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നും സൊഹ്‌റാൻ മംദാനി പറഞ്ഞു.
ജൂതന്മാർ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ സ്ഥലമാണ് ന്യൂയോർക്ക്. നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാനൊരുങ്ങുകയാണെങ്കിൽ, മംദാനിക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരും. പലസ്തീൻ പ്രതിരോധത്തിന് അന്താരാഷ്ട്ര ഐക്യദാർഢ്യം ആവശ്യപ്പെടുന്ന സയണിസ്റ്റ് വിരുദ്ധ മുദ്രാവാക്യത്തെ അപലപിക്കാൻ സൊഹ്‌റാൻ മംദാനി വിസമ്മതിച്ചതും വലിയ വാർത്തയായിരുന്നു.
നേരത്തെയും നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന പ്രസ്താവനയുമായി സൊഹ്റാൻ മംദാനി രംഗത്തെത്തിയിരുന്നു. എന്നാൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അന്ന് സൊഹ്റാൻ മംദാനിക്ക് പരസ്യമായ താക്കീത് നൽകുകകയും ചെയ്തു.
ഇന്ത്യൻ വംശജനായ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് പാർട്ടിക്കാരനാണ് ന്യൂയോർക്ക് മേയർ കൂടിയായ സൊഹ്റാൻ മംദാനി. "നവംബറിൽ ന്യൂയോർക്കിലെ മേയർ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ മംദാനിയെ വിജയിപ്പിച്ചേക്കാം, അങ്ങനെയെങ്കിൽ വൈറ്റ് ഹൗസിൽ നിന്ന് ഫണ്ട് ലഭിക്കാൻ അദ്ദേഹം നല്ല രീതിയിൽ പെരുമാറേണ്ടിവരുമെന്ന് ട്രംപ് പറഞ്ഞു.