മോസ്കോ: യുഎസ് സൈനിക വിമാനം റഷ്യയിൽ ലാൻഡ് ചെയ്തതായി റിപ്പോർട്ട്. മോസ്കോയിലെ വ്നുക്കോവോ വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയെന്നുള്ള വിവരങ്ങൾ ആണ് പുറത്തുവരുന്നത്. യുഎസ് രജിസ്ട്രേഷൻ നമ്പറുള്ള സി-17 ഗ്ലോബ്മാസ്റ്റർ വിമാനമാണ് ചൊവ്വാഴ്ച മോസ്കോയിലെത്തിയത്. എന്നാൽ വിമാനത്തിന്റെ വരവിനെക്കുറിച്ച് വിവരമൊന്നുമില്ലെന്ന് റഷ്യൻ പ്രസിഡന്റിന്റെ വസതിയായ ക്രെംലിൻ വ്യക്തമാക്കുന്നത്.
സൈനികർ, ആയുധങ്ങൾ, മറ്റ് യുദ്ധോപകരണങ്ങൾ എന്നിവ ദീർഘദൂരം സഞ്ചരിച്ച് എത്തിക്കാൻ യുഎസ് വ്യോമസേന പ്രധാനമായും ഉപയോഗിക്കുന്ന ഭീമൻ സൈനിക വിമാനമാണിത്. ഈ അസാധാരണ പറക്കലിന്റെ ഉദ്ദേശ്യം എന്താണെന്ന് ഇതുവരെ വ്യക്തമല്ല. വിമാനത്തിൽ എന്താണെന്നോ ആരാണെന്നോ ഇപ്പോഴും രഹസ്യമായി തുടരുകയാണ്.
ലാത്വിയൻ തലസ്ഥാനമായ റിഗയിൽ നിന്നാണ് വിമാനം മോസ്കോയിലേക്ക് പറന്നതെന്ന് ഫ്ലൈറ്റ്റഡാർ24 ഡാറ്റ വ്യക്തമാക്കുന്നു. ആഗസ്ത് 23ന് യുഎസിലെ വാഷിങ്ടണിന് സമീപമുള്ള ക്യാംപ് സ്പ്രിങ്സ് വ്യോമതാവളത്തിൽ നിന്നാണ് വിമാനം റിഗയിലെത്തിയത്. അതിന് മുമ്പ് മേരിലാൻഡിലെ യുഎസ് വ്യോമസേനയുടെ ജോയിന്റ് ബേസ് ആൻഡ്രൂസിൽ നിന്നാണ് വിമാനം പുറപ്പെട്ടത്. യുഎസ് പ്രസിഡന്റും മുതിർന്ന ഉദ്യോഗസ്ഥരും ഔദ്യോഗിക യാത്രകൾക്കായി ഉപയോഗിക്കുന്ന പ്രധാന സൈനിക കേന്ദ്രങ്ങളിലൊന്നാണിത്.