NEWSROOM

ലോകത്തിലെ ഏറ്റവും കൂടുതൽ കാലം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാരനെ വെറുതെവിട്ടു

1968-ൽ തൻ്റെ ബോസിനെയും ഭാര്യയെയും അവരുടെ രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയെന്ന് ആരോപിച്ചാണ് ശിക്ഷ വിധിച്ചത്

Author : ന്യൂസ് ഡെസ്ക്

ലോകത്തിലെ ഏറ്റവും കൂടുതൽ കാലം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാരനായ 88-കാരനെ ജപ്പാനീസ് കോടതി വെറുതെ വിട്ടു. ഇയാൾക്കെതിരെയുള്ള തെളിവുകൾ കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇവോ ഹകമാഡയെ വെറുതെ വിട്ടത്. 1968-ൽ തൻ്റെ ബോസിനെയും ഭാര്യയെയും അവരുടെ രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയെന്ന് ആരോപിച്ചാണ് ശിക്ഷ വിധിച്ചത്.

46 വർഷമായി ജയിലിൽ കഴിയുകയായിരുന്ന ഹകമാഡയുടെ മാനസികാരോഗ്യം ദയനീയമായിരുന്നുവെന്നാണ് റിപ്പോർട്ട്. ഹകമാഡയുടെ കേസ് ജപ്പാനിൽ ഏറ്റവും ജനശ്രദ്ധയാകർഷിച്ച വിഷയമായി മാറിയിരുന്നു. കേസിൻ്റെ വിധി കേൾക്കാൻ 500 ഓളം പേർ കോടതി മുറിയിൽ എത്തിച്ചേർന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. മാനസികനില വഷളായ ഇദ്ദേഹം സഹോദരി ഹിഡെക്കോയുടെ സംരക്ഷണത്തിലാണ് കഴിഞ്ഞിരുന്നത്. കോടതിയിൽ കുറ്റവാളിയല്ല എന്ന വാക്ക് കേൾക്കുന്നത് മധുരമാണെന്ന് സഹോദരി പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ALSO READ: ആചാരമെന്ന പേരിൽ പൊലീസ് സ്റ്റേഷൻ കഴുകി വൃത്തിയാക്കി, തെളിവുകൾ നശിപ്പിച്ചു; ഒഡീഷ കസ്റ്റഡി പീഡനക്കേസിൽ ക്രൈംബ്രാഞ്ചിന് പരാതി നൽകി യുവതി


മുൻ പ്രൊഫഷണൽ ബോക്‌സറായ ഹകമാഡ 1966-ൽ ഒരു മിസോ പ്രോസസിംഗ് പ്ലാൻ്റിൽ ജോലി ചെയ്യുകയായിരുന്നു. ഇവിടുത്തെ തൊഴിലുടമയുടെ കുടുംബം താമസിച്ചിരുന്ന വീടിന് തീവെക്കുകയും വീട്ടുകാരെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തിരുന്നു. മോഷണമാണ് ഇതിനു പിന്നിലെ ലക്ഷ്യമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഈ കുറ്റം ഹകമാഡയ്ക്കു മേൽ ആരോപിക്കുകയും നിർബന്ധിച്ച് കുറ്റം സമ്മതിപ്പിക്കുകയും ചെയ്തു. ഇതോടെ ഹകമാഡയെ വധശിക്ഷയ്ക്ക് വിധിച്ചു.

തൊഴിലുടമയുടെ വീട്ടിലെ ടാങ്കിൽ നിന്ന് രക്തക്കറ പുരണ്ട വസ്ത്രങ്ങൾ കണ്ടെത്തുകയും ഇതിൽ ഹകമാഡയുമായി ബന്ധപ്പെടുന്ന തെളിവുകൾ ഉണ്ടെന്നും പൊലീസ് വാദിച്ചു. എന്നാൽ ഹകമാഡയുടെ ഡിഎൻഎയുമായി ഇത് പൊരുത്തപ്പെടുന്നില്ലെന്ന് ഇയാളുടെ അഭിഭാഷകൻ വാദിച്ചു. പൊലീസ് കൃത്രിമ തെളിവുകൾ ഉണ്ടാക്കിയെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു. തുടർന്ന് ഹകമാഡ ജയിൽ മോചിതനാകുകയും പുനരന്വേഷണം അനുവദിക്കുകയും ചെയ്തു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാർക്ക് വേണ്ടിയുള്ള പുനരന്വേഷണം ജപ്പാനിൽ അപൂർവമായ സംഭവമാണ്. ജപ്പാൻ്റെ യുദ്ധാനന്തര ചരിത്രത്തിൽ ഹകമാഡയുടേത് അഞ്ചാമത്തെ  പുനരന്വേഷണമാണ്.

SCROLL FOR NEXT