യാക്കോബായ ഓർത്തഡോക്സ് പളളിത്തർക്കത്തിൽ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാത്ത സംസ്ഥാന സർക്കാരിനെതിരെ ഹൈക്കോടതി. പളളികൾ ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന നിർദേശത്തിൽ സർക്കാർ നടപടികൾ വെറും പ്രഹസനമായിപ്പോയെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കുറ്റപ്പെടുത്തി.
തർക്കമുള്ള പളളികൾ ഏറ്റെടുക്കാൻ മുതിർന്നാൽ ക്രമസമാധന പ്രശ്നമുണ്ടാകുമെന്ന സർക്കാർ വാദം പരിഗണിക്കാനാകില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. നാളെ സെക്രട്ടേറിയറ്റ് വളഞ്ഞാലും ഇതായിരിക്കുമോ നിലപാടെന്നും കോടതി ചോദിച്ചു. ഭരണഘടനാ സംവിധാനം തകർന്നുവെന്ന് കരുതേണ്ടിവരും. ഉത്തരവ് നടപ്പാക്കാൻ തടസം നിന്നാൽ കോടതിയലക്ഷ്യ നടപടികൾ നേരിടേണ്ടിവരുമെന്നും യാക്കോബായ വിഭാഗത്തിന് കോടതി മുന്നറിയിപ്പ് നൽകി.
പളളിത്തർക്കക്കേസിൽ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഓർത്തഡോക്സ് വിഭാഗം നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഹർജി ജൂലൈ എട്ടിന് വീണ്ടും പരിഗണിക്കും. എറണാകുളം ജില്ലയിലെ മഴുവന്നൂർ, ഓടക്കാലി അടക്കമുളള പളളികളിൽ ഉത്തരവ് നടപ്പാക്കാൻ പൊലീസ് എത്തിയെങ്കിലും യാക്കോബായ വിഭാഗത്തിന്‍റെ പ്രതിഷേധത്തെത്തുടർന്ന് പൊലീസ് പിൻമാറുകയായിരുന്നു.