NEWSROOM

കണ്ണൂരില്‍ ബിജെപി പ്രവർത്തകന്‍റെ വീടിന് മുന്നില്‍ റീത്ത്; സംഭവം അർജുന്‍ ആയങ്കി ജയിലില്‍ നിന്നിറങ്ങിയതിന് പിന്നാലെ

ബിജെപി പ്രവർത്തകരായ നിതിന്‍, നിഖില്‍ എന്നിവരെ അക്രമിച്ച കേസിൽ അർജുൻ ആയങ്കി ഉൾപ്പെടെയുള്ള എട്ട് പ്രതികൾക്ക് കോടതി അഞ്ചുവർഷം തടവ് വിധിച്ചിരുന്നു

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ അഴീക്കോട് ബിജെപി പ്രവർത്തകന്‍റെ വീട്ടിൽ റീത്ത്. അഴീക്കോട് സ്വദേശി നിതിന്‍റെ വീട്ടിലാണ് റീത്ത് വെച്ചത്. സംഭവത്തിന്‍റെ പിന്നില്‍ ആരാണെന്ന് വ്യക്തമായ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

ബിജെപി പ്രവർത്തകരായ നിതിന്‍, നിഖില്‍ എന്നിവരെ അക്രമിച്ച കേസിൽ അർജുൻ ആയങ്കി ഉൾപ്പെടെയുള്ള എട്ട് പ്രതികൾക്ക് കോടതി അഞ്ചുവർഷം തടവ് വിധിച്ചിരുന്നു. രണ്ട് ദിവസം മുൻപാണ് ശിക്ഷ വിധിച്ച് പ്രതികളെ ജയിലിലേക്ക് അയച്ചത്. ജയിലിൽ നിന്ന് ഇറങ്ങിയതായി അർജുൻ ആയങ്കി ഇന്നലെ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു.  ഇതിന് പിന്നാലെയാണ് നിതിന്‍റെ വീട്ടില്‍ റീത്ത് വെച്ച സംഭവം.


ബിജെപി പ്രവർത്തകരെ ആക്രമിച്ച കേസില്‍ അർജുനടക്കം എട്ട് സിപിഎം പ്രവർത്തകരെയാണ് കോടതി ശിക്ഷിച്ചത്. 2017ല്‍ അഴീക്കോട് വെള്ളക്കലിലാണ് ആക്രമണം നടന്നത്. പ്രതികള്‍ക്ക് 25,000 രൂപ പിഴയും കോടതി വിധിച്ചിരുന്നു. സജിത്ത്, ജോബ് ജോണ്‍സണ്‍, സുജിത്ത്, ലജിത്ത്, സുമിത്ത്, ശരത്, സായൂജ് എന്നിവരാണ് മറ്റ് പ്രതികള്‍. കേസിലെ അഞ്ചാം പ്രതിയാണ് അർജുന്‍ ആയങ്കി.

SCROLL FOR NEXT