NEWSROOM

ഗുസ്തി ഫെഡറേഷന്‍ ഓഫീസ് വീണ്ടും ബ്രിജ് ഭൂഷന്റെ ഔദ്യോഗിക വസതിയിലേക്ക് മാറ്റി

ഗുസ്തി താരങ്ങള്‍ ലൈംഗികാതിക്രമ ആരോപണമുന്നയിച്ചതിന് പിന്നാലെ കായിക മന്ത്രാലയം ഇടെപട്ട് ഓഫീസ് കെട്ടിടം ബ്രിജ് ഭൂഷന്റെ വീട്ടില്‍ നിന്ന് മാറ്റിയിരുന്നു.

Author : ന്യൂസ് ഡെസ്ക്



പുതിയ നേതൃത്വം വന്നിട്ടും  ഗുസ്തി ഫെഡറേഷനിൽ ഇടപെട്ട് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്. ഗുസ്തി ഫെഡറേഷന്‍ ഓഫീസ് വീണ്ടും ബ്രിജ് ഭൂഷന്റെ ഔദ്യോഗിക വസതിയിലേക്ക് മാറ്റി. ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഗുസ്തി താരങ്ങളെ മോശമായ രീതിയില്‍ ബ്രിജ് ഭൂഷണ്‍ അശോക റോഡിലെ ഔദ്യോഗിക വസതിയില്‍ സ്പര്‍ശിച്ചുവെന്ന് ഡല്‍ഹി പൊലീസിന്റെ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഗുസ്തി താരങ്ങള്‍ ലൈംഗികാതിക്രമ ആരോപണമുന്നയിച്ചതിന് പിന്നാലെ കായിക മന്ത്രാലയം ഇടെപട്ട് ഓഫീസ് കെട്ടിടം ബ്രിജ് ഭൂഷന്റെ വീട്ടില്‍ നിന്ന് മാറ്റിയിരുന്നു.

അതേസമയം വെബ്‌സൈറ്റില്‍ ഫെഡറേഷന്‍ ഓഫീസിന്റെ വിലാസം ഇതുവരെ മാറ്റിയിട്ടില്ല. 101, ഹരിഹര്‍ നഗര്‍, ആശ്രമം ചൗക്ക്, ന്യൂഡല്‍ഹി-110014 എന്ന പഴയ വിലാസമാണ് സൈറ്റില്‍ കാണിക്കുന്നത്. എന്നാല്‍ ഈ വിലാസത്തില്‍ പഴയ വാടക്കാരില്ലെന്നാണ് ഉടമ വ്യക്തമാക്കിയത്.

അതേസമയം ഗുസ്തി ഫെഡറേഷന്‍ ട്രഷറര്‍ എസ്.പി. ദേശ്‌വാള്‍ പറയുന്നത് ഓഫീസ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത് ഹരിഹര്‍ നഗറില്‍ തന്നെയാണെന്നാണ്. അതേസമയം നിലവിലെ അധ്യക്ഷന്‍ സഞ്ജയ് സിങ്ങോ ബ്രിജ് ഭൂഷണോ പുതിയ ആരോപണത്തില്‍ പ്രതികരിച്ചിട്ടില്ല.

അഞ്ച് തവണ എംപിയും ഫെഡറേഷന്‍ മുന്‍ മേധാവിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക് തുടങ്ങിയ നിരവധി ഗുസ്തി താരങ്ങള്‍ രംഗത്തെത്തിയിരുന്നു. വലിയ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ഫെഡറേഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ മാറ്റി പുതിയ നേതൃത്വം വന്നത്.


SCROLL FOR NEXT