NEWSROOM

വയനാടിൻ്റെ 'കനവി'ന് വിട! കെ.ജെ ബേബിയെ യാത്രയയച്ച് ജന്മനാട്

എഴുത്തിലും ജീവിതത്തിലും വയനാടിന്റെ മനസ്സറിഞ്ഞ് ജീവിച്ച കനവ് ബേബി എന്ന  കെ.ജെ. ബേബി ഇനി തൃശ്ശിലേരി ശാന്തി കവാടത്തിൽ അന്തിയുറങ്ങും.

Author : ന്യൂസ് ഡെസ്ക്

എഴുത്തുകാരനും മനുഷ്യാവകാശ പ്രവർത്തകനുമായ കെ.ജെ ബേബിക്ക് വിട നൽകി ജന്മനാട്. എഴുത്തിലും ജീവിതത്തിലും വയനാടിന്റെ മനസ്സറിഞ്ഞ് ജീവിച്ച കനവ് ബേബി എന്ന  കെ.ജെ. ബേബി ഇനി തൃശ്ശിലേരി ശാന്തി കവാടത്തിൽ അന്തിയുറങ്ങും. 

ഗോത്ര വിദ്യാർഥികളുടെ ഉന്നമനം ലക്ഷ്യമിട്ട് തൊണ്ണൂറുകളിൽ കെ.ജെ. ബേബി തുടങ്ങിയ 'കനവ് വിദ്യാലയം' വയനാട്ടിൽ പുതിയ വിദ്യാഭ്യാസ വിപ്ലവത്തിന് തുടക്കം കുറിച്ചു. കേരള സാഹിത്യ അക്കാദമി അവാർഡ് ആദ്യമായി വയനാട്ടിലേക്ക് ചുരം കയറിയെത്തിയത് കെ.ജെ. ബേബിയുടെ മാവേലി മൻ‌റത്തിലൂടെയാണ്.

സാംസ്കാരിക വേദി പ്രവർത്തകനായിരുന്ന ബേബി അടിയന്തരാവസ്ഥക്കാലത്ത് തന്റെ ‘നാടുഗദ്ദിക’ എന്ന നാടകവുമായി കേരളമെമ്പാടും സഞ്ചരിച്ചിട്ടുണ്ട്. ആദിവാസി വിഭാഗങ്ങൾ അവർ അനുഭവിക്കുന്ന പ്രശ്നങ്ങളും ചൂഷണങ്ങളും നാടകത്തിലൂടെ തുറന്നു കാട്ടുന്നതായിരുന്നു ‘നാടുഗദ്ദിക’. ഇതിനെ തുടർന്ന് ബേബിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

നാടുഗദ്ദികയ്ക്കു പുറമേ ഗോത്രജീവിതം പശ്ചാത്തലമാക്കിയെഴുതിയ ‘മാവേലി മൻറം’, ബ്രിട്ടീഷ് ഭരണകാലത്തെ ഉദ്യോഗസ്ഥരിൽ മലയാളികളുടെ ജീവിതത്തിൽ ഏറെ സ്വാധീനിച്ച വില്യം ലോഗന്റെ മാനസികവ്യാപാരത്തിലൂടെയുള്ള തീർഥയാത്രയായ ‘ഗുഡ്ബൈ മലബാർ’, വയനാടൻ കുടിയേറ്റ ജീവിതത്തിന്റെ തീക്ഷ്ണമായ അനുഭവം പകരുന്ന ‘ബസ്പുർക്കാന’ എന്നിവ മറ്റു പ്രധാന കൃതികളാണ്. നാലു പതിറ്റാണ്ട് ഒന്നിച്ചു യാത്ര ചെയ്ത ബേബി കാപട്യമില്ലാത്ത എഴുത്തുകാരയിരുന്നു എന്ന് എഴുത്തുകാരനും നാടകകൃത്തുമായ സിവിക് ചന്ദ്രൻ ഓർമ്മിക്കുന്നു. ചലച്ചിത്ര നാടക സംവിധായകനായ എം.ജി. ശശി, നോവലിസ്റ്റും ചെറുകഥാകൃത്തുമായ ഷീല ടോമി തുടങ്ങി നിരവധി പേർ നടവയലിലും തൃശ്ശിലേരിയിലുമായി അന്ത്യോപചാരമർപ്പിക്കാനെത്തി.

SCROLL FOR NEXT