മലയാളം കണ്ട നിരവധി മികച്ച എഴുത്തുകാരെ സാഹിത്യത്തിലേക്ക് കൈപിടിച്ചു കയറ്റി എംടിയിലെ പത്രാധിപര്‍. സ്വയം ശാസനയാല്‍ മൂര്‍ച്ച വരുത്തിയ രചനാസൂക്ഷ്മത എംടിക്ക് എല്ലാ കാലത്തുമുണ്ടായിരുന്നു. അയച്ചുകിട്ടുന്ന നൂറുകണക്കിന് രചനകളെ വിലയിരുത്താന്‍ ആ വൈഭവം ഗുണമായി. എംടിയെന്ന എഴുത്തുകാരനോളം തിളക്കം എംടിയിലെ പത്രാധിപര്‍ക്കുമുണ്ട്.
ഒവി വിജയന്റെ ഖസാക്കിന്റെ ഇതിഹാസവും എംടിയുടെ കാലവും പ്രസിദ്ധീകരിക്കപ്പെടുന്നത് ഒരേ സമയത്താണ്. കാലം പ്രസിദ്ധീകരിക്കപ്പെട്ടത് കേരളശബ്ദം എന്ന വാരികയില്‍. ഖസാക്ക് മാതൃഭൂമി ആഴ്ചപ്പതിപ്പിലും. അന്ന് മാതൃഭൂമിയില്‍ പത്രാധിപരാണ് എംടി. ഇരു നോവലുകള്‍ക്കും കെ.പി. നിര്‍മല്‍ കുമാര്‍ എഴുതിയ നിരൂപണം മാതൃഭൂമി ആഴ്ചപതിപ്പില്‍ ഒരേ ലക്കത്തില്‍ പ്രസിദ്ധീകരിച്ചു. ഖസാക്കിനെക്കുറിച്ച് ഭംഗിയായി പറഞ്ഞ അദ്ദേഹം, കാലത്തെക്കുറിച്ചെഴുതിയത് - എന്തുകൊണ്ടാണ് നോവല്‍ തന്നെ അസ്വസ്ഥപ്പെടുത്താതെ പോയത് എന്ന വിമര്‍ശനാത്മക കുറിപ്പാണ്. ഈ ഉദാഹരണം മതി എംടി എന്ന പത്രാധിപരുടെ വലിപ്പം കാണാന്‍.
ലിറ്റററി ജേണലിസം എന്ന വാക്ക് വലിയ പ്രചാരത്തിലില്ലാത്ത അറുപതുകളിലാണ് മുന്‍ഗാമിയായ എന്‍.വി. കൃഷ്ണവാരിയരുടെ വഴിയേ എംടി ആ രംഗത്തെത്തുന്നത്. മലയാള സാഹിത്യത്തില്‍ പിന്നീട് പ്രശസ്തരായ ഒരുപാടുപേരെ കണ്ടെടുത്ത് വളര്‍ത്തിയത് എംടിയിലെ പത്രാധിപരായിരുന്നു. സാഹിത്യരംഗത്തുള്ളവരെ അതേ രംഗത്തിന്റെ പത്രാധിപരായി പാശ്ചാത്യമാധ്യമങ്ങള്‍ നിയമിക്കാതിരുന്ന കാലത്താണ് എംടി മാതൃഭൂമില്‍ ആ പദവിയിലിരിക്കുന്നത്. പയറ്റിത്തെളിഞ്ഞ അനുഭവ സമ്പത്തുമായി എഡിറ്റര്‍ പദവിലെത്തിയ എംടിക്ക് സാഹിത്യ സൃഷ്ടി വിലയിരുത്തി പ്രസിദ്ധീകരിക്കാനുമായി.
കയ്യെഴുത്ത് പ്രതികള്‍ വായിച്ചാണ് എംടിയുടെ സാഹിത്യ പത്രപ്രവര്‍ത്തനം തുടങ്ങുന്നത്. 56 ല്‍ എന്‍വി കൃഷ്ണവാര്യരുടെ കീഴില്‍ സഹപത്രാധിപര്‍, അറുപത്തിയെട്ടാകുമ്പോള്‍ പത്രാധിപ സ്ഥാനത്ത്. ഓരോ ഘട്ടത്തിലും പുതിയ എഴുത്തുകാരെ കണ്ടെടുക്കാന്‍ മത്സരങ്ങളും പ്രവര്‍ത്തനങ്ങളും നടത്തി.
ഓണം - വിഷു പതിപ്പിനും വാര്‍ഷിക പതിപ്പിനും പുറമെ വ്യക്തികളുടെ നേട്ടത്തിനും നിര്യാണത്തിനുമൊപ്പം പ്രത്യേക പതിപ്പുകളിറക്കി. വിവര്‍ത്തന സാഹിത്യത്തിന് ഊന്നല്‍, ചിത്രകാരന്മാര്‍ക്ക് നല്‍കിയ സ്വാതന്ത്ര്യം, സിനിമയ്ക്കും സ്‌പോര്‍ട്‌സിനും നാടകത്തിനും സംഗീതത്തിനും ആരോഗ്യത്തിനുമെല്ലാം പ്രാധാന്യം കല്പിച്ച് സ്ഥാനം നല്‍കി. എംടി കാലം അക്ഷരാര്‍ഥത്തില്‍ സാഹിത്യത്തിന് സുവര്‍ണ്ണ കാലമാണ്.
പുതിയ എഴുത്തുകാരെ കണ്ടെത്തി. നവീനമായ ചിന്തകള്‍ക്കും എഴുത്ത് ശൈലികള്‍ക്കും രൂപം നല്‍കാന്‍ തലമുറകളെ പ്രാപ്തരാക്കി. എംടി മാതൃഭൂമിക്കാലം എന്ന കൃതിയില്‍ എം. ജയരാജ്. ജി.എന്‍ പിള്ളയെ ഉദ്ധരിച്ചുകൊണ്ട് പറയുന്നുണ്ട്... ഭാരതപ്പുഴയ്ക്ക് തെക്കും സാഹിത്യമുണ്ടെന്ന് അംഗീകരിച്ച ആദ്യത്തെ പത്രാധിപരാണ് എംടിയെന്ന്.. മലയാള സാഹിത്യത്തിലെ ഹൃദയപക്ഷത്തിന്റെ അക്ഷരമുദ്ര.. എം ടിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം.