NEWSROOM

"രേഖാമൂലം പരാതി വേണമെന്നില്ല"; സജി ചെറിയാന്‍റെ പ്രസ്താവന തള്ളി വനിതാ കമ്മീഷൻ അധ്യക്ഷ

ബംഗാളി നടിക്ക് നേരെ ലൈംഗിക അതിക്രമം നടന്ന വിഷയത്തില്‍ നിജസ്ഥിതി തെളിഞ്ഞാൽ എത്ര ഉന്നതനായാലും പുറത്താക്കണം. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അവരെ നിയമത്തിനു മുന്നിലെത്തിക്കുമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

മന്ത്രി സജി ചെറിയാന്‍റെ പ്രസ്താവന തള്ളി വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. വിവരം കിട്ടിയാൽ കേസെടുക്കാമെന്നും രേഖാമൂലം പരാതി വേണമെന്നില്ലെന്നും സതീദേവി പറഞ്ഞു.
ബംഗാളി നടിക്ക് നേരെ ലൈംഗിക അതിക്രമം നടന്ന വിഷയത്തില്‍ നിജസ്ഥിതി തെളിഞ്ഞാൽ എത്ര ഉന്നതനായാലും പുറത്താക്കണം. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അവരെ നിയമത്തിനു മുന്നിലെത്തിക്കുമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു. ആരോപണത്തില്‍ രഞ്ജിത്ത് മറുപടി പറഞ്ഞിട്ടുണ്ട്. അന്വേഷണം നടത്തില്ല എന്ന് ആരും പറഞ്ഞിട്ടില്ലെന്നും സതീദേവി കൂട്ടിച്ചേർത്തു.

അതേസമയം, രഞ്ജിത്തിനെതിരെ വിമർശനങ്ങള്‍ രൂക്ഷമാവുകയാണ്. ഈ സാഹചര്യത്തില്‍ ആദ്യം രഞ്ജിത്തിന് പിന്തുണ നല്‍കിയ മന്ത്രി സജി ചെറിയാന്‍ നിലപാടില്‍ നിന്നും പിന്നോട്ട് പോയി. തെറ്റ് ആര് ചെയ്താലും സംരക്ഷിക്കില്ലെന്നും ആരോപണം തെളിഞ്ഞാൽ നടപടി ഉറപ്പെന്നുമാണ് മന്ത്രിയുടെ പോസ്റ്റ്.


സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും രഞ്ജിത്തിനെതിരെ രംഗത്ത് വന്നു. സിനിമ അടക്കം എല്ലാ മേഖലയിലുമുള്ള സ്ത്രീകളുടെ സുരക്ഷിതത്വത്തെ പറ്റി കമ്മ്യുണിസ്റ്റ് പാർട്ടിക്ക് വ്യക്തമായ നിലപാടുണ്ടെന്നും, അത് സ്ത്രീപക്ഷത്ത് ആണെന്നും സിപിഐ നേതാവ് ബിനോയ് വിശ്വം പറഞ്ഞു. ആരോപണവുമായി എത്തിയ സ്ത്രീയുടെ രാഷ്ട്രീയം രണ്ടാമത്തെ ഘടകമാണ്. അത് പാർട്ടിയായാലും സ്ത്രീ സ്ത്രീയാണ്. അവർക്ക് ലഭിക്കേണ്ട അന്തസും മാന്യതയും ലഭിച്ചേ മതിയാകു. പാർട്ടി നോക്കി സിപിഐ നിലപാട് സ്വീകരിക്കാറില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. സജി ചെറിയാന്റെ ആദ്യ നിലപാട് മാറിയതിനു കാരണം അദ്ദേഹത്തിന്റെ ഇടതുപക്ഷ രാഷ്ട്രീയമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.


SCROLL FOR NEXT